ADVERTISEMENT

മനുഷ്യനേക്കാളേറെ കാലം ഭൂമിയ അടക്കിവാണിരുന്ന ജീവികള്‍ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും മനുഷ്യന്‍ ഉണ്ടാക്കിയതു പോലെയുള്ള പാരിസ്ഥിതികാഘാതം ഏല്‍പ്പിച്ചിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ശാസ്ത്രപുരോഗതി അടക്കം നാം അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളും ആവാസവ്യവസ്ഥയ്ക്ക് കാര്യമായ തകരാറുണ്ടാക്കുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു. പുതിയ സ്മാര്‍ട് ഫോണിന്റെ ആകര്‍ഷണവലയത്തില്‍ പെടുന്നയാള്‍ ഒരിക്കലും കുമിഞ്ഞുകൂടുന്ന ഇലക്ട്രോണിക് മാലിന്യങ്ങളെ പറ്റി ചിന്തിക്കാറേയില്ല. ഇനി, അങ്ങനെ ചെറിയ ബോധ്യമുള്ളയാളാണെങ്കില്‍ കൂടി, ഇതൊരാള്‍ ചിന്തിച്ചാല്‍ മതിയോ എന്ന ചോദ്യമായിരിക്കും. വരും നാളുകള്‍ അത്രമേല്‍ സൂക്ഷിച്ചു പെരുമാറിയില്ലെങ്കില്‍ ജൈവവ്യവസ്ഥയ്ക്ക് തിരിച്ചു വരാനാകാത്ത തരത്തിലുള്ള ആഘാതങ്ങളേല്‍പ്പിച്ചുവെന്നു വരാം. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ഥ്യമാണെന്നു മനസിലായി വരികയാണല്ലോ.

കാര്‍ബണ്‍ ഓഫ്‌സെറ്റിങ്

പരമാവധി മേഖലകളില്‍ പാരിസ്ഥിതികാഘാതം കുറയ്ക്കുകയോ, ആഘാതമുണ്ടാക്കുന്നുണ്ടെങ്കില്‍ എന്തെങ്കിലും പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുക എന്നൊരു തീരുമാനമാണ് ഉത്തരവാദിത്വമുളള വിശ്വപൗരന്മാര്‍ സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു തീരുമാനത്തിന്റെ ഭാഗമാണ് കാര്‍ബണ്‍ ഓഫ്‌സെറ്റിങ്. ഭൂമിയിലെ ഗ്രീന്‍ഹൗസ് ഗ്യാസ് പുറംതള്ളലിന്റെ രണ്ടു ശതമാനവും ഉണ്ടാക്കുന്നത് വിമാനം പറപ്പിക്കലില്‍ നിന്നാണ്. വിമാനയാത്രക്കാര്‍ക്ക് തങ്ങളുടെ പറക്കല്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തിന് നഷ്ടപരിഹാരം നല്‍കാന്‍ അനുവദിക്കുന്ന ഒരു പദ്ധതിയാണ് കാര്‍ബണ്‍ ഓഫ്‌സെറ്റിങ്. വിമാന ടിക്കറ്റിനൊപ്പം അല്‍പം പൈസ പാരസ്ഥിതിക പദ്ധതികള്‍ക്കായി നല്‍കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. മരത്തൈകള്‍ നടുക, സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കപ്പെടുക. ഇതിലൂടെ പറക്കലിന് ആനുപാതികമായ അളവ് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ നിന്നു കുറയ്ക്കാനാകുമെന്നാണ് പറയുന്നത്.

ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് കാര്‍ബണ്‍ ഓഫ്‌സെറ്റിങ് ഉള്ള വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റുകള്‍ ഉപയോഗിക്കുകയോ, ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വതന്ത്ര കമ്പനികള്‍ക്കു പൈസ നല്‍കുകയോ ചെയ്യാം. ഇത്തരം കമ്പനികള്‍ വാങ്ങുന്ന പൈസയ്ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ലണ്ടനില്‍ നിന്ന് കെയ്പ് ടൗണ്‍ വരെയുള്ള യാത്രയ്ക്ക് ക്ലൈമറ്റ്‌കെയര്‍ (ClimateCare) കമ്പമ്പനി ഈടാക്കുന്നത് 20 പൗണ്ടാണ്. ഈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്ന ഒരാള്‍ സൃഷ്ടിക്കുന്ന ശരാശരി മലിനീകരണം കണക്കാക്കിയിട്ടുണ്ട്. ഒരു ഇടത്തരം കുടുംബം ഒരു വര്‍ഷം മുഴുവന്‍ ഭക്ഷണം പാകം ചെയ്യലടക്കമുള്ള ചൂടാക്കല്‍ പ്രവര്‍ത്തികള്‍ മൂലം ഉപയോഗിക്കുന്നയത്ര.

