ADVERTISEMENT

ബോംബുകളിൽ ജനകീയൻ ആറ്റം ബോംബാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അതിൽ ഓരോന്ന് ഇട്ടതോടെ ബോംബെന്ന് കേൾക്കുന്നതു തന്നെ എല്ലാവർക്കും പേടിയായി. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകൾ വെറെ പലത് വന്നിട്ടും ആറ്റം ബോംബ് തന്നെയാണ് ഇന്നും സാധാരണക്കാരന്റെ മനസ്സിലെ ‘ബോംബ് രാജാവ്’.

 

അതു കൊണ്ടാവണം ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചെന്നു കേട്ടിട്ടും ആരും അതിനെ കാര്യമാക്കിയെടുക്കാത്തത്. ‘‘ഹൈഡ്രജനല്ലേ ആറ്റം ബോംബ് ഒന്നുമല്ലല്ലോ അവനോട് പോകാൻ പറ’’ എന്ന മനോഭാവം. പക്ഷേ ഹൈഡ്രജൻ ബോംബിനെ അങ്ങനെ നിസാരക്കാരനായി കാണരുത്. ആയിരം കോഴിക്ക് അര കാട എന്നാണ് ചൊല്ല്. പക്ഷേ ആയിരം ആറ്റം ബോംബിന് അര ഹൈഡ്രജൻ ബോംബ് പോലും വേണ്ട എന്നതാണ് സത്യം.

 

അണുസ്ഫോടനങ്ങൾ 2 തരം

 

ന്യൂക്ലിയർ റിയാക്ഷൻസ് അല്ലെങ്കിൽ അണുസ്ഫോടനങ്ങൾ പ്രധാനമായും രണ്ടെണ്ണമാണ്. ആറ്റമിക് ഫിഷനും ആറ്റമിക് ഫ്യൂഷനും. ഭാരമുള്ള ഒരു ആറ്റം (കണിക, അണു) പലതായി വേർപെട്ട് ഭാരം കുറഞ്ഞ ഘടകങ്ങളാകുന്നതിനെയാണ് ആറ്റമിക ഫിഷൻ എന്നു വിളിക്കുന്നത്. ഫിഷൻ നടക്കുമ്പോൾ ഉൗർജം ഉൽപാദിപ്പിക്കപ്പെടുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അണുബോംബുകളുടെ പ്രവർത്തനാടിസ്ഥാനം ആറ്റമിക് ഫിഷനാണ്.

 

ഭാരം കുറഞ്ഞ രണ്ടു കണികകൾ കൂടിച്ചേർന്ന ഭാരമുള്ള കണികയാകുന്ന പ്രക്രിയയാണ് ആറ്റമിക് ഫ്യൂഷൻ. രണ്ട് ഹൈഡ്രജൻ ഐസോട്ടോപ്പുകൾ (‌ഒരു ആറ്റത്തിന്റെ വകഭേദങ്ങളാണ് ഐസോട്ടോപ്പുകൾ, ഇവിടെ ഹൈഡ്രജന്റെ 2 വകഭേദങ്ങൾ) കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഉൗർജമാണ് ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനാടിസ്ഥാനം.

 

ആറ്റമിക് ഫിഷനിൽ നിന്ന് ലഭിക്കുന്ന ഉൗർജത്തിന്റെ ആയിരം ഇരട്ടിക്കും മുകളിലാണ് ആറ്റമിക് ഫ്യൂഷൻ വഴി ലഭിക്കുക. അതായത് ഫിഷൻ വഴി ലഭിക്കുന്നത് 10 കിലോ ടണ്‍ ആണെങ്കിൽ ഫ്യൂഷൻ നൽകുന്ന ഉൗർജം മെഗാടൺ അളവിലാണ്.

 

എന്താണ് ഹൈഡ്രജൻ ബോംബ് ?

