ADVERTISEMENT

അമേരിക്കയുടെ കാലങ്ങളായുള്ള തലവേദനകളിലൊന്നാണ് ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകള്‍. ഈ ചുഴലിക്കാറ്റുകളെ അണുബോംബിട്ട് തകര്‍ത്തുകൂടേ എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അമേരിക്കന്‍ തീരത്തെത്തും മുൻപ് ചുഴലിക്കാറ്റിലേക്ക് അണുബോംബിട്ട് അതിനെ തകര്‍ത്തുകൂടേ എന്നാണ് ട്രംപിന്റെ ചോദ്യം. വാര്‍ത്താ പോര്‍ട്ടലായ ആക്സിയോസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 

 

'നമുക്കെന്തുകൊണ്ട് അണ്വായുധം പ്രയോഗിച്ചുകൂടാ? ആഫ്രിക്കയുടെ തീരത്തുനിന്ന് ആരംഭിക്കുന്ന ചുഴലിക്കാറ്റുകള്‍ അറ്റ്‌ലാന്റിക് സമുദ്രം താണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഇതിനിടെ സമുദ്രത്തില്‍ വെച്ച് അണുബോംബിട്ട് അവയെ തകര്‍ത്തുകൂടേ...' എന്ന് ട്രംപ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസില്‍ വച്ച് നടന്ന ചുഴലിക്കാറ്റുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉന്നതതല യോഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.

 

ഇതേ ആശയം നേരത്തെയും പലപ്പോഴായി ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. 2017ല്‍ ചുഴലിക്കാറ്റുകളെ ബോംബിട്ട് തകര്‍ത്തുകൂടേ എന്നാണ് ട്രംപ് ചോദിച്ചത്. ഇപ്പോള്‍ ബോംബെന്നത് അണുബോംബായി മാറിയെന്ന് മാത്രം. ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് ഇതുവരെ തയാറായിട്ടില്ല. എന്തായാലും ട്രംപിന്റെ ആശയം കേട്ട് തലയില്‍ കൈവച്ചിരിക്കുകയാണ് ശാസ്ത്രലോകം. 

 

ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് മരിച്ച അത്രതന്നെ മനുഷ്യര്‍ റേഡിയേഷനും അനുബന്ധ രോഗങ്ങളും മൂലം പിന്നീട് മരിച്ചെന്നാണ് കരുതപ്പെടുന്നത്. അണുബോംബെന്നത് ഒരു സാധാരണ പൊട്ടിത്തെറിയല്ലെന്നും തലമുറകളോളം പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും നാശം വരുത്തുന്ന സര്‍വ്വനാശകാരിയാണെന്നതും ലോകം തിരിച്ചറിഞ്ഞത് ജപ്പാനില്‍ അമേരിക്ക നടത്തിയ അണുബോംബിടലിനെ തുടര്‍ന്നായിരുന്നു. 

 

ട്രംപിന്റെ വാക്കുകേട്ട് അമേരിക്ക ചുഴലിക്കാറ്റ് തകര്‍ക്കാന്‍ അണുബോംബിട്ടാല്‍ എന്തായിരിക്കും ഫലം? അണുബോംബ് ചുഴലിക്കാറ്റിന്റെ കൃത്യം നടുവില്‍ വീണാല്‍ പോലും സ്‌ഫോടനത്തെ തുടര്‍ന്ന് ചുഴലിക്കാറ്റ് പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് പറയാനാകില്ല. മാത്രമല്ല ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന വികിരണങ്ങള്‍ ചുഴലിക്കാറ്റിനൊപ്പം അമേരിക്കയിലും ആ കാറ്റെത്തുന്ന ഭൂമിയിലെ മറ്റുഭാഗങ്ങളിലും എത്തും. അമേരിക്ക സ്വയം അണുബോംബിടുന്നതിന് തുല്യമായി ഈ പ്രവര്‍ത്തി മാറാനും സാധ്യത ഏറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com