ADVERTISEMENT

ലോകത്തെ പിടിച്ചുലച്ചവയായിരുന്നു രണ്ട് ലോക മഹായുദ്ധങ്ങളും. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ ഭൂമിയും ജീവനും ബാക്കിയുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് കാലാവസ്ഥാ മാറ്റവും കാലാവസ്ഥ കൊള്ളയും മൂലമാകുമെന്നാണ് മുന്നറിയിപ്പ്. 

 

സ്വന്തം രാജ്യത്തെ മികച്ച കാലാവസ്ഥ ഉറപ്പിക്കാനായി രാജ്യങ്ങള്‍ കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ശ്രമിച്ചാലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുക. ജിയോ എൻജിനീയറിങ് എന്ന് പേരിട്ടിരിക്കുന്ന ഈ ശാസ്ത്രശാഖ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തിലേക്ക് മാറാനും സാധ്യത ഏറെ. കൃത്രിമമായി മഴ പെയ്യിക്കുക, മഴയെ ഒഴിവാക്കുക, സൂര്യപ്രകാശം തടഞ്ഞുകൊണ്ട് അന്തരീക്ഷത്തെ സ്വാധീനിക്കുക തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട് ജിയോ എൻജിനീയറിങ്ങില്‍.

 

ഉദാഹരണത്തിന് രാജ്യത്ത് മഴ ഉറപ്പിക്കാനായി ഒരു ഭരണകൂടം ശ്രമിച്ചാല്‍ വരള്‍ച്ചയോ അതിവര്‍ഷമോ അടക്കമുള്ള അനന്തര ഫലം മറ്റു രാജ്യങ്ങളായിരിക്കാം അനുഭവിക്കേണ്ടി വരിക. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ബാധിക്കും. അന്തരീക്ഷത്തില്‍ ചില രാസപദാര്‍ഥങ്ങള്‍ സ്‌പ്രേ ചെയ്ത് സൂര്യപ്രകാശത്തെ കുറയ്ക്കാനും സാധിക്കും. ഇത്തരത്തിലുള്ള നടപടികള്‍ അപ്രതീക്ഷിത ഫലങ്ങള്‍ കൊണ്ടുവന്നാല്‍ മൂന്നാം ലോകമഹായുദ്ധം പോലും നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

 

കാലാവസ്ഥ കൊള്ള മൂലം ഒരു യുദ്ധമുണ്ടാവുക എന്നത് ഒരിക്കലും തള്ളിക്കളയാനാവില്ല എന്നാണ് ജിയോ എൻജിനീയറിങ് ഗവേഷകനായ യുവാന്‍ മൊറേനോ ക്രൂസ് പറയുന്നത്. ഏതെങ്കിലും രാജ്യം ജിയോ എൻജിനീയറിങ്ങിന് ശ്രമിക്കുന്നുണ്ടെങ്കില്‍ മറ്റു രാജ്യങ്ങളെയും വിവരം അറിയിച്ച് അനുമതി തേടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. കാരണം ഇത്തരം പ്രവര്‍ത്തികള്‍ മറ്റ് രാജ്യങ്ങളെ കൂടി ദോഷകരമായി ബാധിച്ചേക്കാം. 

നമ്മുടെ രാജ്യങ്ങള്‍ക്ക് മാത്രമാണ് അതിര്‍ത്തിയുള്ളത്, അന്തരീക്ഷത്തിനില്ല. അതുകൊണ്ടുതന്നെ ജിയോ എൻജിനീയറിങ് വഴി ഏതെങ്കിലും വികസിതരാജ്യം ഉദ്ദേശിച്ച ലക്ഷ്യം നേടിയാല്‍ തന്നെ മറ്റു രാജ്യങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നാണ് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷനിലെ ഗവേഷക ആന്‍ഡ്രിയ ഫ്‌ളോസ്മാന്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com