sections
MORE

ടൈറ്റാനിക്കിനെ മുക്കിയ മമ്മി, ലോകമഹായുദ്ധത്തിന് കാരണമായ കുഴല്‍വിളി...

titanic-mummy
SHARE

ചിലവസ്തുക്കള്‍ ഭാഗ്യം കൊണ്ടുവരുമെന്നും മറ്റുചിലവ ദൗര്‍ഭാഗ്യത്തിന് കാരണമാകുമെന്നുമുള്ള വിശ്വാസം നൂറ്റാണ്ടുകള്‍ക്ക് മുൻപെ മനുഷ്യനുണ്ട്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. നിരവധി പേരുടെ മരണ കാരണമായെന്ന് വിശ്വസിക്കപ്പെടുന്ന വജ്രം മുതല്‍ രണ്ടാംലോക മഹായുദ്ധത്തിന് കാരണമായ കുഴല്‍വിളി വരെ ഈ പട്ടികയിലുണ്ട്. ഇത്തരത്തില്‍ ചില വിശ്വാസങ്ങളുള്ള ചില പൗരാണിക വസ്തുക്കളെക്കുറിച്ച് നോക്കാം. 

ടൈറ്റാനിക്കിനെ മുക്കിയ മമ്മി!

ദൗര്‍ഭാഗ്യത്തിന്റെ മമ്മിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മമ്മി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിച്ചിട്ടുള്ളത്. ബ്രിട്ടനിലെ ഒരു സമ്പന്ന കുടുംബത്തിലെ വനിത ഈ മമ്മി സ്വന്തമാക്കി. അതിന്റെ സന്തോഷത്തിന് 1909ല്‍ ഒരു പാര്‍ട്ടി നടത്തുകയും ചെയ്തു. ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരാള്‍ക്ക് പരിചാരകരില്‍ ഒരാളുടെ കയ്യിലിരുന്ന തോക്ക് പൊട്ടി പരിക്കേറ്റു. ഒടുവില്‍ വെടിയേറ്റ കൈ മുറിച്ചുകളയേണ്ടിയും വന്നു. എങ്ങനെയാണ് വെടിപൊട്ടിയെന്നത് വ്യക്തമായുമില്ല. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരാള്‍ പട്ടിണികൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചു. മൂന്നാമതൊരാള്‍ വെടിയേറ്റും മരിച്ചു. 

ഇതേ മമ്മിയുടെ പുറംചട്ട കണ്ടെത്തിയയാള്‍ കെയ്‌റോയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വത്തില്‍ വലിയൊരു ഭാഗവും നശിച്ചുപോയിരുന്നു. വൈകാതെ അദ്ദേഹവും മരിച്ചു. ടൈറ്റാനിക്ക് മുങ്ങിയ സംഭവത്തില്‍ പോലും ഈ മമ്മിയില്‍ കുറ്റം ആരോപിക്കുന്നവരുണ്ട്. ടൈറ്റാനിക്കില്‍ ഈ മമ്മിയുണ്ടായിരുന്നുവെന്നും അതുകൊണ്ടുവന്ന ദൗര്‍ഭാഗ്യമാണ് ടൈറ്റാനിക്കിനെ മുക്കിയതെന്നുമാണ് മമ്മി വിശ്വാസികളുടെ വാദം. 

പ്രതീക്ഷയുടെ രത്‌നം

പേരില്‍ പ്രതീക്ഷയുണ്ടെങ്കിലും കയ്യിലെത്തുന്നവര്‍ക്ക് ദൗര്‍ഭാഗ്യം മാത്രം സമ്മാനിച്ചതിന്റെ പേരില്‍ കുപ്രസിദ്ധമായതാണ് ഹോപ്പ് ഡയമണ്ട്. ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന ഈ രത്‌നം അവിടുത്തെ പൂജാരി മോഷ്ടിച്ചെന്നും അധികാരികള്‍ അത് കണ്ടെത്തുകയും പൂജാരിക്ക് വേദനിപ്പിക്കുന്നതും വധശിക്ഷ വിധിച്ചെന്നുമാണ് ഒരു കഥ. 

