ADVERTISEMENT

ഈജിപ്തിലെ കടലിനടിയില്‍ മുങ്ങിപ്പോയ പ്രാചീന നഗരമായ ഹെറാക്ലിയോണിലെ ക്ഷേത്രവും വിലയേറിയ വസ്തുക്കളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഭൂകമ്പവും വെള്ളപ്പൊക്കവും മൂലം 1200 വര്‍ഷങ്ങള്‍ക്ക് കടലിനടിയിലായിപ്പോയ ഹെറാക്ലിയോണ്‍ നഗരത്തെ 2000ത്തില്‍ മാത്രമാണ് കണ്ടെത്തുന്നത്. ഈ പ്രദേശത്ത് മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും വെങ്കലനാണയങ്ങളും ആഭരണങ്ങളും അടങ്ങുന്ന നിധിയും കണ്ടെത്തിയിരിക്കുന്നത്.

 

ഈജിപ്തിന്റെ അറ്റ്‌ലാന്റിസ് എന്നറിയപ്പെടുന്ന വടക്കന്‍ തീരത്തു നിന്നാണ് കണ്ടെത്തല്‍. അത്യാധുനിക സ്‌കാനിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണമാണ് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലേക്ക് നയിച്ചത്. ബിസി മൂന്നോ നാലോ നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ആരാധനാലയമാണിതെന്നാണ് കരുതപ്പെടുന്നത്. കണ്ടെത്തിയ വെങ്കലനാണയങ്ങളില്‍ Ptolemy II രാജാവിന്റെ (ബി.സി 283- 246) ചിത്രമാണുള്ളത്. 

 

ഹെറാക്ലിയോണ്‍ നഗരത്തിനോട് ചേര്‍ന്നുള്ള കാനോപ്പസ് പ്രദേശത്തിന്റെ ഭൂപടം തയാറാക്കുന്നതിലും ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനൊപ്പം കണ്ടെത്തിയ നാണയങ്ങളില്‍ ചെമ്പിനൊപ്പം സ്വര്‍ണ്ണവുമുണ്ട്. കമ്മലുകളും വളകളും മാലകളും അടക്കമുള്ള ആഭരണങ്ങളും കണ്ടെത്താനായി.

 

തുറമുഖ നഗരമായിരുന്നതിനാല്‍ പ്രദേശത്തു നിന്നും മുങ്ങിപ്പോയ പ്രാചീന കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കൂടി ലഭിക്കുമെന്ന പ്രതീക്ഷ ഗവേഷകര്‍ക്കുണ്ട്. ഹെറാക്ലിയോണ്‍ നഗരത്തിലായിരുന്നു ക്ലിയോപാട്രയെ ഗ്രീക്ക് ജനതക്കു മുന്നില്‍ പരിചയപ്പെടുത്തിയ ക്ഷേത്രവുമുണ്ടായിരുന്നത്. മേഖലയിലെ പ്രധാന കച്ചവടകേന്ദ്രമായിരുന്ന ഈ പ്രദേശം നിലവില്‍ അബൗകിര്‍ ഉള്‍ക്കടലില്‍ മുങ്ങിയ നിലയിലാണുള്ളത്. 

 

കടലിനടിയില്‍ നിരീക്ഷണം നടത്തുമ്പോള്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ് പുരാവസ്തുഗവേഷകനായ ഡോ. ഫ്രാങ്ക് ഗോഡിയോയും സംഘവും അപ്രതീക്ഷിതമായി ഈ പുരാണ നഗരത്തെ കണ്ടെത്തുന്ന്. 

പതിനെട്ടാം നൂറ്റാണ്ടിലെ നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ കപ്പലുകള്‍ക്ക് വേണ്ടിയായിരുന്നു ഇവര്‍ യഥാര്‍ഥത്തില്‍ തെരച്ചില്‍ നടത്തിയിരുന്നത്. തുടര്‍ന്ന് ചളിയും മണലും കൂടുതല്‍ നീക്കിയപ്പോള്‍ ഗവേഷകര്‍ക്ക് മുന്നില്‍ ആയിരം വര്‍ഷം മുൻപത്തെ പൗരാണിക കച്ചവട നഗരം തെളിഞ്ഞു വരികയായിരുന്നു. 

 

നാല് വര്‍ഷത്തോളമെടുത്താണ് ഇപ്പോള്‍ പുരാവസ്തുഗവേഷകര്‍ നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തിലായിരുന്നു ഈ പഠനം. വരുന്ന 200 വര്‍ഷങ്ങളെങ്കിലുമെടുക്കും മേഖലയിലെ പഠനം പൂര്‍ത്തിയാകാനെന്നാണ് ഡോ. ഗോഡിയോയുടെ നിരീക്ഷണം. ഭൂകമ്പങ്ങള്‍ക്കൊപ്പം മേഖലയിലെ സമുദ്രനിരപ്പ് ഉയരുക കൂടി ചെയ്തതോടെ 12 അടി ആഴത്തില്‍ ഈ പൗരാണിക നഗരം മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com