sections
MORE

ടെക്നോളജിയിൽ ഇന്ത്യ ലോകശക്തി, പ്രതിരോധത്തിലും ബഹിരാകാശത്തും വൻ കുതിപ്പ്

isro-rocket
SHARE

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളിലൊന്നു തന്നെയാണ് ഇന്ത്യ എന്നത് എടുത്തു കാണിക്കുന്ന ചില നേട്ടങ്ങള്‍ പരിചയപ്പെടാം:

∙ ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 1951ല്‍ സ്ഥാപിതമായി. വെസ്റ്റ് ബംഗാളിലെ ഖരാഗ്പൂരിലാണ് ഇത് സ്ഥാപിച്ചത്.

∙ ആണവോര്‍ജ്ജ ഗവേഷണത്തിനായി 1954ല്‍ തന്നെ ആറ്റമിക് എനര്‍ജി എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥാപിച്ചിരുന്നു. ട്രോംബെയില്‍ സ്ഥാപിച്ച ഇതിന്റെ പേര് 1967ല്‍ ഭാബാ ആറ്റമിക് റിസേര്‍ച് സെന്റര്‍ എന്നാക്കി മാറ്റുകയായിരുന്നു. 

∙ പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഗവേഷണങ്ങള്‍ നടത്താനായി ഡിഫന്‍സ് റിസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ സ്ഥാപിച്ചത് 1958ലാണ്.

∙ രാജ്യത്ത് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കുറച്ചു സമയത്തേക്കു മാത്രമായി ആണെങ്കില്‍ പോലും പ്രസാരണം തുടങ്ങിയത് 1959ല്‍ ആണ്.

∙ 1959 ൽ തന്നെ മറ്റൊരു വമ്പന്‍ നേട്ടവും ഇന്ത്യ കൈവരിച്ചിരുന്നു. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ കംപ്യൂട്ടറായ ടിഫര്‍ ഓട്ടോമാറ്റിക് കംപ്യൂട്ടര്‍ (TIFR Automatic Computer) ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച് നിര്‍മിച്ചതും 1959ല്‍ ആണ്.

∙ ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ടാറ്റാ കണ്‍സട്ടന്‍സി സര്‍വീസ് തുടങ്ങുന്നത് 1968ല്‍ ആണ്. അവരുടെ ആദ്യ സേവനങ്ങളിലൊന്ന് ഒരു പഞ്ച് കാര്‍ഡ് പുറത്തിറക്കിയതായിരുന്നു.

∙ ഇന്ത്യന്‍ സ്‌പെയ്‌സ് റീസേര്‍ച്ച് ഓര്‍ഗനൈസേഷന്‍, അഥവാ ഇസ്രോ നിലവില്‍ വരുന്നത് 1969ല്‍ ആണ്.

∙ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് സ്ഥാപിച്ചത് 1970ല്‍ ആണ്. കംപ്യൂട്ടിങിനും ഇലക്ട്രോണിക്‌സിനും പ്രാധാന്യം നല്‍കാനായിരുന്നു ഇത്.

∙ ആദ്യ ന്യൂക്ലിയര്‍ ബോംബ് വിജയകരമായി പരീക്ഷിക്കുന്നത് 1974ല്‍ ആണ്. രാജസ്ഥാനിലെ പോഖ്‌റാനില്‍ ആണ് ഈ പരീക്ഷണം നടത്തിയത്.

∙ ഐബിഎം എന്ന ടെക്‌നോളജി ഭീമന്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തുകയാണെന്ന് അറിയിച്ച വര്‍ഷമാണ് 1978. ഇതാണ് വിപ്രോയും എച്‌സിഎല്ലും പോലെയുള്ള കമ്പനികളുടെ സ്ഥാപനത്തിനിടയാക്കിയത്.

∙ ഔട്ട്‌സോഴ്‌സിങ് എന്ന വ്യക്തമായ ലക്ഷ്യത്തോടെ തുടങ്ങിയ കമ്പനിയാണ് ഇന്‍ഫോസിസ്. ഇതു തുടങ്ങുന്നത് 1981ല്‍ ആണ്.

∙ 1983നെ ക്രക്കറ്റ് പ്രേമികള്‍ ഓര്‍ത്തിരിക്കുന്നത് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയവുമായി ബന്ധപ്പെടുത്തിയാണെങ്കില്‍ ടെക് പ്രേമികള്‍ക്ക് അത് ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമാണ്. ഇന്‍സാറ്റ് 1ബി, വിക്ഷേപിച്ചത് സ്പെയ്‌സ് ഷട്ടിൽ ചലഞ്ചറാണ്.

∙ 1984ല്‍ ആണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്കു സഞ്ചരിക്കുന്നത്. ഏപ്രില്‍ 2ന് ബഹിരാകാശ സഞ്ചാരം നടത്തി, ആ ഖ്യാതി നേടിയത് രാകേഷ് ശര്‍മ്മയാണ്.

∙ 1986ല്‍ ആണ് ഇന്ത്യന്‍ റെയിൽവെ ആദ്യമായി കംപ്യൂട്ടറൈസ്ഡ് സീറ്റ് റിസര്‍വേഷന്‍ അവതരിപ്പിക്കുന്നത്. 

∙ 1991ല്‍ ആണ് ഇന്ത്യന്‍ ഇക്കോണമി 'തുറന്നു' കൊടുക്കുന്നത്. അതിനു ശേഷം ഇന്ത്യയില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യാനായി വാങ്ങുന്ന കംപ്യൂട്ടറുകളുടെ ഇറക്കുമതി ചുങ്കം ഇല്ലാതാക്കി. സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാര്‍ക്ക് 10 വര്‍ഷത്തേക്ക് സമ്പൂര്‍ണ്ണ ടാക്‌സ് ഇളവു നല്‍കിയതോടെ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ മേഖല അതിവേഗം മുന്നേറി.

∙ 1991ൽ ആണ് ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ കംപ്യൂട്ടറായ പാരാം 8000 (PARAM 8000) ജന്മമെടുത്തത്.

∙ 1995ല്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോൾ നടന്നത്. അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു ടെലികോം മന്ത്രി സുഖ് റാമിനെ വിളിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. 

∙ 2008ല്‍ ആണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-1 ഇസ്രോ വിക്ഷേപിച്ചത്.

∙ 2103ല്‍ ആണ് ചൊവ്വാ ദൗത്യം (Mars Orbiter Mission) അല്ലെങ്കില്‍ മംഗള്‍യാന്‍ തുടങ്ങിയത്. ഇതിലൂടെ ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യം തുടങ്ങുകയായിരുന്നു.

∙ 2016ല്‍ ആണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കായി (MeitY) പുതിയ മന്ത്രാലയം തുടങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA