sections
MORE

അമേരിക്ക – റഷ്യ ആണവയുദ്ധമുണ്ടായാല്‍ ഭൂമി ഇരുട്ടിലാകും, 10 വർഷം സൂര്യൻ ഉദിക്കില്ല

Tsar-Bomba
SHARE

ലോകത്തെ ഏറ്റവും പ്രബലമായ രണ്ട് രാഷ്ട്രങ്ങളായ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധമുണ്ടാവുകയും പരസ്പരം ആണവായുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച ഗവേഷകരാണ് ആണവയുദ്ധം ഭൂമിയില്‍ പത്തുവര്‍ഷം ശൈത്യകാലമുണ്ടാകുമെന്നും വര്‍ഷങ്ങള്‍ ഇരുള്‍ മൂടുമെന്നും കണ്ടെത്തിയിരിക്കുന്നത്. യുദ്ധം നടക്കുന്നത് രണ്ട് രാജ്യങ്ങള്‍ തമ്മിലാണെങ്കില്‍ ഭൂമിയാകെ അതിന്റെ ദോഷഫലം അനുഭവിക്കേണ്ടി വരുമെന്നും ഇത് തെളിയിക്കുന്നു. 

ആണവസ്‌ഫോടനങ്ങളെ തുടര്‍ന്നുണ്ടാകുന്ന പൊടിയും പുകയും അന്തരീക്ഷത്തില്‍ ഏകദേശം 150 ബില്യണ്‍ കിലോമീറ്ററിലേക്ക് പരക്കും. ഇത് സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയുകയും ഭൂമി വര്‍ഷങ്ങളോളം ഇരുട്ടിലാവുകയും ചെയ്യും. സൂര്യപ്രകാശം ഭൂമിയിലേത്താതാകുന്നതോടെ ഊഷ്മാവ് കുറഞ്ഞ് ഭൂമി ആണവ ശൈത്യകാലത്തിലേക്ക് അമരും. വര്‍ഷങ്ങള്‍ നീളുന്ന ഈ ശൈത്യകാലത്ത് ശരാശരി ഊഷ്മാവ് ഒമ്പത് ഡിഗ്രിയിലേക്ക് വരെ താഴുകയും ചെയ്യും. 

കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലുമെടുക്കും അന്തരീക്ഷത്തിലെ പൊടിപടലം ഒതുങ്ങി കാഴ്ച തെളിയാന്‍. അപ്പോഴും കാഴ്ചയിലെ മങ്ങല്‍ പൂര്‍ണ്ണമായും മാറുകയില്ല. അതിനു പിന്നെയും മൂന്ന് വര്‍ഷങ്ങള്‍ കൂടി വേണ്ടി വരും. ഇക്കാലത്തിനിടക്ക് ഭൂമിയിലെ സസ്യജീവജാലങ്ങളുടെ കൂട്ടക്കുരുതിയും നടക്കും. അപൂര്‍വ്വജീവജാലങ്ങള്‍ക്ക് മാത്രമേ മനുഷ്യന്‍ വരുത്തിവെക്കാനിടയുള്ള ഈ നരകത്തില്‍ നിന്നും മോചനമുണ്ടാകൂ. എല്‍ നിനോയും ലാ നിനോയും പോലുള്ള പ്രകൃതിപ്രതിഭാസങ്ങളും ചുഴലിക്കാറ്റുകളുമെല്ലാം സകല പ്രവചനങ്ങള്‍ക്കുമപ്പുറത്തേക്ക് രൗദ്രഭാവത്തിലാകാനും സാധ്യത ഏറെ.

ന്യൂജേഴ്‌സിയിലെ റഡ്‌ജേഴ്‌സ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോഷ്വ കോപാണ് പഠനത്തിന് പിന്നില്‍. 2007ല്‍ നാസയുടെ ഗൊദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സ്റ്റഡീസില്‍ മാത്രമാണ് സമാനവിഷയത്തില്‍ മുൻപ് പഠനം നടന്നിട്ടുള്ളത്. അന്ന് അന്തരീക്ഷത്തില്‍ 80 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പൊടിപടലം ഉയരുമെന്നായിരുന്നു. എന്നാല്‍ പുതിയ പഠനത്തില്‍ ഇത് 140 കിലോമീറ്റര്‍ വരെയാകാമെന്ന് പറയുന്നു. 

അതേസമയം നാസയുടെ പഠനം പറയുന്നതിനേക്കാള്‍ വേഗത്തില്‍ പൊടിമേഘങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് പുതിയ പഠനം പറയുന്നുണ്ട്. എന്നാല്‍ കാലാവസ്ഥയിലെ മാറ്റങ്ങളില്‍ വലിയ വ്യത്യാസമുണ്ടാകില്ല. ആണവയുദ്ധം സംഭവിച്ചാല്‍ ആദ്യ വര്‍ഷങ്ങളിലായിരിക്കും ഊഷ്മാവ് പരമാവധി കുറയുക. ധ്രുവപ്രദേശങ്ങളിലെ കാറ്റിന്റെ വേഗം വര്‍ധിക്കുമെന്നും ഇത് ആര്‍ട്ടിക്കിലേയും ഉത്തരയുറേഷ്യയിലേയും താപനില പരമാവധി താഴ്ത്തുമെന്നും പറയുന്നു. 

ആണവായുധം ആദ്യം പ്രയോഗിക്കാനുള്ള മണ്ടത്തരം ആര് ചെയ്താലും അനുഭവിക്കേണ്ടി വരിക ഭൂമിയൊന്നാകെയായിരിക്കും. ആണവായുധങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരികയും അവ നിര്‍വ്വീര്യമാക്കുകയും ചെയ്യുക മാത്രമേ ഈ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗമായി ഗവേഷകര്‍ കരുതുന്നുള്ളൂ. ജിയോഫിസിക്കല്‍ റിസര്‍ച്ച്: അറ്റ്‌മോസ്ഫിയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചുവന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA