ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ന്റെ ഭ്രമണപഥം രണ്ടാമതും ഉയര്‍ത്തി. ചന്ദ്രയാൻ–2 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തലിന്റെ രണ്ടാം ഘട്ടം നടന്നത് വെളളിയാഴ്ച പുലർച്ചയോടെയാണ്. ആദ്യമായി ഉയര്‍ത്തിയത് ബുധനാഴ്ചയുമായിരുന്നു. ഭ്രമണപഥം ഉയർത്തൽ വിജയകരമായിരുന്നുവെന്ന് ഇസ്രോ അറിയിച്ചു.

 

ഓൺ‌ബോർഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റം ഉപയോഗിച്ച് 883 സെക്കൻഡ് ജ്വലനം നടത്തിയാണ് എർത്ത് ബൗണ്ട് ഭ്രമണപഥം ഉയർത്തൽ നടന്നത്. ചന്ദ്രയാൻ –2ന്റെ നിലവിലെ ഭ്രമണപഥം 251 x 54829 കിലോമീറ്ററാണ്. മൂന്നാമത്തെ ഭ്രമണപഥം ഉയർത്തൽ ദൗത്യം ജൂലൈ 29 ന് ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

 

ചന്ദ്രയാനിലെ ലിക്വിഡ് അപോജി മോട്ടോര്‍ നിശ്ചിത സമയം ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്നതിനു മുൻപെ ഇനി മൂന്നു തവണ കൂടി ഭ്രമണപഥം ഉയർത്തേണ്ടി വരും. അതേസമയം, ഭ്രമണപഥം ഉയർത്തുന്നത് വേണ്ടപോലെ ഫലിച്ചില്ലെങ്കിൽ പാതമാറ്റാൻ കൂടുതൽ ദൗത്യങ്ങൾ വേണ്ടിവരും. ഓഗസ്റ്റ് 14 നാണ് ഭ്രമണപഥം മാറ്റല്‍ പ്രക്രിയ അവസാനിക്കുക.

 

ലിക്വിഡ് അപോജി മോട്ടോറിന്റെ ജ്വലനത്തിനു അനുസരിച്ചാണ് ഭ്രമണപഥം ഉയർത്തൽ നടക്കുന്നത്. കര്‍ണാടകയിലെ ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥം ഉയർത്തൽ സിഗ്നലുകള്‍ കൈമാറുന്നത്. ബെംഗളൂരുവിലെ ഇസ്ട്രാക്, സാറ്റലൈറ്റ് സെന്റര്‍ എന്നിവരും ഇവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

 

വിക്ഷേപിച്ച ദിവസം തന്നെ ഭ്രമണപഥം 6000 കിലോമീറ്റര്‍ അധികമായി ലഭിച്ചതിനാലാണ് ചൊവ്വാഴ്ചത്തെ പാതമാറ്റൽ വേണ്ടെന്നു വച്ചത്. ഇതിനാൽ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോർ ജ്വലിക്കാൻ വേണ്ട ഇന്ധനം ലാഭിക്കാനായി. ഇത് വൻ നേട്ടമാണെന്ന് ഇസ്രോ ഗവേഷകര്‍ കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com