sections
MORE

സമുദ്രത്തിൽ മുങ്ങുന്നത് ഭീമൻ കപ്പലുകളും വിമാനങ്ങളും, കണ്ടെത്താനൊരുങ്ങി പതിനായിരങ്ങൾ

bermuda-triangle
Representative Image
SHARE

ഭീമൻ കപ്പലുകളും വിമാനങ്ങളും നിഗൂഢാത്മകമായി അപ്രത്യക്ഷമാകുന്ന പ്രദേശമായാണ് നോര്‍ത്ത് അറ്റലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ബെര്‍മുഡ ട്രയാംഗിൾ അറിയപ്പെടുന്നത്. 'ഏരിയ 51 കയ്യേറുക' (Storm the Area 51) എന്ന സമൂഹമാധ്യമ നീക്കത്തിനു പിന്നാലെ പുതിയതായി രൂപംകൊണ്ടുവന്ന മറ്റൊരു മുന്നേറ്റമാണ് ബര്‍മുഡ ട്രയാംഗിൾ 'റെയ്ഡ്'. കേവലം തമാശയായി തുടങ്ങിയതായിരുന്നു സ്റ്റോം ദി ഏരിയ 51 നീക്കം. എന്നാല്‍ ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ലക്ഷക്കണക്കിന് ആളുകള്‍ പിന്തുണ അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ വൈറലാകുന്നത് ബെര്‍മുഡ ട്രയാംഗിൾ റെയ്ഡ് ചെയ്യാനുള്ള നീക്കമാണ്. 40,000ത്തോളം പേര്‍ ഈ ഫ്‌ളാഷ് മോബ് നീക്കത്തിന് സൈന്‍-അപ് ചെയ്തു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുകൂടാതെ 50,000 ത്തോളം പേര്‍ ഇതിനു താത്പര്യവും അറിയിച്ചു കഴിഞ്ഞുവത്രെ. ക്യൂബയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ അറ്റലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കപ്പല്‍-വിമാന വിഴുങ്ങിയായ ഈ പ്രദേശം 'റെയ്ഡ്' ചെയ്യാനുള്ള നീക്കത്തിന് അനുദിനം പിന്തുണ വര്‍ധിക്കുകയാണ്.

ഏരിയ 51 നീക്കത്തിനു ജനസമ്മതി നേടിക്കൊടുത്ത മുദ്രാവാക്യം 'ഗാര്‍ഡുകള്‍ക്ക് നമ്മളെ എല്ലാവരെയും വെടിവച്ചിടാനാവില്ല' എന്നതായിരുന്നുവെങ്കില്‍ പുതിയ മുന്നേറ്റത്തിന്റെ പരസ്യവാചകം 'ബെര്‍മുഡ ട്രയാംഗിളിന് നമ്മളെ എല്ലാം (ഒറ്റയടിക്ക്) വിഴുങ്ങാനാവില്ല' എന്നാണ്. ഒക്ടോബര്‍ 1ന് ഈ മുന്നേറ്റം നടത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ഇതിനായി ഒരു ക്രൗഡ്ഫണ്ടിങ് പേജും തുടങ്ങിയിട്ടുണ്ട്. 175,000 ഡോളര്‍ സ്വരൂപിക്കാനാണ് ഉദ്ദേശം. ഇതുപയോഗിച്ചു വേണം പങ്കെടുക്കാനെത്തുന്നവര്‍ക്ക് ബോട്ടുകളും സ്‌ക്യൂബാ വസ്ത്രങ്ങളും വാങ്ങാനെന്നു സംഘാടകര്‍ പറയുന്നു. മുഖ്യ സംഘാടകനായ ആന്റണി കാര്‍ണിവെല്‍ പറയുന്നത് ഈ നീക്കം പരാജയപ്പെട്ടാല്‍ പിരിച്ചു കിട്ടുന്ന പണം തിരികെ കൊടുക്കുമെന്നാണ്. എന്നാല്‍ ഈ നീക്കം വിജയകരമായാല്‍ പങ്കെടുക്കുന്നവര്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കുമായി ഒരു പാര്‍ട്ടി നടത്തുമെന്നും കാര്‍ണിവെല്‍ പറയുന്നു. ലൈവ് മ്യൂസിക്, വിനോദ പരിപാടികള്‍, ബീച്ച് പാര്‍ട്ടി എന്നിവ ഉള്‍പ്പെടുത്തിയാകും ആഘോഷമെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്കന്‍ സൈന്യം തടവിലാക്കിയ അന്യഗ്രഹവാസികള്‍ ഏരിയ 51 എന്നറിയപ്പെടുന്ന പ്രദേശത്തുണ്ടെന്ന വിശ്വാസമാണ് സ്റ്റോം ഏരിയ 51 എന്ന നീക്കത്തിനു ബലം നല്‍കുന്നത്. ഔദ്യോഗികമായി ഏരിയ 51 അമേരിക്കന്‍ സൈന്യത്തിന്റെ പരിശീലനക്കളരിയാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പ്രദേശത്ത് അണ്വായുധങ്ങള്‍ ടെസ്റ്റു ചെയ്യാനായും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഏരിയ 51ന് കൂടുതല്‍ സുരക്ഷയും ഇതിലൂടെ പൊതുജനത്തിനു മുന്നില്‍ നിഗൂഢതയുടെ പരിവേഷവും ലഭിക്കാനായതെന്നും വാദമുണ്ട്. ഏരിയ 51 നീക്കം മനസിലാക്കിയ അമേരിക്കന്‍ സൈന്യവും വ്യോമസേനയും ഇതിനെതിരെ ഔദ്യോഗിക മുന്നറിയിപ്പും ഇറക്കിക്കഴിഞ്ഞു. സൈന്യത്തിനായി നീക്കിവച്ചിരിക്കുന്ന ഈ പ്രദേശത്തേക്കു കടക്കാന്‍ ശ്രമിച്ചാല്‍ ശക്തിയുപയോഗിച്ചു നേരിട്ടിരിക്കുമെന്ന മുന്നറിയിപ്പാണ് അവര്‍ നൽകിയിരിക്കുന്നത്. ഈ നീക്കത്തിനു ചുക്കാന്‍പിടിച്ച മാറ്റി റോബട്‌സ് പറയുന്നത് താനിപ്പോള്‍ പേടിച്ചു വിറച്ചിരിക്കുകയാണെന്നാണ്. അമേരിക്കയുടെ സുരക്ഷാ സേനയായ ഫെഡറര്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അല്ലെങ്കില്‍ എഫ്ബിഐ ഏതു സമയത്തും തന്റെ വാതില്‍ക്കല്‍ മുട്ടിയേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 

താനൊരു താമാശ എന്ന രീതിയിലാണ് ജൂണ്‍ 27ന് സ്റ്റോം ഏരിയ 51 മുന്നേറ്റത്തെക്കുറിച്ചുള്ള പോസ്റ്റിട്ടത്. മൂന്നു ദിവസത്തിനുള്ളില്‍ 40 ആളുകള്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്. പിന്നെ അതങ്ങു വൈറലാകുകയായിരുന്നു. വന്യമായി രീതിയില്‍ അതു വൈറലായി. ഇനിയിപ്പോള്‍ എഫ്ബിഐ തന്റെ വീട്ടിലെത്തുമെന്നും അദ്ദേഹം പറയുന്നു. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുക എന്ന ആശയത്തിനു അപാരമായ വശീകരണ ശക്തിയാണുളളത്. പല സിനിമകളും ഈ വിഷയം ഉപയോഗിച്ച് നിര്‍മിച്ചിട്ടുണ്ട്. ശരാശരിക്കാരുടെ ഭാവനയെ ഇത് കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്. ഇതു കൂടാതെയാണ് ഭാവനയുടെ എരിതീയിലേക്ക് പകര്‍ന്ന എണ്ണയായി ചിലരുടെ പ്രസ്താവനകള്‍ വന്നത്. നാസയുടെ മുന്‍ കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റംസ് ചീഫ് മോറിസ് ചാറ്റലൈന്‍ പറഞ്ഞത് ഭൂമിയിൽ നിന്നു വിക്ഷേപിച്ച എല്ലാ അപ്പോളോ, ജെമിനി ഫ്‌ളൈറ്റുകളെ വളരെ അടുത്തോ അകലെയോ ആയി അന്യഗ്രഹ നിര്‍മിത ആകാശ നൗകകള്‍ പിന്തുടര്‍ന്നിരുന്നു എന്നാണ്. എന്നാല്‍ കൂടുതല്‍ സ്ഥരീകരണം ഇതിനൊന്നും ലഭിച്ചിട്ടില്ല. പിന്നെ ഭൂമിയില്‍ നിന്ന് പല കാലത്തായി ലഭിച്ചിട്ടുളള ഹ്യൂമനോഡിയുകളുടെ അസ്തികൂടങ്ങളും ഭാവനയ്ക്ക് കൂടുതൽ സഹായകമായി. (ഈ അസ്തികൂടങ്ങള്‍ക്ക് യാതൊരു അന്യഗ്രഹ ബന്ധവുമില്ലെന്ന് പില്‍ക്കാലത്ത് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിരുന്നു.)

എന്നാല്‍, ഇതേക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ചവര്‍ പറയുന്നത് അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്താനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ്. യുഎഫ്ഒ കണ്ടുവെന്നും മറ്റും പറയുന്നത് സാധാരണക്കാര്‍ മാത്രമാണ് എന്നതാണ് വസ്തുത. അന്യഗ്രഹത്തില്‍ ജീവന്‍ ഉണ്ടായിരിക്കുക എന്നത് വളരെ സാധ്യതയുള്ള കാര്യമാണെങ്കിലും ഭൂമിയില്‍ വന്നിട്ടു പോകുന്ന അന്യഗ്രഹ ജീവികള്‍ എന്ന ആശയം ഇന്ന് തള്ളിക്കളയപ്പെട്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ പഠിക്കാനായി സ്ഥാപിച്ചിട്ടുള്ള പല ശാസ്ത്രീയ സംവിധാനങ്ങളും ഉണ്ട്. അവയുടെയെല്ലാം കണ്ണു വെട്ടിച്ചാണ് ഇവ സാധാരണക്കാരായ, ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് ശരാശരി ധാരണ പോലുമില്ലാത്ത ആളുകളുടെ ദൃഷ്ടിയില്‍ പെടുന്നത് എന്നതാണ് പ്രധാന തമാശ. ഇതുവരെ വന്ന മിക്ക അവകാശവാദങ്ങളും വെറും പൊള്ളയാണെന്ന് പിന്നീടുളള അന്വേഷണങ്ങളില്‍ കണ്ടെത്തിയതും ആകാശ ജീവികള്‍ എന്നത് ഭാവനയൊ അറിവില്ലായ്മയോ ആണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ആയതെന്നും പറയുന്നു.

ബര്‍മുഡ ട്രയാംഗിളില്‍ കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന്റെ കാരണം അവിടത്തെ വന്യമായ കാലാവസ്ഥ പാറ്റേണുകള്‍ ആണെന്നാണ് ശാസ്ത്ര നിഗമനം. ഭൂമിയില്‍ സംഹാര താണ്ഡവമാടിയ കാറ്ററീന, ഇര്‍മാ, ഫ്‌ളോറന്‍സ് ഉള്‍പ്പെടെ പല കൊടുങ്കാറ്റുകളും രൂപംകൊണ്ടത് ബർമുഡ ട്രയാംഗിളിന്റെ പ്രദേശത്തു നിന്നാണെന്നത് മറ്റൊരു വസ്തുതയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA