ADVERTISEMENT

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യം ഒരുപടി കൂടി യാഥാര്‍ഥ്യത്തിലേക്ക് അടുത്തു. ഓറിയോണ്‍ ക്യാപ്‌സ്യൂളിന്റെ സുരക്ഷാ പരീക്ഷണമാണ് നാസ വിജയകരമായി പൂര്‍ത്തിയാക്കിയത്. വിക്ഷേപണത്തിന് പിന്നാലെ സുരക്ഷാ പാളിച്ച സംഭവിച്ചാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കാനുള്ള സംവിധാനമാണ് പരീക്ഷിച്ചത്.

 

മനുഷ്യരെ ചന്ദ്രനിലെത്തിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് ഭൂമിയില്‍ നിന്നും പുറപ്പെടുന്നവരെ ജീവനോടെ തിരികെ എത്തിക്കുകയെന്നത്. ആ വെല്ലുവിളിയെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളതിനാലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചാന്ദ്രദൗത്യത്തിന്റെ എല്ലാ സുരക്ഷകളും ഉറപ്പുവരുത്താനായി ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് യാത്രികരുമായി പോയ റഷ്യയുടെ സോയുസ് ക്യാപ്‌സ്യൂളിന്റെ വിക്ഷേപണത്തിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. സമാനമായ ലോഞ്ച് അബോര്‍ട്ട് സംവിധാനമാണ് ഓറിയോണില്‍ പരീക്ഷിച്ചത്. 

 

nasa-moon-mission
കടപ്പാട്: നാസ

അമേരിക്കയിലെ കേപ് കനാവരല്‍ വ്യോമസേന താവളത്തിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ഓറിയോണ്‍ ക്യാപ്‌സ്യൂളിന്റെ ലോഞ്ച് അബോര്‍ട്ട് സംവിധാനം പരീക്ഷിച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ മിസൈല്‍ ഉപയോഗിച്ചാണ് ഓറിയോണ്‍ ക്യാപ്‌സ്യൂളിനെ 44000 അടിവരെ ഉയരത്തിലെത്തിച്ചത്. മണിക്കൂറില്‍ 760 മൈല്‍ (1223 കിലോമീറ്റര്‍) വേഗത്തിലായിരുന്നു റോക്കറ്റ് കുതിച്ചത്. 

 

പരീക്ഷണം ആകെ മൂന്ന് മിനിറ്റ് 13 സെക്കൻഡ് മാത്രമാണ് നീണ്ടു നിന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രധാനമായ ഓറിയോണ്‍ റോക്കറ്റില്‍ നിന്നും വിട്ടുമാറുന്ന നിര്‍ണ്ണായക ഘട്ടത്തിന് മില്ലി സെക്കൻഡുകള്‍ മാത്രമാണ് ദൈര്‍ഘ്യമുണ്ടായത്. പാരച്യൂട്ട് ഘടിപ്പിക്കാത്ത ഓറിയോണ്‍ ക്യാപ്‌സ്യൂള്‍ കടലില്‍ വീഴുകയായിരുന്നു. ഇതില്‍ ഘടിപ്പിച്ച 12 ഡേറ്റ റെക്കോഡറുകള്‍ ഈ വീഴ്ച്ചക്കിടയിലെ വിവിധ വിവരങ്ങള്‍ രേഖപ്പെടുത്തി. ഓറിയോണ്‍ ക്യാപ്‌സ്യൂളിനെ സമുദ്രത്തില്‍ പതിച്ച് ഒരു മണിക്കൂറിനുള്ളില്‍ നാസ സംഘം വീണ്ടെടുത്തു.

 

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് നാസ ഓറിയോണിനെ ചന്ദ്രനിലെത്തിക്കാന്‍ ഉപയോഗിക്കുന്നത്. അപ്പോളോയുടെ തുടര്‍ച്ചയായ ചാന്ദ്ര ദൗത്യത്തന് ആര്‍ട്ടിമിസ് എന്നാണ് നാസ പേരിട്ടിരിക്കുന്നത്. ഗ്രീക്ക് ഐതിഹ്യപ്രകാരം അപ്പോളോയുടെ ഇരട്ടയാണ് ആര്‍ട്ടിമിസ്. ജൂലൈ 2020നാണ് നാസയുടെ ആളില്ലാ ചാന്ദ്ര ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. 2023ല്‍ മനുഷ്യരെ വീണ്ടും ചന്ദ്രനിലിറക്കാനാണ് നാസയുടെ പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com