ADVERTISEMENT

കഴിഞ്ഞ വർഷം നവംബറിൽ ഏറെ വിവാദുണ്ടാക്കിയ സംഭവമായിരുന്നു ചൈനീസ് ഡോക്ടർ ജീൻ എഡിറ്റിങ്ങിലൂടെ രണ്ടു പെൺകുഞ്ഞുങ്ങളെ ജനിപ്പിച്ചത്. സംഭവം വിവാദമായതോടെ ഷെന്‍സെനില്‍നിന്നുളള (Shenzhen) ഗവേഷകനായ ഹി ജിയാൻകൂ ഗവേഷകനെ അറസ്റ്റു ചെയ്തുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ ഏറ്റവും പുതിയ വാർത്ത ഇതേ ഗവേഷകൻ ജീൻ എഡിങ്ങിലൂടെ മൂന്നാമത്തെ കുഞ്ഞിനും ജന്മം നൽകിയെന്നാണ്.

 

എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അന്നു രണ്ടു കുഞ്ഞുങ്ങളും ഒരു സ്ത്രീക്കാണ് ജനിച്ചതെങ്കിൽ ഇപ്പോൾ മറ്റൊരു സ്ത്രീയ്ക്കാണ് ജീൻ എഡിറ്റിങ്ങിലൂടെ കുഞ്ഞ് പിറക്കാൻ പോകുന്നത്. ജൂൺ, ജൂലൈ മാസത്തിൽ തന്നെ രോഗങ്ങളില്ലാത്ത കുഞ്ഞ് പിറക്കുമെന്നാണ് അറിയുന്നത്. അതേസമയം ഹി ജിയാൻകൂ അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ മൂന്നാം കുഞ്ഞിനെയും ഗർഭം ധരിച്ചിരിക്കാമെന്നാണ് നിഗമനം. 

സാധാരണ 38 മുതൽ 42 ആഴ്ചകൾ വരെ ഒരു കുഞ്ഞ് ജനിക്കുന്നതിന്റെ കാലാവധി. ഇതിനാൽ തന്നെ ഹി ജിയാൻകൂ അറസ്റ്റിലാകുന്നതിന് മുൻപെ സംഭവിച്ചതാകാം ഇത്. ഇത് സംബന്ധിച്ച് ചൈനീസ് സർക്കാരിന് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എവിടെയുള്ള സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകുന്നതെന്നും വെളിപ്പെടുത്തിയിട്ടില്ല.

 

ലോകത്തെ ആദ്യത്തെ ജനതിക മാറ്റം വരുത്തിയ കുട്ടികളെ സൃഷ്ടിക്കാന്‍ താന്‍ സഹായിച്ചുവെന്ന് ഹി ജിയാൻകൂ ലോകത്തെ അറിയിച്ചത് കഴിഞ്ഞ നവംബറിലാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ അവകാശവാദമാണ് ചൈനീസ് ഗവേഷകന്‍ നടത്തിയത്. അതിശക്തമായ പുതിയ ടൂള്‍ ഉപയോഗിച്ച് ഇരട്ട പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ഡിഎന്‍എ എഡിറ്റു ചെയ്തതത്രെ. ജീവിതത്തിന്റെ രൂപരേഖയ്ക്കു (blueprint) തന്നെ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് നൈതികവും ശാസ്ത്രപരവുമായ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതായും ചിലര്‍ പ്രതികരിക്കുന്നു.

 

ആ പരീക്ഷണം നടക്കുമ്പോൾ അമേരിക്കന്‍ ശാസ്ത്രജ്ഞനും ചൈനീസ് ഗവേഷകന് ഒപ്പമുണ്ടായിരുന്നു. ജീന്‍ എഡിറ്റിങ് അമേരിക്കയില്‍ നിയമവിരുദ്ധമാണെന്നാണ്. കാരണം ഡിഎന്‍എയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഭാവി തലമുറകളിലേക്ക് പകരാമെന്നതു കൂടാതെ മറ്റു ജീനുകള്‍ക്ക് ദോഷം വരുത്തുകയും ചെയ്യാം.

 

ഇത്തരം പരീക്ഷണങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മിക്ക മുഖ്യധാരാ ശാസ്ത്രജ്ഞന്‍മാരും പറയുന്നത്. ചിലരാകട്ടെ മനുഷ്യരെ വച്ചു പരീക്ഷണം നടത്തുന്നത് അംഗീകരിക്കാനാവില്ല എന്ന കടുത്ത നിലപാടും സ്വീകരിച്ചു. ചൈനയിലെ ഷെന്‍സെനില്‍നിന്നുളള (Shenzhen) ഗവേഷകനായ ഹെ ജയിന്‍കുയിയാണ് (He Jiankui) തന്റെ വന്ധ്യതാ ചികിത്സയ്ക്കിടെ ഏഴു ദമ്പതികള്‍ക്ക് ഭ്രൂണത്തില്‍ മാറ്റം വരുത്തിയതായി അവകാശപ്പെട്ടത്. ഇവരില്‍ ഒരാള്‍ ഇപ്പോള്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ജീന്‍ എഡിറ്റിങ്ങിലൂടെ കുട്ടിക്ക് പാരമ്പര്യമായി വരാവുന്ന ഏതെങ്കിലും രോഗം പിടിക്കാതിരിക്കാനോ, ശമിപ്പിക്കാനോ അല്ല, മറിച്ച് ആര്‍ക്കും തന്നെ ഇപ്പോഴില്ലാത്ത ഒരു ശക്തി പകരാനാണ് താന്‍ ശ്രമിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എച്‌ഐവി, അഥവാ എയിഡ്‌സ് വൈറസ് ബാധിക്കില്ലത്രെ. എന്നാല്‍, ചികിത്സ സ്വീകരിച്ച മാതാപിതാക്കള്‍ തിരിച്ചറിയപ്പെടാനോ, അഭിമുഖസംഭാഷണം നല്‍കാനോ തയാറല്ലാത്തതിനാല്‍ അവരെക്കുറിച്ചെന്തെങ്കിലും വെളിപ്പെടുത്താന്‍ താന്‍ തയാറല്ലെന്നും ഹെ അന്നു തന്നെ പറഞ്ഞിരുന്നു.

 

ഹോങ്കോങ്ങില്‍ നടന്ന ജീന്‍ എഡിറ്റിങ്ങിനെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിനു മുന്നോടിയായാണ് ഹെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തുടക്കമിടുക എന്നതുമാത്രമല്ല ഉദാഹരണം കാണിച്ചു കൊടുക്കാനും തനിക്കായി എന്നാണ് ഹെ പറഞ്ഞത്. അടുത്തതായി എന്തു നീക്കം നടത്തണമെന്നത് സമൂഹം തീരുമാനിക്കട്ടെ എന്നും ഹെ പറഞ്ഞു. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഇത്തരം ശാസ്ത്ര നീക്കങ്ങള്‍ക്ക് ലോകത്ത് അനുമതിയില്ല. ഹെയുടെ അവകാശവാദം കേട്ട പല ശാസ്ത്രജ്ഞരും അന്നു തന്നെ ഇതിനെ ശക്തമായി അപലപിച്ചിരുന്നു.

 

സമീപകാലത്ത് ശാസ്ത്രജ്ഞര്‍ ജീനുകളെ എഡിറ്റു ചെയ്യാന്‍ താരമ്യേന എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ്. ഇതനായി CRISPR-cas9 എന്ന ടൂളാണ് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് ഡിഎന്‍എയ്ക്ക് ഓപ്പറേഷന്‍ നടത്താനും വേണ്ട ഒരു ജീന്‍ നിക്ഷേപിക്കാനും പ്രശ്‌നക്കാനായ ഒന്നിനെ നിര്‍വീര്യമാക്കാനും സാധിക്കും. സമീപകാലത്തു മാത്രമാണിത് പ്രായപൂര്‍ത്തിയവരില്‍ പരീക്ഷിച്ചു നോക്കിയിട്ടുള്ളത്. മരണകാരണമാകുന്ന രോഗങ്ങള്‍ ചികിത്സിക്കാനാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, വരുത്തുന്ന മാറ്റങ്ങള്‍ ആ മനുഷ്യനു വെളിയില്‍ എത്തിയിരുന്നില്ല. എന്നാല്‍, ബീജവും അണ്ഡവും ഭ്രൂണവുമൊക്കെ എഡിറ്റു ചെയ്യുന്നത് ഇതില്‍ നിന്നു വ്യത്യസ്തമാണല്ലോ. അത് ഭാവി തലമുറയ്ക്കും ബാധിക്കാമെന്നതാണ് കാരണം.

 

ശസ്ത്രക്രിയ നടത്തിയ ശാസ്ത്രജ്ഞന്‍ ഹെ ജയിന്‍കുയി അമേരിക്കയിലെ റൈസ്, സ്റ്റാന്‍ഫെഡ് എന്നീ സര്‍വകലാശാലകളില്‍ പഠിച്ച ശേഷമാണ് മാതൃരാജ്യത്തെത്തി ലാബ് തുറക്കുന്നത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൈക്കള്‍ ഡീം ആണ്. അദ്ദേഹം റൈസ് യൂണിവേഴ്‌സിറ്റിയില്‍ ഹെയുടെ ഉപദേശകനായിരുന്നു.

 

താന്‍ എഡിറ്റിങ് പരീക്ഷണം നടത്തി പരിശീലിച്ചത് എലികളിലും കുരങ്ങന്മാരിലും മനുഷ്യ ഭ്രൂണങ്ങളിലുമായിരുന്നുവെന്ന് ഹെ പറഞ്ഞിട്ടുണ്ട്. എയിഡ്‌സ് പിടിക്കാതിരിക്കാനായി താന്‍ CCR5 എന്ന ജീന്‍ നിര്‍വീര്യമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു. രോഗങ്ങളില്ലാത്ത മനുഷ്യര്‍, ജരാനരകള്‍ ബാധിക്കാത്തയാളുകള്‍ തുടങ്ങിയവയൊക്കെ ജനിതക മാറ്റത്തിലൂടെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ചിലര്‍ സ്വപ്‌നം കാണുന്നു. ഇത്തരം പരീക്ഷണങ്ങള്‍ പാളിയാല്‍ അതു വന്‍ വിപത്താകാമെന്നു വിശ്വസിക്കുന്നവരും ഒട്ടും കുറവല്ല.

 

ലോകത്തെ അദ്ഭുതപ്പെടുത്തി ചൈന, മനുഷ്യരിൽ ആ പരീക്ഷണം നടത്തിയത് 86 തവണ!

 

പ്രകൃതിദത്തമായി ഉണ്ടായിരുന്ന സർവതും നമ്മൾ പൊളിച്ചെഴുതി. മനുഷ്യരുടെ സൗകര്യത്തിനു വേണ്ടി സർവജീവജാലങ്ങളിലും പ്രകൃതി വിഭവങ്ങളിലും നമ്മൾ കൈവച്ചു. ഭൂമിയുടെയാകെ ജാതകം തിരുത്തിയെഴുതി. അതും പോരാഞ്ഞ് കൃത്രിമമനുഷ്യനെയും കൃത്രിമബുദ്ധിയെയും സൃഷ്ടിച്ചു. ശേഷമെന്തുണ്ട് കയ്യിൽ എന്ന സർഗാത്മകമായ ചോദ്യത്തിനു മുന്നിലേക്ക് സ്വയം വന്നിറങ്ങി നിൽക്കുകയാണ് മനുഷ്യൻ.

 

അതെ, ഇത്തരം ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും ലോകശക്തികളെ പോലും അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് ചൈന കാഴ്ചവെക്കുന്നത്. മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള നിർണായക പരീക്ഷണങ്ങളെല്ലാം നടക്കുന്നത് ചൈനയിലാണ്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളെ പിന്നിലാക്കി ചൈന കുതിക്കുകയാണ്.

 

ഏറെ നിർണായകമായ ജീന്‍ എഡിറ്റിങ് ഗവേഷണത്തിൽ ചൈനീസ് ഗവേഷകർ വലിയ നേട്ടം കൈവരിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. മറ്റു രാജ്യങ്ങൾക്കിടയിലെ ഗവേഷകർക്കിടയിൽ ഇതുവരെ കാര്യമായി വിജയിച്ചിട്ടില്ലാത്ത ജീൻ എഡിറ്റിങ് ചൈനയിൽ 86 പേരിൽ പരീക്ഷിച്ചു കഴിഞ്ഞു. ജീന്‍ എഡിറ്റിങ്ങിന്റെ ക്രിസ്പര്‍-കാസ് 9 വിദ്യ മൂന്നു വർഷം മുൻപു തന്നെ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയ രാജ്യമാണ് ചൈന.

 

അതേസമയം, മനുഷ്യരിലെ ജീൻ എഡിറ്റിങ്ങിന് ഭൂരിഭാഗം രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. ഏറെ വിവാദമുണ്ടാക്കിയ പരീക്ഷണമാണിത്. 2012 ലാണ് ക്രിസ്പര്ഡ കാസ് 9 മനുഷ്യരിൽ പരീക്ഷിക്കാൻ ശ്രമം നടന്നത്. അന്നു തന്നെ അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ജീൻ എഡിറ്റിങ്ങിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാൽ ചൈനയിൽ ജീൻ എഡിറ്റിങ്ങിന് കാര്യമായ നിയന്ത്രണമില്ല.

 

ജെനോം: മനുഷ്യനെ പൊളിച്ചടുക്കാം, ‘പീസ്, പീസായി’

 

മനുഷ്യന്റെ എന്നല്ല സർവജീവജാലങ്ങളുടെയും ജീവശാസ്ത്രജാതകം ആണ് ജെനോം അഥവാ ജനിതകഘടന. തലമുറകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറുതും വലുതുമായ ഗുണങ്ങളുടെയും ദോഷങ്ങളുടെയും ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയുമെല്ലാം തിരക്കഥയാണ് ഈ ജനിതകഘടന. ഒരോ ജീവിയുടെയും വ്യക്തിത്വം നിർണയിക്കപ്പെടുന്നത് ജനിതകഘടനയുടെ അടിസ്ഥാനത്തിലാണ്. ഒരു കംപ്യൂട്ടറിന്റെ വിവരങ്ങൾ മുഴുവൻ അതിന്റെ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരിക്കുന്നതുപോലെ ഓരോ ജീവജാലങ്ങളെയും സംബന്ധിച്ച സുപ്രധാന ഡേറ്റാബേസ് ആണ് ജെനോം. 

 

മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വൈദ്യശാസ്ത്രം കണ്ടെത്തിയ സൂത്രവിദ്യകളിലൊന്നാണ് ജെനോം എഡിറ്റിങ്. ജനിതകഘടനയിലെ പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ ഘടകങ്ങളെ പുറത്തു നിന്ന് ചേർക്കുകയും ഈ ഘടകങ്ങൾ ജനിതകഘടനയുടെ ഭാഗമായി തുടർന്നു പ്രവർത്തിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞർ വിവിധ രോഗങ്ങളുടെ ചികിൽസയ്ക്കും മറ്റുമായി ജീൻ തെറപ്പി ഉൾപ്പെടെയുള്ള രംഗങ്ങളിൽ ജെനോം എഡിറ്റിങ് പരീക്ഷിക്കുന്നുണ്ട്.  

 

ജെനോം എഡിറ്റിങ്ങിന് വിവിധ മാർഗങ്ങൾ വൈദ്യശാസ്തത്തിന്റെ കയ്യിലുണ്ടെങ്കിലും 2015ൽ പ്രചാരത്തിൽ വന്ന CRISPR സംവിധാനം ജെനോം എഡിറ്റിങ്ങിനെ ലളിതമാക്കി. അതോടെ, ജെനോം എഡിറ്റിങ് വൈദ്യശാസ്ത്രത്തിന്റെ വാതിലുകൾ തുറന്ന് പുതിയ വാണിജ്യസാധ്യതകൾ തേടി. എഡിറ്റാസ് മെഡിസിൻ, ഒഡിൻ തുടങ്ങിയ കമ്പനികൾ ജെനോം എഡിറ്റിങ്ങിലും ജീൻ എൻജിനീയറിങ്ങിലും ഇതിനോടകം ഇടപെട്ട് പണം കൊയ്യാനുള്ള മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. പൂർണമായും വൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ ജെനോം എഡിറ്റിങ് സ്വന്തം വീട്ടിൽ കാഴ്ചക്കാരായ മുപ്പതു പേരുടെ മുന്നിൽ വച്ച് നടത്തി ഒരു ശാസ്ത്രജ്ഞൻ മസിൽ പെരുപ്പിച്ചു തുടങ്ങിയതോടെയാണ് ബയോ ഹാക്കിങ്ങിന്റെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായത്. ഒഡിൻ എന്ന ജെനോം എഡിറ്റിങ് കമ്പനിയുടെ സിഇഒ ജോസിയാ സെയ്നർ ആണ് സ്വന്തം വീട്ടിൽ വച്ച് ജെനോം എഡിറ്റിങ് നടത്തി ഞെട്ടിച്ചത്. സെയ്നറുടേത് ഒരു പരീക്ഷണം മാത്രമായിരുന്നു.  

 

ശരീരത്തിലെ മസിൽ വളർച്ചയെ നിയന്ത്രിക്കുന്ന ജെനോം കോഡിലാണ് സെയ്നർ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് കഴിഞ്ഞ് സെയ്നർ മസിൽമാൻ ആയോ ഇല്ലയോ എന്നല്ല, ആൾ ജീവനോടെയുണ്ടോ എന്നാണ് കേട്ടവരെല്ലാം അന്വേഷിച്ചത്. സെയ്നർ കൂടുതൽ പരീക്ഷണങ്ങൾക്കു തയ്യാറാടെുപ്പുകൾ നടത്തി ഉഷാറായിരിക്കുന്നുണ്ട്. 

സെയ്നർ ഒരുദാഹരണം മാത്രമാണ്. ജെനോം എഡിറ്റിങ് വഴി മനുഷ്യരാശിയുടെ നന്മയാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതുപോലുള്ള ബയോഹാക്കിങ്ങിന്റെ വെല്ലുവിളികൾ മറിച്ചുള്ള ഫലങ്ങളുണ്ടാക്കിയേക്കാം എന്നതാണ് ആശങ്ക.ക്രിസ്പർ മാത്രമല്ല, സ്മാർട് റെറ്റിനയും, മസ്തിഷ്കത്തിന്റെ ഏതുഭാഗത്തും മരുന്നെത്തിക്കാൻ രക്തത്തിലൂടെ ഒരു വാഹനം കണക്കെ സഞ്ചരിക്കാൻ കഴിയുന്ന നാനോ പാർട്ടിക്കിളും എല്ലാം ബയോഹാക്കിങ്ങിന്റെ ഉദാഹരണങ്ങളാണ്.  

 

മനുഷ്യന്റെ ആയുസും ആരോഗ്യവും വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ ആധുനികമാർഗങ്ങളെയെല്ലാം ആശങ്കയോടെ നോക്കിത്തുടങ്ങിയിരിക്കുകയാണ് ലോകം. ഇത്തരം സംവിധാനങ്ങളെക്കുറിച്ചുള്ള ഭീതി ടെക്നോഫോബിയയായി വളർന്നിരിക്കുന്നു. വീട്ടിനുള്ളിൽ തനിച്ചിരുന്നു ബയോഹാക്കിങ് നടത്താനുള്ള ഉപകരണങ്ങൾ ഇന്റർനെറ്റിൽ ലഭിക്കുമ്പോൾ അതേ മാർഗങ്ങളുപയോഗിച്ച് മറ്റുള്ളവരെയും ഹാക്ക് ചെയ്യാനാവില്ലേ ? ശത്രുക്കളെ ഉന്മൂലനം ചെയ്യാനും നിലപാടുകൾ തിരുത്താനും ബയോഹാക്കിങ്ങിനു സാധിക്കില്ലേ ? 

 

വാണിജ്യ സാധ്യതകൾ ലോകമെങ്ങും ബയോ ഹാക്കർമാർക്ക് ഉണർവു നൽകിയിട്ടുണ്ട്. ജെനോം എഡിറ്റിങും മറ്റു ബയോഹാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ച് അതിമാനുഷരെ സൃഷ്ടിക്കാൻ കഴിയുന്ന കാലം അതിവിദൂരമല്ലെന്നതാണ് സത്യം. വ്യക്തികൾ തമ്മിൽ മിണ്ടാതെയും പറയാതെയും ചിന്തകൾ കൈമാറി ആശയവിനിമയം നടത്താൻ കഴിയുന്ന ഇന്റർനെറ്റ് ഓഫ് സെൻസസ് ഉൾപ്പെടെയുള്ള വന്യമായ ആശയങ്ങളാണ് ശാസ്ത്രലോകത്തെ വഴിനടത്തുന്നത്. ശേഷം, കാലത്തിന്റെ കയ്യിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com