ADVERTISEMENT

ഇലക്ട്രോണിക് മാലിന്യങ്ങളെ പുനരുപയോഗിക്കാനുള്ള പഠനത്തിന് ഇന്ത്യന്‍ വംശജയായ ഗവേഷകക്ക് കോടികളുടെ ഗ്രാന്റ്. ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷകയായ സഹജ്‌വാലക്കാണ് ഏകദേശം 23 കോടി രൂപയുടെ (3.3 മില്യണ്‍ ഡോളര്‍) ഗ്രാന്റ് ലഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ പ്രവര്‍ത്തനരഹിതമായ ബാറ്ററികളില്‍ നിന്നും ലോഹങ്ങളും മറ്റും വേര്‍തിരിച്ചെടുത്ത് പുനരുപയോഗിക്കുന്നകയാണ് ഗവേഷണ ലക്ഷ്യം. 

 

ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നും പല ഉത്പന്നങ്ങളും നിര്‍മിക്കുന്ന ഗവേഷണം സഹജ്‌വാലയും സംഘവും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മാത്രമല്ല ഇ മാലിന്യങ്ങളെ വേര്‍തിരിക്കുന്നവരെ സുരക്ഷിതമായ ഈ ജോലി നിര്‍വഹിക്കുന്നതിന് സഹായിക്കാനും കൂടുതല്‍ വരുമാനം ഉറപ്പിക്കാനും ആവശ്യമായ നിര്‍ദേശങ്ങളും ഇവര്‍ നല്‍കിയിരുന്നു. ഇവയില്‍ നിന്നും വേര്‍തിരിക്കുന്ന ഉൽപന്നങ്ങള്‍ ഉപയോഗിച്ച് ഗ്ലാസ് പാനലുകളും ഉപയോഗശൂന്യമായ തുണികള്‍ ഉപയോഗിച്ച് മരം-പ്ലാസ്റ്റിക് പാനലുകളും നിര്‍മിക്കുന്നതിലും ഇവര്‍ വിജയിച്ചിരുന്നു. 

 

ഇ മാലിന്യങ്ങള്‍ അടക്കമുള്ള വസ്തുക്കളില്‍ നിന്നും വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കള്‍ തിരിച്ചറിഞ്ഞ് പുതിയ ഉൽപന്നങ്ങളാക്കി മാറ്റാനുള്ള ഗവേഷണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. സര്‍വ്വകലാശാലക്ക് കീഴിലുള്ള ഗവേഷണ സംഘത്തിന്റെ അഞ്ച് വര്‍ഷത്തെ പഠനത്തിനുള്ള ഗ്രാന്റാണ് അനുവദിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ഇന്‍ഡസ്ട്രിയല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്.

 

ഇ മാലിന്യങ്ങളില്‍ പ്രധാന ഭാഗമായ ലിഥിയം അയണ്‍ ബാറ്ററികളെ എങ്ങനെ പുനരുപയോഗിക്കാമെന്നതായിരിക്കും ഗവേഷക സംഘത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്ന്. സ്മാര്‍ട് ഫോണുകളില്‍ മാത്രമല്ല കാറിലും ലാപ്‌ടോപിലും തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക് ഉൽപന്നങ്ങളിലും ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പ്രവര്‍ത്തനരഹിതമാകുന്ന ബാറ്ററികള്‍ മാലിന്യമായി മാറുന്നത് പതിവ് കാഴ്ച്ചയുമാണ്. 

 

നിരവധി ലോഹങ്ങളും ദോഷകരമായ കെമിക്കലുകളും ഈ ബാറ്ററികളിലുണ്ടെന്നത് പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന ഈ ബാറ്ററികള്‍ വൈകാതെ വലിയ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് ഇവയിലെ ദോഷകരമായ വസ്തുക്കള്‍ മണ്ണിലും വെള്ളത്തിലും കലരുന്ന സാഹചര്യം വന്നാല്‍. 

 

സാധാരണ ഇത്തരം ബാറ്ററികളില്‍ ഉയര്‍ന്ന അളവില്‍ കോപ്പറും അലൂമിനിയവും വിലയേറിയ ലോഹങ്ങളായ കൊബാള്‍ട്ടും നിക്കലുമെല്ലാം കാണപ്പെടുന്നു. ഇവയില്‍ പലതും ഭൂമിയില്‍ തന്നെ അപൂര്‍വ്വമായ ലോഹങ്ങളാണ്. അധികകാലം ഇവയുടെ ലഭ്യത പോലും ഉറപ്പില്ലാത്തതിനാല്‍ പരമാവധി പുനരുപയോഗിക്കുക മാത്രമാണ് ഇ മാലിന്യം വഴിയുള്ള പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗം.

 

'ആവശ്യമുള്ള ഉൽപന്നങ്ങള്‍ നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്തശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന സമീപനം തന്നെ മാറേണ്ടതുണ്ട്. ഇ മാലിന്യങ്ങളിലെ പല ലോഹങ്ങളും അപൂര്‍വ്വമായതുകൊണ്ടുതന്നെ അവ പുനരുപയോഗിക്കേണ്ടതുണ്ട്. അത്തരത്തില്‍ വീണ്ടും ഉപയോഗിക്കാനായാല്‍ അത് വലിയ നേട്ടമായി മാറുകയും ചെയ്യുമെന്ന് സഹജ്‌വാല ഓര്‍മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com