ADVERTISEMENT

കെട്ടിടം പണിയുമ്പോള്‍ ഉപയോഗിക്കാവുന്ന, ചൂടു കുറയ്ക്കുന്നതും കരുത്തുറ്റതുമായ മരപ്പലക നിര്‍മിച്ചെടുത്തിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വീടുകളിലും ഓഫിസുകളിലും മറ്റും ചൂടു കുറയ്ക്കുകയും ഇതിലൂടെ വൈദ്യുതി ബില്ലില്‍ കുറവു വരുത്താനുമാകുന്നതാണ് പുതിയ പലക എന്നാണ് പറയുന്നത്. ഹൈഡ്രജന്‍ പെറോക്‌സൈഡിലിട്ട് തിളപ്പിച്ചെടുത്തതും സങ്കോചിപ്പിച്ചതുമാണ് പുതിയ ഉല്‍പന്നം.

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍

മനുഷ്യരുടെ ഇന്നത്തെ നിര്‍മാണ പ്രവര്‍ത്തന രീതികള്‍ ദീര്‍ഘകാലം മുന്നോട്ടു കൊണ്ടുപോകാനാകുന്നവയല്ല എന്നൊരു വാദമുണ്ട്. കോണ്‍ക്രീറ്റ് നിര്‍മാണം, കാര്‍ബണ്‍ പുറംതള്ളലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. സ്റ്റീല്‍ നിര്‍മാണത്തിനായി ധാരാളം അസംസ്‌കൃത വസ്തുക്കളും ഉപയോഗിക്കേണ്ടതായി വരുന്നു. ഇവ ഉപയോഗിച്ചു നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ഉറപ്പു കൂടുതലുള്ളതിനാല്‍ ആ രീതി പിന്തുടരുകയല്ലാതെ ഇന്നു മാര്‍ഗമില്ല. നിരവധി നിലകളുള്ള കെട്ടിടങ്ങള്‍ ഉണ്ടാക്കണമെങ്കിലും ഇന്നും കോണ്‍ക്രീറ്റ് തന്നെ വേണം. എന്നാല്‍, ഇതാകട്ടെ ചൂട് ആഗീരണം ചെയ്യുകയും അവ മുറികള്‍ക്കുള്ളില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. പിന്നെ ഇതു കുറയ്ക്കാനായി എയര്‍ കണ്ടിഷണറുകളും മറ്റും ഉപയോഗിക്കുന്നു. ഇവയാകട്ടെ വൈദ്യുതി ബില്‍ വര്‍ധിപ്പിക്കുകയും ആഗോള താപന നിരക്കിന് ചെറുതായാണെങ്കില്‍ പോലും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ, പ്രകൃതിക്കു ഹാനികരമല്ലാത്ത രീതിയില്‍ എന്തു ചെയ്യാമെന്ന് അന്വേഷിക്കുകയാണ് പല ശാസ്ത്രജ്ഞരും.

പുതിയ മരപ്പലക

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡിലെയും യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോയിലെയും ഒരു വലിയ സംഘം ഗവേഷകരാണ് പ്രകൃതിയുടെ തന്നെ നാനോടെക്‌നോളജി ഉപയോഗിച്ച് ചൂടുകുറയ്ക്കാനുള്ള ശ്രമം നടത്തിയത്. എയര്‍ കണ്ടിഷണറുകള്‍ ബലമായി കെട്ടിടങ്ങള്‍ക്കുളളിലെ ചൂടു കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പുതിയതായി സൃഷ്ടിച്ച തടിയാകട്ടെ നിഷ്‌ക്രീയതയിലൂടെ ചൂടു കുറച്ചു കുറയ്ക്കുന്നു. അവരുണ്ടാക്കിയ തടി ചൂടു കുറയ്ക്കുന്നതു മാത്രമല്ല ഈടുനില്‍ക്കുന്നതുമാണെന്നു പറയുന്നു. കെട്ടിട നിര്‍മാണ വസ്തുവായി ഈ തടി ഇപ്പോള്‍ തന്നെ ഉപയോഗിച്ചു തുടങ്ങിയെന്നും അവ പുതുക്കാവുന്നതും ( Renewable) അതോടൊപ്പം ഈടു നില്‍ക്കുന്നവയുമാണെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

വളരുന്ന ഒരു മരത്തില്‍ വെള്ളവും പോഷകാംശങ്ങളും മുകളിലേക്കും താഴേക്കും കൊണ്ടുപോകാന്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന, നേര്‍ത്ത സ്വാഭാവിക ഘടനകളെ പ്രയോജനപ്പെടുത്തിയാണ് മുറിക്കുള്ളിലെ ചൂടു കുറയ്ക്കുന്ന തടി തയാര്‍ ചെയ്തരിക്കുന്നത്. സെല്ല്യുലോസ് നാനോഫൈബറുകളും സ്വാഭാവിക അറകളും (chamber) ഉപയോഗിച്ചാണ് വെള്ളവും മറ്റും വളരുന്ന മരത്തിനുള്ളില്‍ മുകളിലേക്കും താഴേക്കും പോകുന്നത്. ഈ സ്വാഭാവിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഗവേഷകര്‍ പരിചരിച്ചെടുത്ത തടിയില്‍ ചില അധിക ഗുണവിശേഷങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചതാണ് അവരുടെ വിജയമത്രെ.

തടി മാത്രം ഉപയോഗിച്ചാണ് തങ്ങള്‍ പുതിയ തണുപ്പിക്കുന്ന വസ്തു ഉണ്ടാക്കിയിരിക്കുന്നത് എന്ന ഗവേഷകര്‍ അവകാശപ്പെട്ടു. പോളിമറുകളൊന്നും ഉപയോഗിച്ചിട്ടില്ല. നിങ്ങളുടെ വീടിന് തണുപ്പു പകരാന്‍ സാധിക്കുന്ന പ്രകൃതിദത്തമായ ഉല്‍പന്നമാണ് ഇതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡിലെ ലിയന്‍ഗബിങ്ഗ് ഹൂ പറയുന്നു. ഒരു കെട്ടിടത്തില്‍ ഇതുപയോഗിച്ചാല്‍ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ സ്വാഭാവികമായി തണുത്ത മുറികള്‍ ഉണ്ടാക്കാമെന്ന് ഗവേഷകര്‍ പറഞ്ഞു. തടിയെ ശക്തമാക്കുന്ന ഘടകമാണ് ലിഗ്നിന്‍ (lignin). ഇതു നീക്കം ചെയ്താണ് സെല്ല്യുലോസ് നാനോഫൈബറുകള്‍ കൊണ്ടുള്ള പലക ഗവേഷകര്‍ ഉണ്ടാക്കിയത്.

മരത്തിനു ശക്തി പകരുന്നത് ലിഗിന്‍ ആണ്. സ്വാഭാവികമായും ലിഗിന്‍ നീക്കം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉല്‍പന്നത്തിന് ശക്തി കുറയും. എന്നാല്‍ രാസപ്രക്രീയയിലൂടെ കടത്തിവിടുന്ന തടിയെ പിന്നീട് ലിഗിനുകളോ കോശങ്ങളോ ഇല്ലാത്ത രീതിയില്‍ സങ്കോചിപ്പിക്കുകയാണ് ചെയ്യുന്നതത്രെ. ഇതാകട്ടെ പുതിയ മെറ്റീരിയലിലെ തടിയേക്കാള്‍ വളരെ കരുത്തുറ്റതാക്കുകയും ചെയ്യും. അലുമിനിയത്തെക്കാള്‍ കരുത്തുളളതെന്ന വിശേഷണമാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്നത്. ഇതെന്ന് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുമെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ അറിയില്ല. എന്തായാലും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂല പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കൈയ്യടി നല്‍കുകയാണ് ശാസ്ത്ര ലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com