ADVERTISEMENT

ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോങ് മാര്‍ച്ച് 4സി റോക്കറ്റും സാറ്റലൈറ്റുമാണ് ഭൂമിയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നത്. ഈ വര്‍ഷം ചൈനയുടെ രണ്ടാമത്തെ റോക്കറ്റാണ് തകര്‍ന്നുവീഴുന്നത്. നേരത്തെ മാര്‍ച്ചില്‍ ചൈനീസ് ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വണ്‍സ്‌പേസിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. 

 

വിക്ഷേപണത്തിന് മുൻപ് മേഖലയിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മുന്‍കരുതലുകളെടുത്തിരുന്നു. എന്നാല്‍ പതിവുപോലെ ഔദ്യോഗികമായി അറിയിപ്പൊന്നും ചൈന നടത്തിയിരുന്നില്ല. ഉത്തര ഷാന്‍സി പ്രവിശ്യയിലെ ടായുവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയര്‍ന്ന റോക്കറ്റ് മിനിറ്റുകള്‍ക്കകം തന്നെ നിശ്ചിത പാതയില്‍ നിന്നുമാറുകയും തകര്‍ന്നുവീഴുകയുമായിരുന്നു. 

 

ചൈനീസ് സോഷ്യല്‍മീഡിയയിലാണ് റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയും ആദ്യമായി പുറത്തുവന്നത്. വളഞ്ഞുപുളഞ്ഞ് പുകപടരുന്നതും ഒരു വെളുത്ത വസ്തു താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് റോക്കറ്റിന്റെ ഭാഗവും സാറ്റലൈറ്റുമാണെന്നാണ് കരുതുന്നത്. വിക്ഷേപണം നടന്ന് 15 മണിക്കൂറിന് ശേഷം ചൈനീസ് ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 

ആദ്യ രണ്ട് ഘട്ടങ്ങളിലും റോക്കറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും നിര്‍ണ്ണായകമായ മൂന്നാം ഘട്ടത്തിലാണ് തിരിച്ചടിയുണ്ടായതെന്നും റോക്കറ്റിന്റേയും സാറ്റലൈറ്റിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചെന്നും സിന്‍ഹുവയുടെ റിപ്പോര്‍ട്ടിലുണ്ട്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളില്‍ റോക്കറ്റ് അവശിഷ്ടങ്ങളുടേയും റോക്കറ്റ് തകര്‍ന്നുവീഴുന്നതിന്റേയും ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. 

രണ്ട് ഡസണ്‍ തവണയെങ്കിലും ചൈനീസ് സാറ്റലൈറ്റുകളേയും വഹിച്ചുകൊണ്ട് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ ചരിത്രമുള്ള റോക്കറ്റാണ് ലോങ് മാര്‍ച്ച് 4സി. 2016 ഓഗസ്റ്റിലാണ് ഈ റോക്കറ്റിന്റെ ദൗത്യം അവസാനമായി പരാജയപ്പെടുന്നത്. Yaogan-33 എന്ന സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കുകയായിരുന്നു ഇത്തവണത്തെ ലോങ് മാര്‍ച്ച് 4സിയുടെ ദൗത്യം. കാര്‍ഷിക- നിരീക്ഷണ സാറ്റലൈറ്റാണ് ഇതെന്ന് ചൈന അവകാശപ്പെടുമ്പോഴും പാശ്ചാത്യരാജ്യങ്ങള്‍ ഇത് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com