എന്നാല്‍, ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ കാര്‍ബണ്‍ ഓഫ്‌സെറ്റിങിനെ നിശിതായി വിമര്‍ശിക്കുന്നുമുണ്ട്. അവര്‍ പറയുന്നത് പൈസ വാങ്ങി മലിനീകരണം തുടരാനുള്ള ശ്രമമാണിതെന്നാണ് അവരുടെ വാദം. ഇതിലൂടെ മലിനീകരണത്തിന്റെ അളവ് ഒരു മാത്ര പോലും കുറയുന്നില്ല എന്നാണവര്‍ പറയുന്നത.് എന്നാല്‍, അതേ ശക്തിയോടെ തന്നെയാണ് കാര്‍ബണ്‍ ഓഫ്‌സെറ്റിങ് വേണമെന്നുള്ളവരും വാദിക്കുന്നത്. ആളുകളുടെ വിമാന യാത്ര ഒഴിവാക്കാനാവില്ല. നിലവിലുള്ള സാങ്കേതികവിദ്യയ്ക്ക് ഇതേ സാധ്യമാകൂ. അപ്പോള്‍ ഇത്രയെങ്കിലും ചെയ്യാനായില്ലെങ്കില്‍ എങ്ങനെയാണ് എന്നാണ് അവരുടെ വാദം.

ചില വിമാനക്കമ്പനികള്‍

ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ബണ്‍ ഓഫ്‌സെറ്റിങ്ങില്‍ പങ്കാളിയല്ല. അവര്‍ പറയുന്നത് മറ്റു പല കമ്പനികളെയും പോലെയല്ലാതെ, തങ്ങള്‍ ഇന്ധന കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള അർഥവത്തായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇതിലൂടെ കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചിരിക്കുന്നു എന്നുമാണ്. ഇതിനായി പുതിയ ഇന്ധനക്ഷമത കൂടിയ വിമാനങ്ങള്‍ വാങ്ങുന്നു എന്നാണ്.

ബ്രിട്ടിഷ് എയര്‍വെയ്‌സില്‍ കാര്‍ബണ്‍ ഓഫ്‌സെറ്റിങ് ഫീ ഇല്ല. എന്നാല്‍, യാത്രക്കാര്‍ക്ക് കാര്‍ബണ്‍ റിഡക്ഷന്‍ കമ്യൂണിറ്റി പ്രൊജക്ടുകള്‍ക്ക് പൈസ നല്‍കാന്‍ സാധിക്കും. ലുഫ്താന്‍സ കാര്‍ബണ്‍ ഓഫ്‌സെറ്റിങ് സ്‌കീം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഇതുവരെ ഒരു ശതമാനം യാത്രക്കാര്‍ മാത്രമെ ഉപയോഗിച്ചിട്ടുള്ളു. ഇനി ഇത് ബുക്കിങ് സമയത്ത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തമായി കാണത്തക്ക രീതിയില്‍ വയ്ക്കുമെന്ന് അവര്‍ അറിയിച്ചു.

റയ്ന്‍എയറിന് കാര്‍ബണ്‍ ഓഫ്‌സെറ്റിങ് ഉണ്ട്. എന്നാല്‍, എത്രയാളുകള്‍ ഇത് ഉപയോഗിക്കുന്നുവെന്ന കണക്കുകള്‍ പുറത്തുവിടാന്‍ അവര്‍ വിസമ്മതിച്ചു. എമിറേറ്റ്‌സിന് സ്‌കീം ഇപ്പോള്‍ ഇല്ല. എന്നാല്‍, 2021 മുതല്‍ രാജ്യാന്തര കാര്‍ബണ്‍ ഓഫ്‌സെറ്റ് സ്‌കീമിന്റെ ഭാഗമാകും. ക്വന്റാസിന് സ്‌കീം ഉണ്ടെന്നു മാത്രമല്ല അവരുടെ 10 ശതമാനം യാത്രക്കാര്‍ ഇത് ഉപയോഗിക്കുന്നുമുണ്ട്.

ഓരോ വര്‍ഷവും വിമാന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഏകദേശം 400 കോടി യാത്രക്കാരാണ് ഇപ്പോള്‍ പ്രതിവര്‍ഷം വിമാനയാത്ര ചെയ്യുന്നത്. ഇനി എല്ലാ വിമാന കമ്പനികളും തങ്ങളുടെ കാര്‍ബണ്‍ പുറംതള്ളലിന്റെ അളവ് ഒരോ വര്‍ഷവും അറിയിക്കണം. 2050ല്‍ കാര്‍ബണ്‍ പ്രശ്‌നം ഇപ്പോഴത്തേതിന്റെ പകുതിയാക്കി കുറയ്ക്കാനാണ് ശ്രമം. ഐക്യരാഷ്ട്ര സംഘടനയാണ് ഇതിന് മുന്‍കൈ എടുത്തിരിക്കുന്നത്. ഉപയോക്താക്കളുടെ അവബോധമാണ് ഏറ്റവും പ്രധാനമെന്ന് പഠനങ്ങള്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com