ADVERTISEMENT

‘ഓഗസ്റ്റ് 11 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

 

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.’

 

ഈ പ്രവചനം കേട്ടിട്ടാണ് എറണാകുളത്തെ പെരുമ്പാവൂരിൽ ഉറങ്ങാൻ പോയത്. ഉണർന്നെണീച്ചത് തെളിഞ്ഞ പ്രഭാതത്തിലേക്കാണ്. കാർമേഘം ഒക്കെ മാറി തെളിഞ്ഞ സൂര്യൻ ആണ്. സോളാറിൽ നിന്നുള്ള ചൂട് വെള്ളം പോലും കിട്ടുന്നുണ്ട്. ആകെ സന്തോഷം ഉള്ളതും ആശ്വാസം പകരുന്നതും ആയ തുടക്കം ആണ്.

 

കംപ്യൂട്ടറിൽ കാണുന്ന നമ്മുടെ കാലാവസ്ഥ പ്രവചനങ്ങൾ നമ്മുടെ മുറ്റത്തും മാനത്തും കാണുന്ന കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് ഇന്ന് ആദ്യമല്ല. ചെറുപ്പത്തിൽ ‘മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്’ എന്നൊക്കെയാണ് ഞങ്ങൾ കാലാവസ്ഥ പ്രവചനങ്ങളെ കളിയാക്കിയിരിന്നത്.

 

റഡാറുകളും ഉപഗ്രഹങ്ങളും സൂപ്പർ കംപ്യൂട്ടറുകളും ഒക്കെ വന്നതോടെ ലോകത്തെമ്പാടും കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ വിശ്വസനീയവും, കൃത്യത ഉള്ളതും ആയി മാറി. കേരളത്തിന് കൂടുതൽ വിശ്വസനീയമായ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കാൻ സർക്കാരും ഗവേഷണം സ്ഥാപനങ്ങളും മുൻകൈ എടുക്കണം. നമ്മൾ അറിയാതെ വലിയ കാറ്റും മഴയും ഒക്കെ നമ്മുടെ മുന്നിലെത്തുന്നതും ദുരന്തമാക്കുന്നതും ഒക്കെ ഒഴിവാക്കാൻ ശാസ്ത്രീയമായി ചെയ്യാവുന്നതൊക്കെ ചെയ്യണം. പ്രശ്നം ഉണ്ടായതിന് ശേഷം പ്രവചനം ശരിയാവാത്തതിന് കാരണം കണ്ടുപിടിച്ചത് കൊണ്ട് കുഴപ്പത്തിൽ ആയവർക്ക് ഗുണം ഒന്നുമില്ല.

 

കേരളത്തിൽ മറ്റു നഗരങ്ങളിലും കൂടുതൽ അനുകൂലമായ കാലാവസ്ഥയും പ്രതീക്ഷയുടെ പ്രഭാതവും ആണോ എന്നറിയില്ല. ആണെങ്കിൽ ഇന്നത്തെ കാലാവസ്ഥ പ്രവചനത്തിലെ വ്യതിയാനം നമുക്ക് ഗുണകരമാണ്. ആളുകളുടെ ഭീതി കുറയും, മണ്ണിടിച്ചിലിൽ പെട്ടവരുടെ തിരച്ചിൽ കൂടുതൽ നന്നായി നടത്താൻ പറ്റും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാം.

ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com