sections
MORE

പാലങ്ങൾ, ഡാമുകൾ തകരുന്നത് മുൻകൂട്ടി കണ്ടെത്താമെന്ന് നാസ ഗവേഷകർ

bridge
SHARE

പാലങ്ങള്‍ക്കു സംഭവിച്ചേക്കാവുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും മനസിലാക്കി അപകട മുന്നറിയിപ്പു നല്‍കാന്‍ ഉതകുന്ന ഒരു സിസ്റ്റം സൃഷ്ടിച്ചിരിക്കുകയാണ് നാസയുടെ ജെറ്റ് പ്രോപള്‍ഷന്‍ ലാബ്രട്ടറിയിലെയും (JPL), യൂണിവേഴ്‌സിറ്റി ഓഫ് ബാത്തിലെയും ഗവേഷകര്‍. പുതിയ തലമുറയിലെ സാറ്റലൈറ്റുകളില്‍ നിന്നു ലഭിക്കുന്ന ഡേറ്റയെ അതിനൂതന അല്‍ഗോറിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്താണ് കണ്ടെത്തലുകള്‍ നടത്തുന്നത്. ഈ സിസ്റ്റം സർക്കാരുകള്‍ക്കും മറ്റും പ്രയോജനപ്പെടുത്താമെന്നു പറയുന്നു.

ഇറ്റലിയിലെ ജെനോവയില്‍ 2018 ഓഗസ്റ്റില്‍ മൊറാണ്ഡി ബ്രിജിന്റെ ഒരു ഭാഗം തകര്‍ന്ന് 43 പേര്‍ മരിച്ചിരുന്നു. നാസയുടെ ജെപിഎല്‍ ഗവേഷകരും ബാത്തിന്റെ എൻജിനീയര്‍മാരും തങ്ങളുടെ തിയറി ശരിയാണോ എന്നറിയാന്‍ ഈ പാലത്തെക്കുറിച്ച് 15 വര്‍ഷം മുൻപ് മുതലുള്ള സാറ്റലൈറ്റ് ഡേറ്റ മുഴുവന്‍ പരിശോധിച്ചു. അപകട സമയത്തേക്ക് അടുക്കുന്ന മാസങ്ങളില്‍ പാലത്തിന് സങ്കോചം (warping) സംഭവിച്ചു തുടങ്ങുന്നത് സാറ്റലൈറ്റ് ഡേറ്റ വിശകലനം ചെയ്യുന്നതിലൂടെ മനസിലാക്കാമെന്ന് 'റിമോട്ട് സെന്‍സിങ്' എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നുണ്ട്.

പാലത്തിന്റെ അവസ്ഥ ശരിയല്ലെന്ന് മുൻപും ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ സാറ്റലൈറ്റ് ഡേറ്റ ഉപയോഗിച്ച് നോക്കുമ്പോള്‍ അപകടത്തിലേക്ക് അടുക്കുന്ന കാലത്ത് പാലത്തിനു സംഭവിച്ച വ്യതിയാനങ്ങള്‍ വ്യക്തമായി കാണാമെന്ന് ബാത്ത് യൂണിവേഴ്‌സിറ്റിയിലെ ലക്ചറര്‍ ഡോ. ജിയോര്‍ജിയജിയാര്‍ഡിന പറഞ്ഞു. പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സാറ്റലൈറ്റുകളില്‍ നിന്നു ലഭിക്കുന്ന ഡേറ്റ വിശകലനം ചെയ്തുകൊണ്ടിരുന്നാല്‍ അപകടം കാലേക്കൂട്ടി കാണാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇപ്പോഴുള്ള നിരീക്ഷണോപാധികളും സെന്‍സറുകളും ചില ഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. പാലത്തിന്റെയും മറ്റും മുഴുവന്‍ ഭാഗത്തെക്കുറിച്ചുമുള്ള തത്സമയ നിരീക്ഷണം സാധ്യമാക്കുന്നതാണ് പുതിയ രീതിയത്രെ. പരമ്പരാഗത രീതികളില്‍ നിന്നുള്ള വന്‍ മാറ്റമാണ് പുതിയ സാധ്യതയെന്ന് ജെറ്റ് പ്രൊപള്‍ഷന്‍ ലാബ്രട്ടറി ടീമിന്റെ ലീഡര്‍ ഡോ. പിയെട്രോ മിലിലോ പറഞ്ഞു. ശാസ്ത്രജ്ഞന്മാര്‍ക്കും പാലത്തിന്റെയും മറ്റും നിര്‍മാണത്തിനു വന്നുകൊണ്ടിരിക്കുന്ന ശിഥിലീകരണത്തെ പറ്റി പഠിച്ചുകൊണ്ടിരിക്കാം. മുടങ്ങാതെയും കൃത്യതയോടെയും നിരീക്ഷണം നടത്താം എന്നതാണ് പുതിയ രീതിയുടെ മികവ്.

