ADVERTISEMENT

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തക്കാനുള്ള റോക്കറ്റ് നിര്‍മാണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായെന്ന് നാസ. സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന ഭീമന്‍ റോക്കറ്റ് മുന്‍നിശ്ചയിച്ച സമയത്ത് തന്നെ പൂര്‍ത്തിയാകുമെന്നാണ് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. റോക്കറ്റിന്റെ അതിസങ്കീര്‍ണ്ണമായ എൻജിന്റെ നിര്‍മാണം അടക്കം പൂര്‍ത്തിയായെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. 

 

നാസയുടെ ചാന്ദ്ര ദൗത്യത്തിനായുള്ള റോക്കറ്റിന്റെ നിര്‍മാണം പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാകുമോ എന്ന് ഈ വര്‍ഷമാദ്യം മുതല്‍ ആശങ്കയുണ്ടായിരുന്നു. നാസ അധികൃതരുടെ വാര്‍ത്താ സമ്മേളനത്തോടെ ഈ ആശങ്ക അവസാനിച്ചിരിക്കുകയാണ്. 

2028 ലാണ് അമേരിക്ക മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ട്രംപ് അധികാരമേറ്റതോടെ അമേരിക്കയുടെ ചാന്ദ്ര ദൗത്യത്തിന് വേഗം വര്‍ധിക്കുകയായിരുന്നു. ട്രംപിന്റെ നിര്‍ദേശത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തന്നെ നാസ വൈകാതെ ചന്ദ്രനിലേക്ക് യാത്രികരെ എത്തിക്കുമെന്ന് അറിയിച്ചു. 2024ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

അമേരിക്കയും നാസയും ഇതുവരെ നിര്‍മിച്ചതില്‍വച്ച് ഏറ്റവും വലിയ റോക്കറ്റാണ് ഇതിനായി നിര്‍മിക്കുന്നത്. പ്രതീക്ഷിച്ച പോലെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ എസ്എല്‍എസിന് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പോലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ 212 അടി ഉയരമുള്ള റോക്കറ്റിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായെന്ന പ്രഖ്യാപനത്തോടെ അത്തരം ചര്‍ച്ചകള്‍ അസ്ഥാനത്താണെന്ന് അറിയിക്കുകയാണ് നാസ.

 

കാര്യങ്ങള്‍ പ്രതീക്ഷിച്ച വേഗത്തില്‍ നടന്നാല്‍ 2020ല്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്താനാകുമെന്നും നാസ അറിയിക്കുന്നു. ആദ്യഘട്ടത്തില്‍ മനുഷ്യരില്ലാത്ത പേടകവുമായി ചന്ദ്രനെ വലംവെക്കുകയായിരിക്കും ദൗത്യം. ഇടവേളക്കുശേഷമുള്ള ചാന്ദ്ര ദൗത്യത്തില്‍ വനിതാ യാത്രികയും ചന്ദ്രനിലെത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com