ADVERTISEMENT

സ്‌പേസ് എക്‌സിന്റെ പുതിയ റോക്കറ്റായ സ്റ്റാര്‍ ഹൂപ്പറിന് പരീക്ഷണത്തിനിടെ തീപിടിച്ചെങ്കിലും തുടർന്നുള്ള ദിവസത്തെ ദൗത്യം വിജയിച്ചു. സ്റ്റാര്‍ഹൂപ്പറിന്റെ പരീക്ഷണ വിവരം സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഈ മാസമാദ്യം നിശ്ചയിച്ചിരുന്ന പരീക്ഷണം അജ്ഞാത കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. അതേസമയം വ്യാഴാഴ്ച നടന്ന പരീക്ഷണം വിജയിച്ചുവെന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.

 

പരിമിതികളും സാധ്യതകളും കൂടുതല്‍ മനസിലാക്കാനായിരുന്നു ഇത്തരം പരീക്ഷണം ലക്ഷ്യമിട്ടിരുന്നതെന്നും അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ബുധനാഴ്ചത്തെ വിക്ഷേപണം മാറ്റിയെന്നുമായിരുന്നു സ്‌പേസ് എക്‌സ് എൻജിനീയര്‍ കേറ്റ് ടൈസ് അറിയിച്ചത്. എന്നാൽ വ്യാഴാഴ്ചത്തെ ദൗത്യത്തിൽ റോക്കറ്റ് എൻജിൻ കൃത്യമായി പ്രവർത്തിച്ചുവെന്നാണ് മസ്കിന്റെ ട്വീറ്റ് 

 

ഇന്ധനടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നും കാര്യമായ കേടുപാടുകളൊന്നും റോക്കറ്റിന് സംഭവിച്ചിട്ടില്ലെന്നും നേരത്തെ തന്നെ ഇലോണ്‍ മസ്‌ക് പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസവും നിരവധി പരീക്ഷണങ്ങളാണ് സ്റ്റാര്‍ഹൂപ്പറിനായി സ്പേസ് എക്സ് നടത്തുന്നത്. 

 

മറ്റ് റോക്കറ്റുകളെ പോലെ ഭൂമിയില്‍ നിന്നല്ല സ്‌പേസ്ഹൂപ്പര്‍ കുതിച്ചുയരുക. മറിച്ച് അല്‍പം ഉയര്‍ത്തിവെച്ച നിലയില്‍ നിന്നായിരിക്കും. ഇത്തരത്തില്‍ 60 അടി ഉയരത്തില്‍ നിന്നും സ്‌പേസ്ഹൂപ്പര്‍ കുതിച്ചുയരുന്ന പരീക്ഷണം നേരത്തെ സ്‌പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇത്തവണ 65 അടി ഉയരത്തില്‍ നിന്നും പറന്നുയരാനായിരുന്നു ശ്രമം. 

 

നേരത്തെ ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് എന്നറിയപ്പെട്ടിരുന്ന സ്റ്റാര്‍ഷിപ്പ് സ്‌പേസ് എക്‌സിന്റേയും ഇലോണ്‍ മസ്‌കിന്റേയും ചൊവ്വാ കുടിയേറ്റ സ്വപ്‌നങ്ങളില്‍ നിര്‍ണ്ണായക ഘടകമാണ്. ചൊവ്വയില്‍ മനുഷ്യകോളനി സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി സ്‌പേസ് എക്‌സ് മുന്നോട്ട് തന്നെയാണ്. 2020ല്‍ 100 യാത്രികരുമായി ചൊവ്വയിലേക്ക് സ്‌പേസ് എക്‌സ് കുതിച്ചുയരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. 2024 ആകുമ്പോഴേക്കും ചന്ദ്രനിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകാനാകുമെന്നും സ്‌പേസ് എക്‌സ് കണക്കുകൂട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com