ADVERTISEMENT

മുഖത്ത് വരുന്ന പാടുകളാണ് പല മനുഷ്യരുടെയും ഉറക്കം കെടുത്തുന്നത്. എന്നാല്‍ സൂര്യന്റെ മുഖത്ത് പാടുകളൊന്നുമില്ലാതെ തുടർച്ചയായി 16 ദിവസങ്ങളായി എന്നതാണ് നാസയുടെ ഉറക്കംകെടുത്തുന്നത്. മുഖത്ത് പൊട്ടോ പാടോ ഇല്ലാത്ത ഈ കാലത്തില്‍ സൂര്യനില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നും ഇത് സാറ്റലൈറ്റുകളേയും വ്യോമഗതാഗതത്തേയും ബാധിച്ചേക്കാമെന്നതുമാണ് ഉയരുന്ന പ്രധാന ആശങ്ക.

 

പൊതുവേ പൊട്ടിത്തെറികളാലും തിളച്ചുമറിയലുകളാലും നിറഞ്ഞ സൂര്യന്റെ പ്രതലമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ശാന്തമായിരിക്കുന്നത്. ഓരോ 11 വര്‍ഷത്തിലും സംഭവിക്കുന്ന സോളാര്‍ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ നേര്‍ എതിരായി സോളാര്‍ മാക്‌സിമം എന്നറിയപ്പെടുന്ന മറ്റൊരു പ്രതിഭാസവും സംഭവിക്കാറുണ്ട്. ആ കാലത്ത് ജൂപ്പിറ്റര്‍ ഗ്രഹത്തോളം വലുപ്പമുള്ള സണ്‍ സ്‌പോട്ടുകള്‍ സൂര്യനില്‍ കണ്ടെത്താറുമുണ്ട്.

 

ഭൂമിയിലെ ജീവന് ഈ സോളാര്‍ മിനിമം പ്രതിഭാസം നേരിട്ട് ഭീഷണിയാകില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭൂമിക്ക് പുറത്തെ സാറ്റലൈറ്റുകളേയും ബഹിരാകാശ സഞ്ചാരികളേയും സോളാര്‍ മിനിമം കാലത്ത് സൂര്യനില്‍ നിന്നും വരുന്ന മാഗ്നെറ്റിക് തരംഗങ്ങൾ ബാധിച്ചേക്കാം. സോളാര്‍ മിനിമം കാലം അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തീഷ്ണമായ തിളച്ചുമറിയലുകളാലും സണ്‍സ്‌പോട്ടുകളാലും നിറയും. 

 

ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം ഭൂമിയുടെ കാലാവസ്ഥയേയും ബാധിക്കും. ചിലപ്പോള്‍ ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുമുണ്ട്. 1650 മുതല്‍ 1710 വരെ നീണ്ടു നിന്ന സോളാര്‍ മിനിമം പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്ത് ഭൂമി അതിശൈത്യത്തിലേക്ക് വീണുപോവുകയും ചെയ്തിരുന്നു. അന്ന് ഉത്തരധ്രുവത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഞ്ഞ് വ്യാപിച്ചു. ലിറ്റില്‍ ഐസ് ഏജ് എന്നും മോണ്‍ഡര്‍ മിനിമം എന്നുമൊക്കെയാണ് ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്. 

 

2014ല്‍ സൂര്യന്റെ പ്രതലത്തില്‍ വലിയ തോതില്‍ സണ്‍സ്‌പോട്ടുകള്‍ കണ്ടെത്തിയിരുന്നു. അന്നു തന്നെ നാസ 2019-2020 കാലഘട്ടത്തില്‍ സോളാര്‍ മിനിമം പ്രതിഭാസം സംഭവിച്ചേക്കാമെന്ന് പ്രവചിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com