ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 പേടകം വിജയകമായി ഭ്രമണപഥത്തിലെത്തിയിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിലെ കാര്യങ്ങൾ നിയന്ത്രിക്കുക രണ്ടു വനിതകളായിരിക്കും. ചന്ദ്രയാന്‍ 2 ദൗത്യത്തിന് നേതൃത്വം വഹിക്കുന്നത് രണ്ട് വനിതകളാണ്. പ്രൊജക്റ്റ് ഡയറക്ടര്‍ മുത്തയ്യ വനിതയും മിഷന്‍ ഡയരക്ടര്‍ റിതു കരിദാലും. പേടകം മുകളിൽ എത്തിയെങ്കിലും ദൗത്യം വിജയിക്കുന്നതു വരെ കാര്യങ്ങൾ ഇവരുടെ നിയന്ത്രണത്തിലായിരിക്കും.

 

ചന്ദ്രയാൻ രണ്ടിന്റെ ഭൂരിഭാഗം കാര്യങ്ങളും നിയന്ത്രിക്കുന്നത് മുത്തയ്യ വനിതയും റിതു കരിദാലുമാണ്. ലോകം ഒന്നടങ്കം വീക്ഷിക്കുന്ന ഒരു ദൗത്യത്തിന്റെ ചുക്കാൻപിടിക്കുന്നത് രണ്ടു വനിതകളാണെന്ന് വിളിച്ചുപറയുന്നതിൽ രാജ്യത്തിനു അഭിമാനിക്കാം.

 

2006ല്‍ ഇന്ത്യന്‍ ബഹിരാകാശ സൊസൈറ്റിയുടെ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മുത്തയ്യ വനിത കഴിഞ്ഞ 20 വർഷമായി ഐഎസ്ആർഒയിൽ സേവനം ചെയ്യുന്നുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായ മുത്തയ്യ വനിതയുടെ രാപകൽ കഠിനാധ്വാനമാണ് ചന്ദ്രയാൻ രണ്ട്. ദിവസങ്ങളോളം വീട്ടിൽ പോകാതെ ഓഫിസിലിരുന്ന് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ചന്ദ്രയാൻ രണ്ട്. ഡിസൈന്‍ എന്‍ജിനീയറായി ജോലിയിൽ പ്രവേശിച്ച മുത്തയ്യ വനിത ഐഎസ്ആര്‍ഒയുടെ ആദ്യ വനിതാ പ്രൊജക്റ്റ് ഡയരക്ടര്‍ കൂടിയാണ്.

 

റോക്കറ്റ് വുമൺ എന്ന് വിശേഷിപ്പിക്കുന്ന ഗവേഷകയാണ് റിതു കരിദാൽ. 2013-2014ൽ മംഗൽയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻ ഡയറക്ടറായിരുന്നതിനാൽ റിതു കരിദാലിനെ ഇന്ത്യയിലെ ‘റോക്കറ്റ് വുമൺ’ എന്നാണ് അറിയപ്പെടുന്നത്.

 

ചന്ദ്രയാൻ 2 ന്റെ മിഷൻ ഡയറക്ടറുടെ സ്ഥാനം വഹിക്കുന്ന കരിദാൽ ബഹിരാകാശപേടകം ഭൂമിയിൽ നിന്ന് പറന്നുയർന്നു കഴിഞ്ഞതോടെ ചന്ദ്രയാൻ 2 ദൗത്യത്തിലുടനീളം മുത്തയ്യ വനിതയുമായി ചേർന്ന് പ്രവർത്തിക്കും. ബെംഗളൂരുവിലെ ഐ‌എസ്‌സിയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഗവേഷകയാണ് റിതു കരിധാൽ. മുൻപ് മാർസ് ഓർബിറ്റർ മിഷനുള്ള ഐഎസ്ആർഡഒ ടീം അവാർഡും 2007 ൽ മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാമിൽ നിന്ന് ഐഎസ്ആർഒ യംഗ് സയന്റിസ്റ്റ് അവാർഡും നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com