sections
MORE

മൃഗങ്ങൾക്ക് ഭൂകമ്പം, പ്രളയം ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവുണ്ടോ?

dog
SHARE

മനോരമയിൽ എന്റെ സുഹൃത്ത് മഹേഷ് ഗുപ്തന്റെ ഒരു റിപ്പോർട്ട് ഉണ്ട്. ഉരുൾ പൊട്ടലിന് മുൻപ് ആനകൾ കാട് വിട്ട് ഓടി എന്നും പശുക്കൾ ഉയർന്ന പ്രദേശത്തേക്ക് പോയി എന്നുമാണ് വാർത്ത.

ഇതിൽ നിന്നും അദ്ദേഹം നടത്തുന്ന വിലയിരുത്തൽ ഇതാണ്.

‘ദുരന്തമുഖത്തു നിന്നു നേരിട്ടു കേട്ട കാര്യങ്ങളാണിവ. ഈ വാദങ്ങൾക്ക് എത്രത്തോളം ശാസ്ത്രീയ പിൻബലമുണ്ടെന്നു പലരും ചോദിച്ചേക്കാം. പക്ഷേ, അപകടസൂചന തിരിച്ചറിഞ്ഞവരെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറുകയും രക്ഷപ്പെടുകയും ചെയ്തു എന്നതു സത്യമാണ്. അതീവ ദുരന്തസാധ്യതാ മേഖലയായിരുന്നിട്ടും ഈ സൂചനകൾ കണ്ടെത്താനോ പ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനോ നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾക്കു കഴിഞ്ഞില്ല എന്നതു വിമർശനാത്മകമായിത്തന്നെ വിലയിരുത്തപ്പെടണം.’

ഈ വിഷയത്തിലെ ശാസ്ത്രം എന്താണ് ?

ലോകത്തിൽ പലയിടത്തും ദുരന്തങ്ങൾക്ക് ശേഷം ഇത്തരം വാർത്തകൾ വരാറുണ്ട്. ഇവ ശാസ്ത്രീയമായി അവലോകനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടും ഉണ്ട്. പക്ഷെ ഇക്കാര്യത്തിൽ എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറ ഉള്ളതായി പഠനങ്ങൾ ലഭ്യമല്ല. പ്രായോഗികമായി ഇക്കാര്യത്തിന് ഒരു ഉപയോഗവും ഇല്ല.

മനുഷ്യൻ കേൾക്കാത്ത ശബ്ദവും മനുഷ്യർക്ക് മനസ്സിലാകാത്ത തരത്തിലുള്ള പ്രകമ്പനങ്ങളും മൃഗങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയേക്കും എന്നതിൽ അശാസ്ത്രീയമായി ഒന്നുമില്ല. അതേ സമയം ഈ ശക്തികൾ ദുരന്തത്തെ മുൻകൂട്ടി കാണുന്നതിന് മൃഗങ്ങളെ സഹായിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ശാസ്ത്രീയമായി ഒരു തെളിവും ഇല്ല.

അതുകൊണ്ട് തന്നെ മൃഗങ്ങളുടെ പെരുമാറ്റം ദുരന്തന്തിന്റെ മുന്നറിയിപ്പായി എടുക്കുന്നതിൽ വ്യക്തികൾക്കും സംവിധാനങ്ങൾക്കും പരിമിതികൾ ഉണ്ട്. ഉദാഹരണത്തിന് ഭൂകമ്പം ഉണ്ടാകുന്നതിന് മുൻപ് പട്ടികൾ അകാരണമായി കുരാക്കാറുണ്ട് എന്നതാണ് പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളത്. അപ്പോൾ പട്ടികൾ അകാരണമായി കുരക്കുന്നതിനെ ഭൂകമ്പ മുന്നറിയിപ്പിനുള്ള എളുപ്പവഴിയായി എടുക്കണമെങ്കിൽ നമ്മൾ രണ്ടു കാര്യങ്ങൾ ചെയ്യണം.

1. ഓരോ പ്രാവശ്യവും പട്ടി കുരക്കുമ്പോൾ അതിൻ്റെ കാരണം അന്വേഷിക്കണം 

2. നമുക്ക് വ്യക്തമല്ലാത്ത കാരണത്താൽ പട്ടി കുരച്ചാൽ ഭൂകമ്പത്തിന്റെ മുന്നറിയിപ്പായി എടുത്ത് മേശക്കടിയിൽ കയറിയിരിക്കണം (അല്ലെങ്കിൽ വീട് വിട്ടു മാറണം).

എത്ര സമയം മുൻപാണ് പട്ടികൾ കുരക്കുന്നത് എന്നതിന് ശാസ്ത്രം ഇല്ല. അപ്പോൾ മേശക്കടിയിൽ അരമണിക്കൂർ ഇരുന്നാൽ മതിയോ, വീട് വിട്ട് ഒരു ദിവസം മാറി താമസിക്കണമോ എന്നൊക്കെ നിർദ്ദേശം നൽകേണ്ടി വരും.

നാട്ടിൽ അനവധി പട്ടികൾ ഉണ്ട്. ഓരോ ദിവസവും ഓരോരോ കാരണങ്ങൾ കൊണ്ട് അവ കുരക്കാറും ഉണ്ട്. അതിൻ്റെ ഒക്കെ കാരണം തേടിപ്പോയാൽ നമുക്ക് അതിനേ സമയം കാണൂ. കാരണം കാണാത്തപ്പോൾ ഒക്കെ നമ്മൾ കുട്ടികളും ആയി കട്ടിലിനടിയിൽ കയറിയിരുന്നാൽ ദിവസത്തിൽ പല പ്രാവശ്യം കട്ടിലിനടിയിൽ കയറേണ്ടി വരും. രണ്ടു ദിവസം ഈ പ്രവൃത്തി ആവർത്തിച്ചാൽ ഇത്തരം "മുന്നറിയിപ്പുകളുടെ" അർത്ഥശൂന്യത നമുക്ക് വേഗം മനസ്സിലാകും.

സുനാമി മൃഗങ്ങൾ തിരിച്ചറിഞ്ഞു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ സുനാമി തിരിച്ചറിയാത്ത മൃഗങ്ങളുടെ കഥ എന്നോട് എൻ്റെ ശ്രീലങ്കൻ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.

ശ്രീ ലങ്കയിലെ ഒരു റിസോർട്ടിലെ പരിസ്ഥിതി ഉപദേശകനും ടൂർ ഗൈഡും ആയിരുന്നു ആ സുഹൃത്ത്. ഒരു ദിവസം രാവിലെ ആരോ പുള്ളിയോട് പറഞ്ഞു

"കടൽ പുറകോട്ട് പോയി"

എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. എന്താണെങ്കിലും കാമറയും എടുത്ത് അദ്ദേഹം കടൽ തീരത്തേക്ക് ഓടി.

"പിന്നെ എനിക്കൊന്നും ഓർമ്മയില്ല, ഓർമ്മ വരുമ്പോൾ കുറച്ചു മരച്ചില്ലകളിൽ ഉടക്കി കിടക്കുകയാണ്. മുണ്ടെല്ലാം പറിഞ്ഞു പോയി, കാമറ ഒന്നും ഞാൻ കണ്ടതും ഇല്ല നോക്കിയതും ഇല്ല. നിലവിളിച്ച് ഓടിയത് മാത്രം ഓര്മ്മയുണ്ട്‌"

ശ്രീ ലങ്കയിൽ ചില മൃഗങ്ങൾ ഒക്കെ സുനാമി മുന്നേ കണ്ടു എന്നൊക്കെ വാർത്ത വന്നു. അതിനോട് അദ്ദേഹത്തിൻ്റെ പ്രതികരണം ഇതായിരുന്നു.

ഷെഡ്‌ഡിയും ഇട്ട് ഞാൻ ഓടുന്ന സമയത്ത് ആളുകൾ മാത്രമല്ല ആടുമാടുകൾ വരെ എല്ലാ ജീവികളും മുന്നിലും പുറകേയും ഉണ്ടായിരുന്നു. എനിക്ക് ഉണ്ടായതിൽ കൂടുതൽ മുന്നറിയിപ്പൊന്നും അവർക്കും കിട്ടിയില്ല .എന്ന് അന്നേ ഞാൻ തീരുമാനിച്ചു.

മൃഗങ്ങൾക്ക് ഭൂകമ്പം ഉൾപ്പടെ ഉള്ള ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവുണ്ടോ എന്ന ചോദ്യം ശാസ്ത്രം ചുമ്മാതെ തള്ളിക്കളയുകയല്ല ചെയ്തത്. പക്ഷെ ഇത്തരത്തിൽ ഉള്ള ഒരു കഴിവും മൃഗങ്ങൾക്ക് ഉള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടില്ല. ദുരന്ത സമയത്ത് എവിടെയെങ്കിലും കണ്ട ഉദാഹരണങ്ങൾ വ്യക്തികൾക്കോ സർക്കാരിനോ മുന്നറിയിപ്പ് മാർഗ്ഗമായി എടുക്കാൻ പറ്റില്ലെന്ന് ആദ്യമേ പറഞ്ഞല്ലോ.

പ്രളയത്തിൽ പെടാതിരിക്കാൻ നന്നുടെ ശാസ്ത്രീയമായ കാലാവസ്ഥ പ്രവചനം ശക്തിപ്പെടുത്തുകയെ തൽക്കാലം മാർഗ്ഗമുള്ളൂ. മഴ പെയ്യുമ്പോൾ പശുവിനെ കയറൂരി വിട്ട് അത് മലയുടെ മുകളിലേക്കാണോ താഴേക്കാണോ പോകുന്നത് എന്ന് നോക്കി വീടൊഴിയുന്നത് വൃഥാവേലയാണ്. ചക്കയുടെയും മുയലിന്റെയും കഥ ഓർക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA