ADVERTISEMENT

ജപ്പാനില്‍ 3800 വര്‍ഷം മുൻപ് ജീവിച്ചിരുന്ന ജോമന്‍ ഗോത്രത്തില്‍ പെടുന്ന സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ 1998ലാണ് ഗവേഷകര്‍ കണ്ടെത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം നിര്‍ണ്ണായകമായ പല കണ്ടെത്തലുകളും ഗവേഷകര്‍ നടത്തിയിരുന്നു. മധ്യവയസ് പിന്നിട്ടിരുന്ന ഈ ജോമന്‍ സ്ത്രീക്ക് കൂടിയ അളവില്‍ മദ്യം കഴിക്കാന്‍ ശേഷിയുണ്ടായിരുന്നു. നനവുള്ള ചെവിക്കായവും കൊഴുപ്പേറിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയും ഇവര്‍ക്കുണ്ടായിരുന്നു. കൂടുതല്‍ ഗവേഷണങ്ങള്‍ പുതിയ പലതിലേക്കും നയിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. 

 

3550- 3960 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നതാണ് ഈ ജോമന്‍ വനിതയെന്നാണ് കരുതപ്പെടുന്നത്. 10,500 ബിസി മുതല്‍ 300 ബിസി വരെയുള്ള നിയോലിത്തിക് കാലഘട്ടത്തിനു സമാനമായ കാലത്താണ് ജോമന്‍ ഗോത്രം ജപ്പാനില്‍ പ്രബലമായിരുന്നത്. ടോക്യോ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുര്‍ ആന്റ് സയന്‍സിലെ ഹിഡാക്കി കന്‍സാവയാണ് ഈ ജോമന്‍ സ്ത്രീയുടെ ഗവേഷണത്തിന് പിന്നില്‍. ഭൗതികാവശിഷ്ടത്തിലെ പല്ലില്‍ നിന്നും എടുത്ത ഡിഎന്‍എ ഉപയോഗിച്ചാണ് ഹിഡാക്കി കന്‍സാവയും സംഘവും നിര്‍ണ്ണായകമായ പലകാര്യങ്ങളും കണ്ടെത്തിയിരിക്കുന്നത്. 

 

കറുത്ത തലമുടിയും ചെമ്പന്‍ കണ്ണുകളും ചുണങ്ങുകളും അവര്‍ക്കുണ്ടായിരുന്നു. ഈ ലക്ഷണങ്ങള്‍ പ്രകാരമുള്ള ജാപ്പനീസ് ജോമന്‍ സ്ത്രീയുടെ മുഖരൂപവും ഗവേഷകര്‍ നിര്‍മിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വെയിലുകൊണ്ടതുകൊണ്ട് ചെമ്പിച്ച് ഇരുണ്ട നിറമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഏഷ്യയിലെ പ്രധാന ജനസമൂഹങ്ങളില്‍ നിന്നും 38,000- 18,000 വര്‍ഷങ്ങള്‍ക്കിടെയാണ് ജോമന്‍ ഗോത്രം വഴിമാറിയതെന്നാണ് കരുതപ്പെടുന്നത്. ആധുനിക ജപ്പാന്‍കാരില്‍ ചിലരുടെ സവിശേഷതയായ കൂടിയ അളവില്‍ മദ്യം കഴിക്കാനുള്ള ശേഷി ഈ ജോമന്‍ സ്ത്രീക്കുമുണ്ടായിരുന്നു. 

ചെവിക്കുള്ളില്‍ നനഞ്ഞ ചെവിക്കായമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇന്ന് 95 ശതമാനം കിഴക്കനേഷ്യക്കാര്‍ക്കും വരണ്ട ചെവിക്കായമാണുള്ളത്. ചെവിക്കായം വരണ്ടതാക്കുന്ന അതേജീന്‍ തന്നെയാണ് ശരീരത്തിലെ ഗന്ധം കുറക്കുന്നതും. അതില്ലാത്തതിനാല്‍ ഈ ജോമന്‍ സ്ത്രീക്ക് ഉയര്‍ന്ന അളവില്‍ ശരീരഗന്ധമുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 

 

ഉയര്‍ന്ന തോതില്‍ മാംസ്യം അടങ്ങിയ ഭക്ഷണങ്ങളെ ദഹിപ്പിക്കാനുള്ള ശേഷിയാണ് ഇവര്‍ക്കുള്ള മറ്റൊരു പ്രത്യേകത. ആധുനിക ലോകത്ത് ആര്‍ട്ടിക് മേഖലയിലുള്ള എഴുപത് ശതമാനം പേര്‍ക്കും ഈ പ്രത്യേകതയുണ്ട്. എന്നാല്‍ ലോകത്ത് മറ്റിടങ്ങളില്‍ ഇത്തരം ശേഷിയുള്ളവര്‍ കുറവാണ്. ഇതിനര്‍ഥം ജോമന്‍ ഗോത്രം കടലില്‍ മത്സ്യബന്ധനവും കടലില്‍ വേട്ടയും നടത്തി ജീവിച്ചിരുന്നവരാണെന്നാണ്. ഗവേഷണത്തിന്റെ പൂര്‍ണ്ണ രൂപം ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com