ADVERTISEMENT

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ‌്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീ ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും ഇന്ത്യൻ വ്യോമസേന. ഇത് സംബന്ധിച്ചുള്ള കരാറില്‍ വ്യോമസേനയും ഐഎസ്ആര്‍ഒയും കഴിഞ്ഞ ദിവസം ഒപ്പു വച്ചു. എയര്‍വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ.കപൂര്‍ ഗഗന്‍യാന്‍ പദ്ധതി ഡയറക്ടര്‍ ആര്‍ ഹട്ടന്‍ എന്നിവരാണ് കരാറില്‍ ഒപ്പു വച്ചത്. 

 

2022 ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍ മിഷൻ. സഞ്ചാരികളെ പരിശീലിപ്പിക്കൽ ചുമതല വ്യോമസേനക്കായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ തന്നെയാണ് കൂടുതൽ പരിശീലനവും നൽകുക. പരിശീലനത്തിന് വിദേശ രാജ്യങ്ങളുടെ സഹായവും തേടും.

 

നിർണായക ദൗത്യത്തിനുള്ള യാത്രികരെ തിരഞ്ഞെടുക്കാൻ 12 മുതല്‍ 14 മാസം വരെ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിനായിരിക്കും (ഐഎഎം) യാത്രികരെ തിരഞ്ഞെടുപ്പ് ചുമതലയെന്ന് ഐഎഎം കമാന്‍ഡന്റ് അനുപം അഗര്‍വാള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 30 പേരെ തിരഞ്ഞെടുക്കും. ഇതില്‍ നിന്ന് 15 പേരെ വീണ്ടും തിരഞ്ഞെടുക്കും. ഇവരിൽ പരിശീലനം കൃത്യമായി പൂർത്തിയാക്കുന്ന മൂന്ന് പേരെയാണ് ബഹിരാകാശത്തേക്ക് അയക്കുക. 

 

ഗഗൻയാൻ ബഹിരാകാശ ദൗത്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിനു മുൻപു നടത്താൻ ഐഎസ്ആർഒ സജ്ജമാണെന്നു ഡയറക്ടർ കെ. ശിവൻ നേരത്തെ അറിയിച്ചിരുന്നു. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടൻ പരസ്യം നൽകും. അവർക്കു മൂന്നു വർഷത്തോളം പരിശീലനം നൽകേണ്ടി വരും. ആർക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാർക്കാണു മുൻഗണന നല്‍കുക. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയിൽ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏർത്ത് ഓർബിറ്റി’ലെത്തിക്കുക. മൂന്നു മുതൽ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലിൽ തിരിച്ചിറക്കും. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എൽവി മാർക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com