തങ്ങളുടെ പരീക്ഷണങ്ങള്‍ പാലങ്ങളുടെയും മറ്റു നിര്‍മാണങ്ങളുടെയും ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ ഉപകരിക്കുന്ന പുതിയ സമ്പ്രദായമാണ് കൊണ്ടുവരുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഇപ്പോള്‍ നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജെനോവയിലെ പാലത്തിന്റെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരുന്നത്. അതിനാലാണ് അതു തകരാന്‍ പോകുന്ന കാര്യം നേരത്തെ മനസിലാക്കി അപകടം ഒഴിവാക്കാന്‍ കഴിയാതെ പോയത്. പഴയ രീതികളും പുതിയ രീതികളും ഒരുമിപ്പിക്കുകയും ചെയ്യാം. ഇതിലൂടെ അപകട മുന്നറിയിപ്പു സിസ്റ്റം കൂടുതല്‍ മികച്ചതാക്കാമെന്നും ഗവേഷകര്‍ പറയുന്നു. 

സാറ്റലൈറ്റ് സാങ്കേതികവിദ്യയില്‍ വന്ന മാറ്റമാണ് പുതിയ സാധ്യതകള്‍ തുറന്നിടുന്നത്. കൂടുതല്‍ കൃത്യതയുള്ള ഡേറ്റ നല്‍കാന്‍ പുതിയ സാറ്റലൈറ്റുകള്‍ക്കു സാധിക്കുന്നു. പ്രിസൈസ് സിന്തെറ്റിക് അപേര്‍ചര്‍ റഡാര്‍ ഡേറ്റ, വിവിധ സാറ്റലൈറ്റുകളില്‍ നിന്നു ശേഖരിച്ച് പാലങ്ങളുടെയും ഡാമുകളുടെയും മറ്റു കെട്ടിടങ്ങളുടെയും 3ഡി ചിത്രം നിര്‍മിക്കാം. ഇതിനു വരുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കാം. നേരത്തെ ലഭിച്ചിരുന്ന റഡാര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഏകദേശം ഒരു സെന്റീമീറ്റര്‍ കൃത്യതയോടെ പ്രവചനങ്ങള്‍ നടത്താനാകുമായിരുന്നെങ്കില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു ലഭിക്കുന്ന ഇമേജുകളില്‍ നിന്ന് ഏകദേശം 1 മില്ലിമീറ്റര്‍ കൃത്യതയില്‍ കാര്യങ്ങള്‍ അളന്നറിയാം. നല്ല കാലാവസ്ഥയും മറ്റുമാണെങ്കില്‍ അതിലൂം സൂക്ഷ്മമായും അറിയാം. സാധാരണ ടിവിയില്‍ ചിത്രം കാണുന്നതും അള്‍ട്രാ എച്ഡി ടിവിയില്‍ അതു കാണുന്നതും തമ്മിലുള്ളത്ര വ്യത്യാസമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

മനുഷ്യ നിര്‍മിതമായ വലിയ വസ്തുക്കളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കാനും മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാനുമുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. പരമ്പരാഗത നിരീക്ഷണ രീതികളെക്കാള്‍ ചിലവും കുറവാണിതിന്. അപകടം നടന്നേക്കാവുന്ന നിര്‍മിതികളില്‍ സെന്‍സറുകൾ ഘടിപ്പിക്കുകയാണ് ഇപ്പോഴത്തെ പ്രധാന രീതി. എന്നാല്‍ അവ സ്ഥാപിച്ചിരിക്കുന്നിടത്തെ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളേ നല്‍കൂ. എന്നാല്‍ പുതിയ രീതിവച്ച് മുഴുവന്‍ പ്രതലവും നിരന്തരം നോക്കിക്കൊണ്ടിരിക്കാം. വന്‍ തോതിലുള്ള കുഴിക്കലും മറ്റും നടത്തുമ്പോള്‍ സമീപ പ്രദേശത്തുള്ള കെട്ടിടങ്ങള്‍ക്കു വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാനും ഇത് ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA