sections
MORE

ചന്ദ്രന്റെ നിർണായക തെളിവുകളുമായി ചൈനയുടെ ചാങ് ഇ4

moon_mantle
SHARE

ചന്ദ്രൻ എങ്ങനെ ഉണ്ടായി ? ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കു ചൈനയുടെ ചാന്ദ്രദൗത്യം ചാങ് ഇ4 ഒരു പടി കൂടി അടുത്തിരിക്കുന്നു;. അഥവാ ശാസ്ത്രലോകത്തെ ഒരു പടി കൂടി അടുപ്പിച്ചിരിക്കുന്നു. 

ചന്ദ്രന്റെ വിദൂര വശത്ത് (ഫാർ സൈഡ്) സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന ആദ്യ ദൗത്യം എന്ന നിലയിൽ ചാന്ദ്രദൗത്യങ്ങളുടെ കൂട്ടത്തിൽ വിപ്ലവം സൃഷ്ടിച്ച ചാങ് ഇ4 ഏറ്റവും പുതിയ കണ്ടുപിടിത്തത്തിലൂടെ ഗവേഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. 

ചന്ദ്രന്റെ ഉൽപത്തിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങളാണു ചാങ് ഇ4 നൽകിയത്. ഇത്രകാലം സിദ്ധാന്തങ്ങളായി മാത്രം നിലനിന്നവയ്ക്കു തെളിവുകൾ ലഭിച്ചെന്നതാണു പ്രധാന നേട്ടം. ചന്ദ്രന്റെ നിഗൂഢതകൾ തേടി ജനുവരി 3നു ചന്ദ്രനിലിറങ്ങിയ ചാങ് ഇ4 ദൗത്യവും അതിലെ ‘യുടു 2’ എന്ന റോവറും ഇനിയും അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു ഗവേഷകർ പറയുന്നു. 

ചന്ദ്രോപരിതലത്തിലെ ധാതുക്കൾ

ചാങ് ഇ4 പറന്നിറങ്ങിയതു ചന്ദ്രന്റെ വിദൂര വശത്തുള്ള ‘വോൻ കർമാൻ’ എന്ന 180 കിലോമീറ്റർ വിസ്തീർണമുള്ള ഗർത്തത്തിലാണ് (ക്രേറ്റർ). വോൻ കർമാൻ ഗർത്തം ദക്ഷിണധ്രുവ‌ത്തിലുള്ള ഗർത്തമേഖലയായ ഐട്കിൻ ബേസിന്റെ (എസ്പിഎ) ഭാഗമാണ്. ചന്ദ്രനിലെ ഏറ്റവും പ്രാചീനമായ ബേസിനാണിത്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഗർത്തമാണ് എസ്പിഎ.

‘യുടു 2’ റോവർ ഈ ഭാഗത്തു നടത്തിയ പര്യവേക്ഷണത്തിൽ ഒളിവിൻ (olivine), പൈറോക്സിൻ (pyroxene) എന്നീ ധാതുക്കൾ മണ്ണിലടങ്ങിയതായി കണ്ടെത്തി. എന്നാൽ,  മുൻപു നടത്തിയ ഗവേഷണങ്ങൾ പ്രകാരം ഇവ ചന്ദ്രന്റെ മാന്റിലിൽ (ഉപരിതലത്തിനും മധ്യഭാഗത്തിനും ഇടയിലുള്ള മധ്യകവചം) ഉണ്ടാകേണ്ട ധാതുക്കളാണ്. ഇവയെങ്ങനെ ചന്ദ്രോപരിതലത്തിലെ മണ്ണിൽ കണ്ടെത്തി എന്നന്വേഷിക്കുമ്പോഴാണു കൂടുതൽ രഹസ്യങ്ങളിലേക്കു വഴി തുറന്നത്.   

തെളിയുന്ന ‘ക്രേറ്റർ തിയറി’

സൗരയൂഥത്തിലെ മറ്റു വസ്തുക്കളെന്ന പോലെ ചന്ദ്രനും സ്വന്തം ഉൽപത്തിയെക്കുറിച്ചു നീണ്ട കഥ പറയാനുണ്ട്. ഉയർന്ന താപനില മൂലം ഉരുകിയ നിലയിലുള്ള പാറകളായിരുന്നു ചന്ദ്രനിൽ മുഴുവൻ. കാലക്രമേണ അതു തണുത്തുറഞ്ഞു. അതിനിടെ ഭാരം കൂടിയ വസ്തുക്കൾ താഴേക്കു പോവുകയും ഭാരം കുറഞ്ഞ വസ്തുക്കൾ ചന്ദ്രോപരിതലത്തിനു താഴെയായി മാന്റിൽ അഥവാ മധ്യകവചത്തിൽ അടിയുകയും ചെയ്തു. 

കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ഛിന്നഗ്രഹങ്ങളാണു മധ്യകവചത്തിലെ ഇത്തരം പാറകളെയും ധാതുക്കളെയും പുറത്തേക്കു തെറിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായാണു ചന്ദ്രിൽ ഗർത്തങ്ങളുണ്ടായതും. ചന്ദ്രനെക്കുറിച്ചുള്ള ഈ സിദ്ധാന്തമാണ് ‘മൂൺ‍ ക്രേറ്റർ തിയറി’ എന്ന് അറിയപ്പെട്ടിരുന്നത്. 

ഇപ്പോൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ ധാതുക്കൾ മാന്റിലിൽനിന്നു പുറത്തേക്കു വരാനുള്ള കാരണവും ഇതു തന്നെ. മൂൺ ക്രേറ്റർ തിയറി സത്യമാണെന്നു പുതിയ കണ്ടെത്തൽ തെളിയിക്കുന്നു. അതുവഴി ചന്ദ്രന്റെ ഉൽപത്തിയെക്കുറിച്ചു കൂടുതൽ തെളിമയാർന്ന ചിത്രവും വ്യക്തമാകുന്നു. 

ഇനിയെന്ത് ? 

‘‘ഇതുവരെ സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന രഹസ്യങ്ങൾ യാഥാർഥ്യമാണെന്നു ചാങ് ഇ4 തെളിയിച്ചു. ചന്ദ്രന്റെ ഉൽപത്തിയെക്കുറിച്ചുള്ള സംശയങ്ങൾക്കു പരിഹാരമാകുകയാണ്’’– ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ചീഫ് സയന്റിസ്റ്റ് ചുൻലായ് ലീ പറഞ്ഞു. 

ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളുടെയും മറ്റു ബഹിരാകാശ വസ്തുക്കളുടെയും ഉൽപത്തിയെക്കുറിച്ചുള്ള നിർണായക അറിവുകൾ ചന്ദ്രൻ നൽകിയേക്കാം. അടുത്ത ഘട്ടത്തിൽ ചാങ് ഇ4 ചന്ദ്രോപരിതലത്തിലെ പാറകൾ നിരീക്ഷിക്കും. മാന്റിലിന്റെ ഘടന പൂർണമായും മനസ്സിലാക്കുക എന്നതാണു ലക്ഷ്യം. ചാങ് പരമ്പരയിലെ അടുത്ത ദൗത്യങ്ങൾ വഴി ചരിത്രത്തിലാദ്യമായി ചന്ദ്രനിൽ നിന്നുള്ള പാറകൾ ഭൂമിയിലെത്തിക്കാനും ചൈനീസ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്.

moon
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA