ADVERTISEMENT

അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ ലോകത്തെ ഏത് രാജ്യവുമൊന്ന് പേടിക്കും. എന്നാല്‍ അന്യഗ്രഹജീവികളെ രക്ഷിക്കാന്‍ യുഎസ് മിലിറ്ററി ബേസ് വരെ ആക്രമിക്കാന്‍ തയാറാണെന്നാണ് നാല് ലക്ഷം പേര്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്യഗ്രഹജീവികളെ തടവിലാക്കിയിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ഏരിയ 51 മിലിറ്ററി ബേസ് ആക്രമിക്കാനാണ് സോഷ്യല്‍മീഡിയക്കാർ പദ്ധതിയിടുന്നത്!

 

എല്ലാത്തിനും തുടക്കമിട്ടത് ഫെയ്സ്ബുക്കിലെ ഒരു ഇവന്റാണ്. സെപ്റ്റംബര്‍ 20ന് നെവാഡയിലെ ഏരിയ 51 മിലിറ്ററി ബേസ് ബലം പ്രയോഗിച്ച് തുറന്ന് അന്യഗ്രഹജീവികളെ രക്ഷിക്കാന്‍ ആരുണ്ട് എന്നതായിരുന്നു ചോദ്യം. അന്യഗ്രഹജീവികള്‍ക്കു വേണ്ടി മിലിറ്ററി ക്യാംപ് തകര്‍ക്കാന്‍ പോലും തയാറാണെന്ന് നാല് ലക്ഷത്തോളം പേരാണ് വ്യക്തമാക്കിയിരിക്കുന്നത്. 

 

ഇത്രമേല്‍ പ്രാധാന്യവും പ്രചാരവും ഒരു ഫെയ്സ്ബുക് പ്രാങ്കിന് ലഭിക്കുന്നതെങ്ങനെ എന്ന് ചിന്തിക്കുന്നവര്‍ ഏരിയ 51നെക്കുറിച്ച് കൂടുതലറിയണം. ലോകമെങ്ങുമുള്ള അന്യഗ്രഹജീവി വേട്ടക്കാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഏരിയ 51ലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുക എന്നത്. നെവാഡയിലെ മരുഭൂമിയില്‍ പതിനായിരക്കണക്കിന് മൈല്‍ ചുറ്റളവില്‍ അതീവ സുരക്ഷയുള്ള അമേരിക്കന്‍ മിലിറ്ററി ബേസാണ് ഏരിയ 51. 

area-51-event

 

അര നൂറ്റാണ്ടോളമായി ഈ മിലിറ്ററി ബേസില്‍ അമേരിക്ക പിടികൂടിയ അന്യഗ്രഹജീവികളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഈ അന്യഗ്രഹജീവികളെ വച്ച് പല പരീക്ഷണങ്ങളും നടത്തുന്നുവെന്നും ഇവര്‍ കരുതുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ അന്യഗ്രഹജീവികളില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഇത്തരം മിലിറ്ററി ക്യാംപുകളില്‍ അവയെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് കോൺസ്പിറസി സിദ്ധാന്തക്കാര്‍ വാദിക്കുന്നത്.

 

അസാധാരണമായ സുരക്ഷയാണ് ഏരിയ 51ന് അമേരിക്ക ഒരുക്കിയിരിക്കുന്നതെന്ന് വാസ്തവമാണ്. ഇത് തന്നെയാണ് കോൺസ്പിറസി സിദ്ധാന്തക്കാരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നതും. സാധാരണക്കാര്‍ക്ക് ഈ മിലിറ്ററി ബേസിന്റെ ഏഴയലത്തുപോലും എത്താനാകില്ല. ഡ്രോണുകള്‍ പോലുള്ളവ ഉപയോഗിച്ചുള്ള നിരീക്ഷണവും ഫോട്ടോയോ വിഡിയോയോ എടുക്കലോ പോലും അനുവദിച്ചിട്ടില്ല. 

area-51-us-army

 

അന്യഗ്രഹജീവികളില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പറക്കും തളികകളെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും പഠനവും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്ന് പെന്റഗണ്‍ തന്നെ പലപ്പോഴും സമ്മതിച്ചിട്ടുണ്ട്. ഇതുതന്നെയാകാം അന്യഗ്രഹജീവികളെ തേടി മിലിറ്ററി ക്യാംപ് ആക്രമിക്കാമെന്ന കടുംകൈ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍. എങ്കിലും കളിക്കുന്നത് അമേരിക്കയോടും യുഎസ് സൈന്യത്തോടുമായതിനാല്‍ ഈ ഫെയ്സ്ബുക് ഇവന്റില്‍ സൈന്‍ ചെയ്തവരില്‍ അധികമാരും സെപ്റ്റംബര്‍ 20ന് നെവാഡയിലെ ഏരിയ 51ല്‍ എത്താനിടയില്ല.

 

എന്താണ് ഏരിയ 51?

 

ഓൺലൈൻ സയൻസ് മാഗസിനുകളുടെ 'നിധികുഴിച്ചെടുക്കൽ കേന്ദ്ര'മെന്ന് പ്രാഥമികമായി പറയാം, ഏരിയ 51നെക്കുറിച്ചുള്ള ഏത് വാർത്തകളും പാശ്ചാത്യമാധ്യമങ്ങളിൽ ചൂടപ്പമാണ്. അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഏരിയ 51. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും പുറംലോകത്തിന് അവ്യക്തമാണ്. ഈ രഹസ്യമൂടുപടം ഈ സ്ഥലത്തെക്കുറിച്ച് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം ജനങ്ങളിലുണ്ടാക്കാനിടയാക്കുന്നു. ഇവിടേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നവരും കുറവല്ല.

 

നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ച് എന്നാണ് എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമായുള്ള ഈ സ്ഥലത്തിന്റെ ഔദ്യോഗിക നാമം. ‌ഏരിയ 51ൽ നിന്ന് പുറത്തുവരുന്ന പരീക്ഷണ എയർക്രാഫ്റ്റുകളാകാമത്രെ പറക്കുംതളികകളെന്ന് പ്രതീതി ജനങ്ങളിലുണ്ടാക്കുന്നതെന്ന് നിരീക്ഷകർ പറയുന്നുണ്ട്. എന്നാൽ 2012ൽ നാഷണൽ ജോഗ്രഫിക് ചാനൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് 80 ദശലക്ഷം അമേരിക്കക്കാർ അന്യഗ്രഹജീവികൾ സത്യമാണെന്ന് വിശ്വാസിക്കുന്നുണ്ടത്രെ. അന്യഗ്രഹജീവികൾ ഭൂമി സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നു കരുതുന്നവരും പകുതിയിലധികം പേരുണ്ട്. 

 

50 വർഷത്തോളമായി ഏരിയ 51 വാർത്തകളിലുണ്ട്. എന്നാൽ ഇതേവരെ ഒരു അമേരിക്കൻ പ്രസിഡന്റും ഈ സ്ഥലത്തെപ്പറ്റി പറയാൻ തയാറായിട്ടില്ല. എന്നാൽ മുൻ പ്രസിഡന്റ് ക്ലിന്റൺ ഏരിയ 51ലെ യുഎഫ്ഒ ഫയലുകകളിൽ കാര്യമായി ഒന്നുംതന്നെ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഹിലരി ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേവലം കൗതുകം മാത്രമല്ല ഹിലരിയുടെ ഈ തീരുമാനത്തിന് പിന്നിൽ സുതാര്യതയെന്നതത്രെ ലക്ഷ്യം. മുൻ പ്രസിഡന്റിന്റെ ഭാര്യയായിട്ടും ഈ രഹസ്യം അറിയില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com