ADVERTISEMENT

ചൊവ്വാ ദൗത്യം സജീവമായി ചര്‍ച്ചകളില്‍ നിറയുമ്പോള്‍ ചൊവ്വയിലെ പൊടി മനുഷ്യരില്‍ അലര്‍ജിയുണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഹാരിസണ്‍ ജാക് ഷ്മിത്ത്. അപോളോ ദൗത്യത്തിന്റെ ഭാഗമായി 1972ല്‍ ചന്ദ്രനിലിറങ്ങിയ അദ്ദേഹത്തിന്റെ വാക്കുകളെ എളുപ്പത്തില്‍ തള്ളിക്കളയാനാകില്ല. ചന്ദ്രന്റെ ഉപരിതലത്തിലെ പൊടി തനിക്ക് അലര്‍ജിയുണ്ടാക്കിയെന്ന സ്വന്തം അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 

 

ഇപ്പോള്‍ 83 വയസുള്ള ഹാരിസണ്‍ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലിറങ്ങിയത്. ജിയോളജിസ്റ്റായ അദ്ദേഹം മണിക്കൂറുകളോളം ചന്ദ്രന്റെ ഉപരിതലത്തില്‍ വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ഇതിനിടെ മുഖത്തെ സുരക്ഷാ കവചം മാറ്റുകയും അപ്പോള്‍ ചന്ദ്രനിലെ പൊടി ശ്വസിക്കുകയും ചെയ്തത് പിന്നീട് അലര്‍ജിക്കിടയാക്കിയെന്നാണ് ഹാരിസണിന്റെ വെളിപ്പെടുത്തല്‍. സൂറിച്ചില്‍ നടക്കുന്ന സ്റ്റാര്‍മസ് സ്‌പേസ് ഫെസ്റ്റിവലിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

 

ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങളുണ്ടെങ്കില്‍ ഇത്തരം പൊടി അലര്‍ജിയില്‍ നിന്നും സുരക്ഷ ഉറപ്പിക്കാനുള്ള കാര്യങ്ങള്‍ കൂടി ഗവേഷകര്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ തവണ ചന്ദ്രനിലെ പൊടി ശ്വസിച്ചപ്പോള്‍ മൂക്കിനകത്ത് എന്തോ വീര്‍ത്ത പോലെ തോന്നിയെന്നും ശബ്ദം അടഞ്ഞുപോയെന്നും ഹാരിസണ്‍ പറയുന്നു. 

 

'എന്നാല്‍ പതുക്കെ ആ ബുദ്ധിമുട്ട് കുറയുകയാണുണ്ടായത്. നാലാം തവണ മുഖാവരണം മാറ്റിയപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും തോന്നിയില്ല', അതേസമയം എല്ലാവര്‍ക്കും അതുപോലെയായിരുന്നില്ലെന്നും ചിലര്‍ക്ക് വലിയ തോതിലുള്ള അലര്‍ജിക്ക് ഇത് കാരണമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

 

ഈ അനുഭവം മുന്നില്‍ കണ്ട് ചൊവ്വയില്‍ ഇറങ്ങുന്ന മനുഷ്യര്‍ മുഖാവരണം മാറ്റരുതെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരം പൊടികളില്‍ ചിലത് ശ്വാസകോശ അര്‍ബുദത്തിന് പോലും കാരണമായേക്കാം. ചാന്ദ്ര ദൗത്യത്തില്‍ മനുഷ്യന്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അവിടുത്തെ പൊടിയെന്ന് സ്റ്റോണി ബ്രൂക്ക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ അയണ്‍ ഓക്‌സൈഡിന്റെ അളവ് കൂടുതലുള്ളതിനാല്‍ പൊടിയില്‍ വിഷാംശം പോലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com