Hope_diamond

ഫ്രഞ്ച് വ്യാപാരിയായ ടാവെര്‍നീര്‍ പതിനേഴാം നൂറ്റാണ്ടില്‍ ഈ രത്‌നം സ്വന്തമാക്കി. വൈകാതെ കടുത്ത ജ്വരം ബാധിച്ച് ടാവെര്‍നീര്‍ മരിക്കുകയും ചെയ്തു. ഇയാളുടെ ശവക്കല്ലറ പിന്നീട് ചെന്നായ്ക്കള്‍ മാന്തി തുറന്ന നിലയിലും കണ്ടെത്തി. 

അതേസമയം ഹോപ്പ് ഡയമണ്ട് ലേലത്തില്‍ വെക്കുമ്പോള്‍ കൂടിയ തുക ഉറപ്പു വരുത്താന്‍ പടച്ചുവിട്ട കഥകളാണ് ഇതെല്ലാമെന്നും ആരോപണങ്ങളുണ്ട്. 

ലിവര്‍പൂളിലെ ശാപം കിട്ടിയ കുളം

രോഗശാന്തി ലഭിക്കുമെന്ന വിശ്വാസത്തില്‍ ലിവര്‍പൂളിലെ സെന്റ് ആന്‍സ് കുളത്തില്‍ പലരും കുളിക്കാറുണ്ട്. കന്യാമറിയത്തിന്റെ മാതാവ് സെന്റ് ആനിന്റെ സ്മരണക്കായി മധ്യകാലഘട്ടത്തിലാണ് (1066-1485 AD) ഈ കുളം കുഴിച്ചത്. 

ഈ കുളം നിന്നിരുന്ന സ്ഥലയുടമയുമായി പ്രദേശത്തെ പുരോഹിതന്‍ തര്‍ക്കത്തിലാവുകയും തര്‍ക്കത്തിനൊടുവില്‍ കുളത്തെ ശപിക്കുകയും ചെയ്‌തെന്ന കഥക്കും വലിയ പ്രചാരമുണ്ട്. സ്ഥലമുടമയായ ഹൂഗ് ഡാര്‍സിയുടെ ജീവിതത്തില്‍ വൈകാതെ ദുരന്തങ്ങള്‍ വന്നു. മൂന്ന് മാസത്തിനുള്ളില്‍ അയാളുടെ മകന്‍ മരിച്ചു. സമ്പത്തില്‍ വലിയൊരു പങ്കും നശിച്ചു. അമിതമായി മദ്യപിച്ച ഹൂഗ് ഡാര്‍സിയെ ഒരു രാത്രിയില്‍ കാണാതായി. പിറ്റേന്ന് ആ കുളത്തിനരികെ തല മണ്ണില്‍ പുതഞ്ഞ നിലയിലാണ് അയാളുടെ മൃതദേഹം കണ്ടെത്തിയത്. 

രണ്ടാംലോക മഹായുദ്ധത്തിന് കാരണമായ കുഴല്‍വിളി!

പൗരാണിക ഈജിപ്തിലെ ഫറവോയായിരുന്ന തൂത്തന്‍ഖാമന്റെ ശവകുടീരവുമായി ചുറ്റിപ്പറ്റി ഇത്തരം നിരവധി കഥകള്‍ തുടക്കം മുതലേ പ്രചരിച്ചിട്ടുണ്ട്. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറയില്‍ നിന്നും വിളിക്കാനാകുന്ന ഒരു കുഴല്‍ ലഭിച്ചിരുന്നു. 1939ലാണ് ഇത് ആദ്യമായി വിളിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ഇത് യുദ്ധത്തിന് മുൻപ് വിളിക്കുന്ന കുഴലാണെന്ന പ്രചാരണം തുടര്‍ന്നുണ്ടായി. 

King-Tuts-trumpets-on-exhibit

പിന്നീട് 2011ല്‍ വീണ്ടും ഈ കുഴല്‍ വിളിച്ചു. ആഴ്ച്ചയുടെ ഇടവേളയില്‍ ഈജിപ്തില്‍ വിപ്ലവം പൊട്ടപ്പുറപ്പെട്ടു. ഇതോടെ ഈ കുഴല്‍ യുദ്ധ കാഹളമാണെന്ന വിശ്വാസം ഏറിയിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA