sections
MORE

പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ സൂചനകളാണ്; ലക്ഷണങ്ങൾ തള്ളിക്കളയേണ്ടതില്ല

flood
SHARE

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ ദുരന്തത്തിനു മുൻപ് മൃഗങ്ങൾ രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന മലയാള മനോരമ പരമ്പരയിലെ പരാമർശത്തിന്റെ ശാസ്ത്രവശത്തെക്കുറിച്ച് യുഎൻ ദുരന്തനിവാരണവകുപ്പ് മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം നിരവധി ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. അത്തരത്തിൽ തെളിയിക്കപ്പെട്ട പഠനങ്ങളുമില്ലെന്നാണ് തുമ്മാരുകുടി പറഞ്ഞുവച്ചത്. ഇതിനോട് പഠനറിപ്പോർട്ട് തയ്യാറാക്കിയ ലേഖകന്റെയും ചില വിദഗ്ധരുടെയും പ്രതികരണങ്ങൾ..

മഹേഷ് ഗുപ്തൻ (മനോരമ ലേഖകൻ)

ദുരന്തമുണ്ടായ നിലമ്പൂരിലെ കവളപ്പാറയിൽ മൃഗങ്ങളുടെ സ്വഭാവത്തിലെ മാറ്റങ്ങളെക്കുറിച്ച് ദുരന്തത്തെ അതിജീവിച്ചവരെ ഉദ്ധരിച്ച് എഴുതിയതാണ് ആ ലേഖനം. കേട്ടുകേൾവിയല്ല. അവരുടെ പടം സഹിതമാണ് പ്രസിദ്ധീകരിച്ചത്. മനോരമയുടെ നേതൃത്വത്തിൽ പഠനം നടത്താനെത്തിയ സെസിലേയും സിഡബ്ല്യുആർഡിഎമ്മിലെയും ‌ശാസ്ത്രസംഘത്തോടാണ് അവർ ഇക്കാര്യം പറഞ്ഞത്. ആന ഓടുന്നതും പശുക്കൾ കയറുപൊട്ടിക്കാൻ ശ്രമിക്കുന്നതും കണ്ട രാജേഷ് ഇപ്പോഴും ദുരന്തമേഖലയിൽ മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന ജോലിയിലാണ്. പശുക്കളെ കെട്ടിയിരുന്ന തൊഴുത്ത് അവരെ കെട്ടറുത്തുവിട്ട് അൽപസമയത്തിനകം തകർന്നു. അതിന്റെ പടവും രാജേഷിന്റെ പക്കലുണ്ട്.

malappuram-kavalapara-mechene

മൃഗങ്ങൾക്കു മാത്രമല്ല സൂചന കിട്ടിയത്. കവളപ്പാറയിൽ പത്തോളം ബന്ധുക്കളെ നഷ്ടമായ ചാത്തൻ മൂപ്പന്റെ കാര്യവും അതിനുതൊട്ടുതാഴെയുണ്ട്. നീർച്ചാലിൽ കലങ്ങിവന്ന വെള്ളത്തിന് ‘വെന്ത മണ്ണിന്റെ മണ’മുണ്ടായിരുന്നുവെന്നാണ് ചാത്തൻ മൂപ്പൻ പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം ഭാര്യയേയും കൂട്ടി തോടുകടന്നു രക്ഷപ്പെട്ടത്. ഇദ്ദേഹവും ഇപ്പോൾ കവളപ്പാറയിലെ ദുരിതാശ്വാസക്യാംപിലുണ്ട്.

ഈ സൂചനകൾക്കു ശാസ്ത്രീയ പിൻബലമില്ലെന്ന കാര്യം കൃത്യമായി പരമ്പരയിൽ പറഞ്ഞിട്ടുണ്ട്. ഗവേഷണപ്രബന്ധങ്ങളുടെ പിൻബലമില്ലാത്തതുകൊണ്ടുമാത്രം അവർ പറഞ്ഞ അനുഭവത്തിന്റെ സത്യസന്ധന ഇല്ലാതാകുന്നില്ല. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അപകടങ്ങളിൽ നിന്നു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നതിന്റെ സൂചനയായാണ് ഈ അനുഭവങ്ങളെ കണ്ടത്. ഉരുൾപൊട്ടൽ വരുന്നുവെന്നതിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ ശാസ്ത്രീയപിൻബലമില്ലാത്തതിനാൽ രക്ഷപ്പെടില്ല എന്നു വാശിപിടിക്കുന്നത് ഉചിതമാണോ എന്നുകൂടി ആലോചിക്കണം. 

Kerala Flood

ഡോ. രാജഗോപാൽ കമ്മത്ത് (ശാസ്ത്രജ്ഞൻ, കാലാവസ്ഥാവിദഗ്ധൻ ) 

ഉരുൾപൊട്ടൽ നടന്നയിടങ്ങളിലെ വളർത്തുമൃഗങ്ങൾ ദുരന്തത്തിനു വളരെമുൻപ് വളരെയധികം അസ്വസ്ഥത കാണിച്ചു എന്ന റിപ്പോർട്ട് സുപ്രധാനമാണ്‌. പറവകൾ, കന്നുകാലികൾ, നായ, ഇഴജന്തുക്കൾ, ചിലന്തി തുടങ്ങിയവ പ്രത്യേകിച്ചും ശ്രദ്ധേയമായ രീതിയിൽ അസ്വസ്ഥത കാണിക്കുന്നു. കാട്ടിൽ പ്രകൃത്യാ ഉള്ള ദുരന്തത്തിനു മുൻപും ശത്രുവിന്റെ വരവ് നേരത്തെ അറിഞ്ഞും ജന്തുക്കൾ ഓടി ഒളിക്കുന്നു. പലതരം സംവേദന രീതികളാണ്‌ അവയെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നത്. പരിണാമ വഴിയിൽ കിട്ടിയ കഴിവാണത്. അത്തരം കഴിവുകൾ ഇല്ലാത്തവ പരിണാമ വഴിയിൽ ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടു.

കാട്ടിലെ ജന്തുക്കൾ വളർത്തുമൃഗങ്ങളായപ്പോൾ അവയുടെ കഴിവുകളിൽ കുറേയൊക്കെ അവശേഷിച്ചു. നായകൾക്ക് മനുഷ്യരെക്കാൾ നല്ലതുപോലെ ഗന്ധം തിരിച്ചറിയാനാകും. നമുക്കു കേൾക്കാനാകാത്ത ആവൃത്തിയിലെ ശബ്ദം കേൾക്കാനും കഴിയുന്നത് ഉദാഹരണം. പറവകൾക്ക് ഭൂഖണ്ഡങ്ങൾ താണ്ടി ദേശാടനം നടത്താൻ സഹായകമാകുന്നത് കാന്തിക മണ്ഡലത്തിലെ ഏറ്റക്കുറച്ചിലുകൾ തിരിച്ചറിയാനുള്ള കഴിവാണ്‌. എന്തിനു പറയുന്നു ചിലന്തിക്ക് മഴപെയ്യുന്നതിനു വളരെ നാൾ മുൻപു തന്നെ അറിയാനാകും. ഈ വേളകളിൽ അത് വല നെയ്യുന്നത് സുരക്ഷിത ഇടങ്ങളിൽ മാത്രമായിരിക്കും. ഇഴജന്തുക്കളും കന്നുകാലിയും പറവയും നായയും ഒക്കെ ഭൂകമ്പത്തിനു മുന്നോടിയായുള്ള മാറ്റം തിരിച്ചറിയുന്നു. പ്രാഥമിക കമ്പനങ്ങൾ ഭൂമിയിലൂടെയും വായുവിലൂടെയും പരക്കുന്നത് അവ തിരിച്ചറിയുന്നു.

സേതു ദീപക് (ദുരന്തനിവാരണവിദഗ്ധൻ, ജപ്പാനിൽ ജോലി ചെയ്യുന്നു)

ഭൂകമ്പവും ഉരുൾ പൊട്ടലും മാത്രമല്ല, മഴ വരുന്നതു മുതൽ ഋതുക്കൾ മാറുന്നതു വരെ കാലാവസ്ഥയിലും മറ്റും ഉണ്ടാവുന്ന പല തരത്തിലുള്ള മാറ്റങ്ങളെയും കുറിച്ചു നമുക്ക്‌ മുൻപേ ജീവികൾക്ക്‌ മനസ്സിലാകുന്നതും അവ അതിന്റെ സൂചനകൾ പ്രകടിപ്പിക്കുന്നതും ഒട്ടും അസ്വാഭാവികമായ കാര്യമല്ല. ഇത്‌ മനുഷ്യൻ നിരീക്ഷിച്ചു വിലയിരുത്തുന്നതും പുതിയ കാര്യമല്ല. ഇതിനെ ഡിസാസ്റ്റർ സ്റ്റഡീസിൽ ലോക്കൽ നോളജ്‌ എന്നും ഇന്റിജീനസ്‌ നോളജ്‌ എന്നുമൊക്കെ പറയും. Local/indigenous knowledge in early warning എന്നുള്ളത്‌ ഒരുപാട്‌ ഗവേഷണങ്ങൾക്ക്‌ വിഷയമാവുകയും ചെയ്തിട്ടുണ്ട്‌. ഇന്റർനെറ്റിൽ ഈ വിഷയത്തിൽ സെർച്ച് ചെയ്താൽ ഒരുപാട്‌ പേപ്പറുകൾ ലഭിക്കും.

കോളജിൽ ഞങ്ങളുടെ പ്രഫസർ ആയിരുന്ന മലയാളിയായ സുനിൽ ശാന്ത 2004ലെ സൂനാമിക്ക്‌ ശേഷം ഈ വിഷയത്തെ കുറിച്ച്‌ കേരളത്തിലെ മുക്കുവന്മാരുടെ ഇടയിൽ ചെന്ന് സമഗ്രമായി പഠിക്കുകയും പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്‌. അതിലും ആർട്ടിക്കിളിൽ കണ്ടതു പോലുള്ള പല കാര്യങ്ങളും പറഞ്ഞതായി ഓർമിക്കുന്നു. ഇതേ ഇന്റിജീനസ്‌ നോളജിന്റെ ഫലമായാണ്‌ ആന്റമാൻ ദ്വീപുകളിലെ സെന്റിനലീസ്‌ ഉൾപ്പെടുന്ന tribals ഒരു മുന്നറിയിപ്പും ഇല്ലാതെ അന്നത്തെ സൂനാമിയെ അതിജീവിച്ചതെന്ന് ഓർക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്‌ ഇത്‌ ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെടാത്ത ഒന്നാണെന്നൊക്കെ പറഞ്ഞ്‌ തള്ളിക്കളയുകയല്ലാതെ പിന്നീട്‌ നമുക്ക്‌ എങ്ങനെ ഇത്തരം അറിവ്‌ ഫലപ്രദമാക്കാം എന്നും വിശാലവും സമഗ്രവുമായ ഒരു മുന്നറിയിപ്പ് ഡാറ്റ ബേസിനെകുറിച്ചും ആലോചിക്കുന്നതുമാണ്‌ ഉത്തമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA