ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 വിക്ഷേപണത്തെ വാനോളം പുകഴ്ത്തി ചൈന. ഗ്ലോബൽ ടൈംസ് ഉൾപ്പടെയുള്ള ചൈനീസ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ചന്ദ്രയാൻ–2 വിക്ഷേപണം വാർത്തയാക്കിയത്. ഇതോടൊപ്പം ഭാവിയിലെ ചന്ദ്രയാൻ ദൗത്യങ്ങളിൽ ഇന്ത്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും ചൈന അറിയിച്ചിട്ടുണ്ട്. 

 

ഇന്ത്യയുടെ ചന്ദ്രയാൻ -2 ദൗത്യത്തിന്റെ തുടക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുങ്കിങ് ബെയ്ജിംഗിൽ പറഞ്ഞു. ചാന്ദ്ര പര്യവേഷണങ്ങൾ നടത്താൻ ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും ചേരാൻ ചൈന തയാറാണ്. ചന്ദ്രനെക്കുറിച്ചും അതിനപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും കൂടുതൽ കണ്ടെത്തേണ്ടത് മനുഷ്യരാശിയുടെ പങ്കിട്ട ദൗത്യമാണെന്നു ചുങ്കിങ് പറഞ്ഞു.

 

ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ തലവൻ വു വീറെനും ഇന്ത്യയെ പ്രശംസിച്ചു. ചന്ദ്രനിൽ പര്യവേക്ഷണം ചെയ്യാനുള്ള രാജ്യാന്തര ശ്രമങ്ങൾ ചൈനയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കും. എന്നാൽ ഈ വിഷയത്തിൽ സ്വന്തം പദ്ധതിയൊരുക്കി ആരുമായും മത്സരിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

എല്ലാം ആസൂത്രണം ചെയ്ത പോലെ സംഭവിച്ചാൽ ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇതുവരെ സോവിയറ്റ് യൂണിയനും യുഎസിനും ചൈനയ്ക്കും മാത്രമേ ഇത് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണം ചെയ്തു ഡേറ്റയും ചിത്രങ്ങളും ശേഖരിക്കാനാണ് ചന്ദ്രയാൻ -2 ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്.

 

ചൈനയുടെ സ്വന്തം ദൗത്യമായ ചാങ് -4 ജനുവരിയിൽ ചന്ദ്രന്റെ ദക്ഷിണധ്രുവ-ഐറ്റ്കെൻ പ്രദേശത്ത് വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ചന്ദ്രനിലെ പര്യവേക്ഷണത്തിന്റെ പേരിൽ ചൈനയും ഇന്ത്യയും ഒന്നിച്ചാൽ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com