ADVERTISEMENT

കൃത്രിമമായി മനുഷ്യമാംസം വരെ നിര്‍മിക്കുന്ന കാലം വിദൂരമല്ല. ലാബില്‍ നിര്‍മിക്കുന്ന മനുഷ്യമാംസം കഴിച്ച് നമുക്ക് നരഭോജികളോടുള്ള ഭയം മറികടക്കാമെന്ന വിചിത്ര പ്രസ്താവനയുമായി ഗവേഷകർ രംഗത്തെത്തിയ‌ത് കഴിഞ്ഞ വർഷമാണ്. അധികം വൈകാതെ മാംസത്തിനായി മൃഗങ്ങളെ കൊല്ലേണ്ടി വരില്ല. ലബോറട്ടറിയില്‍ വളര്‍ത്തിയെടുക്കുന്ന മാംസവും മാംസരുചിയുള്ള സസ്യങ്ങളുമൊക്കെയാകും ഇനി വിപണിയില്‍ ഭൂരിഭാഗവും. അതോടെ ഇഷ്ട രുചിയുള്ള ആഹാരത്തിനായി ജീവജാലങ്ങള്‍ കൊന്നെന്ന ചീത്തപ്പേര് മാംസാഹാരികളില്‍ നിന്നും മാഞ്ഞു പോവുകയും ചെയ്യും.

 

2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ 25 ശതമാനവും മാംസരുചിയുള്ള സസ്യാഹാരങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതായിരിക്കും. 35 ശതമാനമാകട്ടെ ലബോറട്ടറികളില്‍ കൃത്രിമമായി നിര്‍മിക്കുന്നവയും. 

 

നിലവില്‍ പ്രതിവര്‍ഷം ഒരു ട്രില്യണ്‍ ഡോളറിന്റേതാണ് (ഏകദേശം 69 ലക്ഷം കോടി രൂപ!) ആഗോള മാംസവിപണി. ഇതില്‍ ഭൂരിഭാഗവും ഫാമുകളില്‍ വളര്‍ത്തുന്ന ജീവികളുടെ മാംസമാണ്. ഇവയെ കൊല്ലുന്നതും മറ്റും വലിയ തോതില്‍ പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹരിതഗൃഹവാതങ്ങള്‍ വര്‍ധിക്കുന്നത് തുടങ്ങി നദികളും സമുദ്രവും കൂടുതല്‍ മലിനമാകുന്നത് വരെ മാംസ വ്യവസായത്തിന്റെ പേരിലുള്ള കുറ്റങ്ങളായി ഉയരാറുണ്ട്. മാത്രമല്ല ഇത്തരത്തില്‍ മാംസത്തിനായി വളര്‍ത്തുന്ന മൃഗങ്ങളോട് വന്‍ ക്രൂരതയാണ് ചെയ്യുന്നതെന്ന വാദവുമുണ്ട്. 

 

എന്നാല്‍, പുതിയ മാംസത്തിന്റെ വരവോടെ ഈ ചീത്തപ്പേരുകളില്‍ ഭൂരിഭാഗവും ഇല്ലാതാകുമെന്ന് മാംസവ്യവസായത്തിന് പ്രതീക്ഷിക്കാം. ലോസ് ആഞ്ചല്‍സിലും കാലിഫോര്‍ണിയയിലും വ്യാപകമായുള്ള ബിയോണ്ട് മീറ്റ് എന്ന കമ്പനി ഇത്തരത്തില്‍ ജീവികളെ കൊല്ലാതെ മാംസം വിപണിയിലെത്തിക്കുന്നവരില്‍ പ്രധാനികളാണ്. ചിക്കനും ബീഫും പോര്‍ക്കുമെല്ലാം ഇവരുടെ മെനുവിലുണ്ടെങ്കിലും അതിനായി അവര്‍ ജീവികളെ കൊല്ലുന്നില്ല. മറിച്ച് അതേ രുചിയിലും മട്ടിലുമുള്ള സസ്യാഹാരമാണ് വില്‍ക്കുന്നത്. ഇത്തരത്തിലുള്ള കൃത്രിമ മാംസത്തിന്റെ കാലമാണ് വരാന്‍ പോകുന്നതെന്നാണ് പഠനം നടത്തിയ എടി കീർണിയുടെ പ്രവചനം.

 

'മനുഷ്യമാംസം കൃത്രിമമായി നിര്‍മിച്ചാല്‍ എങ്ങനെയിരിക്കും? ഇതോടെ നരഭോജികളോടുള്ള നമ്മുടെ ഭയം ഇല്ലാതാകുമോ? ' എന്നാണ് ബ്രിട്ടിഷ് ബയോളജിസ്റ്റായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരിക്കൽ ചോദിച്ചത്. ഏതെങ്കിലും ജീവികളുടെ ശരീരത്തില്‍ നിന്നെടുക്കുന്ന മൂലകോശങ്ങളെ ഉപയോഗിച്ചാണ് ലബോറട്ടറികളില്‍ കൃത്രിമമാംസം നിര്‍മിക്കുന്നത്. ഇത്തരം കോശങ്ങള്‍ക്ക് വളരാനാവശ്യമായ അനുകൂല സാഹചര്യം സൃഷ്ടിച്ചെടുത്ത് മാംസം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പ്രത്യേകം തയ്യാറാക്കിയ ബയോ റിയാക്ടര്‍ ടാങ്കുകളില്‍ നിക്ഷേപിക്കുന്ന ഇത്തരം കോശങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുളില്‍ മാംസമായി മാറുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com