ADVERTISEMENT

ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ പ്രധാന ഭീഷണിയായ മഴ മാറിയിരിക്കുകയാണ്. മഴമൂലം മത്സരങ്ങള്‍ തടസപ്പെടുന്നത് പതിവായതോടെ പരിഹാരം തേടി മുന്‍ ഗൂഗിള്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് ഇംഗ്ലിഷ് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. എത്രവലിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുമെന്ന് അവകാശവാദമുള്ള എക്‌സ് മൂണ്‍ഷോട്ട് കമ്പനിയുമായാണ് ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയത്. 

 

ഇന്നും മഴപെയ്താല്‍ നടക്കാത്ത മത്സരങ്ങളിലൊന്നാണ് ക്രിക്കറ്റ്. മഴയില്‍ നിന്നും രക്ഷപ്പെടാന്‍ താത്ക്കാലിക മേല്‍ക്കൂര സാധ്യമാണോ എന്നതും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. കൂറ്റന്‍ എയര്‍ ബലൂണില്‍ ഘടിപ്പിച്ച മേല്‍ക്കൂര മൈതാനത്ത് ഒരു തുള്ളി മഴ വീഴാതെ കാക്കുന്ന മോഡലാണ് ചര്‍ച്ച ചെയ്തതിലൊന്ന്. ഗൂഗിളിന് കീഴില്‍ എക്‌സ് എന്ന പേരിലായിരുന്ന കമ്പനി ആല്‍ഫബെറ്റ് രൂപീകരിച്ചതോടെ എക്‌സ് മൂണ്‍ഷോട്ടായി മാറുകയായിരുന്നു. 

 

ഗൂഗിളിന്റെ ബലൂണുകള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങളിലെത്തിക്കുന്ന പദ്ധതിയായ പ്രൊജക്ട് ലൂണിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ഈ എക്‌സ് കമ്പനിയായിരുന്നു. സ്വാഭാവികമായും മേല്‍ക്കൂര ബലൂണില്‍ താങ്ങി നിര്‍ത്തുന്ന ബുദ്ധിയും വന്നത് അവിടെ നിന്നു തന്നെ. ഭൂമിയില്‍ നിന്നും 19 കിലോമീറ്ററോളം ഉയരത്തില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ സൗരോര്‍ജ്ജ ബലൂണുകളുടെ സഹായത്തില്‍ ഇന്റര്‍നെറ്റ് സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. ഭൂമിയിലെ ഇന്റര്‍നെറ്റ് സിഗ്നലുകള്‍ സ്വീകരിച്ച് ഈ ബലൂണുകള്‍ നിശ്ചിത കേന്ദ്രങ്ങളിലേക്കയക്കുകയും അവിടെ വൈഫൈ ഇന്റര്‍നെറ്റ് സാധ്യമാക്കുകയും ചെയ്യുമെന്നതാണ് ആശയം. 

 

എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ അത്ര എളുപ്പത്തില്‍ പരിഹരിക്കാനാകുന്നതല്ല കാര്യങ്ങള്‍. പ്രത്യേകിച്ചും ലോകകപ്പ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നതും സാവകാശമെന്ന ഒന്ന് ഇല്ലാതാക്കുന്നു. മറ്റൊരു സാധ്യതയായി ഉയര്‍ന്നുവന്നത് ക്ലൗഡ് സീഡിങ്ങാണ്. മഴമേഘങ്ങളെ ക്ലൗഡ് സീഡിങ് വഴി താത്ക്കാലികമായി മഴ പെയ്യാന്‍ അനുദവിക്കാതിരിക്കുന്ന രീതിയാണിത്. 

 

ബെയ്ജിങ് ഒളിംംപിക്‌സില്‍ ചൈന ഇത് വിജയകരമായി നടത്തിയിരുന്നു. എന്നാല്‍ ചൈനയുടെ കളി ഇവിടെ നടക്കില്ലെന്നാണ് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് തുറന്നു സമ്മതിക്കുന്നത്. ആദ്യത്തെ പ്രധാന പ്രശ്‌നം വമ്പിച്ച ചിലവാണ്. ഒരുതവണ ഒരു മൈതാനത്തു നിന്നും മഴയെ ഓടിക്കണമെങ്കില്‍ മാത്രം പത്ത് ലക്ഷം ഡോളറാണ് ചിലവ് വരുക. മാത്രമല്ല ഈ മഴമേഘങ്ങള്‍ വൈകാതെ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുകയും ചെയ്യും. പ്രാഥമിക  ചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കിലും ഏത് പ്രശ്‌നവും പരിഹരിക്കാനുള്ളവരെന്ന മുന്‍ ഗൂഗിള്‍ കമ്പനിയുടെ പരസ്യവാചകത്തില്‍ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com