 

ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ വഴി ലഭിക്കുന്ന ഉൗർജത്തിൽ പ്രവർത്തിക്കുന്ന ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബാണ് ഇത്. ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ എന്നാൽ എണ്ണമറ്റ ഫ്യൂഷനുകൾ ഒരേസമയം ഉണ്ടാകുന്ന അവസ്ഥ. അതിൽ നിന്ന് ലഭിക്കുന്ന ഉൗർജവും വളരെ കൂടുതലായിരിക്കും.

 

ആറ്റമിക് ഫ്യൂഷനാണ് ഹൈഡ്രജൻ ബോംബിന്റെ സാങ്കേതികതയെങ്കിലും ആദ്യം ആറ്റമിക്ക് ഫിഷൻ നടന്നതിനു ശേഷമാണ് ഫ്യൂഷൻ സംഭവിക്കുക. ഫ്യൂഷൻ നടക്കണമെങ്കിൽ 400,000,000°C – 50,000,000°C അളവിൽ ചൂട് വേണം. ആ താപനില സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആദ്യം ഫിഷൻ നടത്തുന്നത്. ഇത്രയും ചൂട് ആവശ്യമായി വരുന്നതിനാൽ ഇത് തെർമോ ന്യൂക്ലിയർ ബോംബ് എന്നും അറിയപ്പെടുന്നു. ആറ്റം ബോംബ് ഉണ്ടാക്കുന്ന റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ വളരെയധികമാണെങ്കിൽ ഹൈ‍‍‍ഡ്രജൻ ബോംബ് ഉണ്ടാക്കുന്ന മാലിന്യങ്ങൾ കുറവാണ്. അതിനാൽ ‘ക്ലീൻ ബോംബ്’ എന്നും ഇത് അറിയപ്പെടുന്നു.

 

ബോംബിന്റെ ഘടന

 

ഹൈഡ്രജൻ ബോംബിന്റെ ഏറ്റവും ഉള്ളിൽ യുറേനിയം കൊണ്ടോ പ്ലൂട്ടോണിയം കൊണ്ടോ നിർമിച്ച ആറ്റം ബോംബാണ്. അതിനു പുറമെ ലിഥിയം ഡ്യൂറ്റ്റൈഡ് കൊണ്ടുള്ള ആവരണം. ലിഥിയവും ഹൈഡ്രജന്റെ ഐസോട്ടാപ്പായ ഡ്യൂട്രിയവും ചേരുന്നതാണ് ലിഥിയം ഡ്യൂറ്റ്റൈഡ്. ഇതിനെ ചുറ്റി കട്ടിയുള്ള മറ്റൊരു ആവരണം. ഫിഷനു സഹായിക്കുന്ന ഘടകങ്ങൾ ചേർത്ത് നിർമിച്ച ഇൗ ആവരണം മേൽപ്പറഞ്ഞ രണ്ടു ഭാഗങ്ങളെ വരിഞ്ഞു മുറുക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ആദ്യം നടക്കുന്ന ഫിഷൻ സ്ഫോടനം ഉഗ്ര ശക്തിയുള്ളതാക്കാൻ ഇൗ ആവരണം സഹായിക്കുന്നു.

 

ബോംബിന്റെ പ്രവർത്തനം

 

ആദ്യം ഏറ്റവും ഉള്ളിലുള്ള ആറ്റം ബോംബിൽ ആറ്റമിക് ഫിഷൻ വഴി സ്ഫോടനം നടക്കുന്നു. ആ സ്ഫോടനത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകൾ (പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവ ചേരുന്നതാണ് ആറ്റം. അതിൽ പ്രോട്ടോണിന് പോസിറ്റീവ് ചാർജും ഇലക്ട്രോണിന് നെഗറ്റീവ് ചാർജുമാണ് ഉള്ളത്. ന്യൂട്രോണിന് ചാർജ് ഇല്ല) ലിഥിയം ഡ്യൂറ്റ്റൈഡിലെ ലിഥിയത്തിനെ ഹീലിയവും ഹൈഡ്രജന്റെ മറ്റൊരു ഐസോട്ടോപ്പായ ട്രിഷ്യവും ആക്കി മാറ്റുന്നു. അതേസമയം, ഉൗർജവും ഫ്യൂഷനു വേണ്ട താപനിലയും അവിടെ സൃഷ്ടിക്കപ്പെടുന്നു.

 

അതോടെ അടുത്ത ഘട്ടമായ ആറ്റമിക് ഫ്യൂഷൻ ആരംഭിക്കുന്നു. അതായത് ഫിഷൻ ഉൽപാദിപ്പിച്ച ട്രിഷ്യം ഡ്യൂട്രിയവുമായും, ട്രിഷ്യം ട്രിഷ്യവുമായും കൂടിച്ചേരും. ഇൗ പ്രവർത്തനം ചെയിൻ റിയാക്ഷൻ മോഡലിൽ തുടരുന്നതോടെ മെഗാ ടൺ അളവിൽ ഉൗർജം അവിടെ ഉൽപാദിപ്പിക്കപ്പെടുന്നു.

 

ന്യൂട്രോണുകളാണ് ഹൈഡ്രജൻ ബോംബ് പ്രവർത്തിക്കുമ്പോൾ അധികമായി ഉണ്ടാകുക. അവയ്ക്ക് ചാർജ് ഇല്ലാത്തതിനാൽ അണുപ്രസരണവും ഉണ്ടാകില്ല. അതിനാൽ തന്നെ അണുബോംബ് ഉണ്ടാക്കിയ ‘ആഫ്റ്റർ ഇഫക്റ്റസ്’ ഹൈഡ്രജൻ ബോംബ് സൃഷ്ടിക്കില്ല. അതിനാൽ ഇതിനെ ‘ക്ലീൻ ബോംബ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ വലുപ്പം കുറവായതിനാൽ മിസൈൽ ലോഞ്ചറിൽ ഘടിപ്പിക്കാനുമാവും.

 

ഹൈഡ്രജൻ ബോംബിന്റെ ചരിത്രം

 

1952 നവംബർ 1–ന് അമേരിക്കയാണ് ഹൈഡ്രജൻ ബോംബ് ആദ്യമായി പരീക്ഷിക്കുന്നത്. പിന്നീട് 1953–ൽ സോവിയറ്റ് യൂണിയനും ഇത് പരീക്ഷിച്ചു. 1954–ൽ വീണ്ടും യു എസ് ഇത് പരീക്ഷിച്ചു. അന്ന് 4.8കിലോമീറ്റർ വ്യാപ്തിയിൽ തീഗോളമുണ്ടാകുകയും കൂണു പോലെ പുകപടലങ്ങൾ പടരുകയും ചെയ്തുവെന്നാണ് ചരിത്രത്തിൽ. ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളും ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിട്ടുണ്ട്.

 

ഹിരോഷിമയിൽ സംഭവിച്ചത് ?

 

ഹിരോഷിമയിൽ അമേരിക്ക ഇട്ടത് യുറേനിയം ന്യൂക്ലിയർ ഫിഷൻ ബോംബാണ്. ലിറ്റിൽ ബോയ് എന്ന ഇരട്ടപ്പെരിൽ അറിയപ്പെട്ട ഇൗ ബോംബിന് 28 ഇഞ്ച് വ്യാപ്തിയും 120 ഇഞ്ച് നീളവുമുണ്ടായിരുന്നു. 20,000 ടൺ ഉൗർജമാണ് ഇത് അന്ന് ഉൽപ്പാദിപ്പിച്ചത്. നാഗസാക്കിയിൽ ഇട്ടത് പ്ലൂട്ടോണിയം ബോംബാണ്. ഇൗ ബോംബുകൾ ഉയർന്ന അളവിൽ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറന്തള്ളിയതാണ് പിന്നീട് രോഗങ്ങൾക്ക് കാരണമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com