ADVERTISEMENT

ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നു ലഭിക്കുന്ന ഓരോ ചിത്രവും വിവരവും ബഹിരാകാശ ഗവേഷകർക്ക് ഏറെ വിലപ്പെട്ടതാണ്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയയ്ക്കാൻ ശ്രമം തുടങ്ങിയ രാജ്യങ്ങളെ എല്ലാം അദ്ഭുതപ്പെടുത്തുന്നതാണ് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നു ചൈനീസ് റോവർ പകർത്തിയ പുതിയ ചിത്രങ്ങൾ. 

 

ചൈനീസ് ചാന്ദ്ര റോവർ യൂട്ടു -2 ആണ് ചന്ദ്രന്റെ വിദൂര ഭാഗത്ത് വിചിത്ര കാഴ്ച കണ്ടതും ചിത്രം പകർത്തി ഭൂമിയിലേക്ക് അയച്ചതും. ചന്ദ്രനിലെ ഗർത്തത്തിന്റെ അടിയിൽ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെൽ’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തുവാണ് കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ അടുത്തിടെയുണ്ടായ ഗർത്തത്തിലാണ് ഈ അപൂർവ കാഴ്ച കണ്ടെത്തിയത്.

 

എന്നാല്‍ കണ്ടെത്തിയ വസ്തു എന്താണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുറത്തുനിന്നുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണ പ്രകാരം ഗർത്തമുണ്ടായപ്പോൾ സംഭവിച്ച ചൂടിൽ രൂപംകൊണ്ട ഗ്ലാസാണ് ഇതെന്നാണ് നിഗമനം.

 

രണ്ടാഴ്ചത്തെ ചാന്ദ്ര ദിനം ആരംഭിച്ച് മൂന്ന് ദിവസത്തിനു ശേഷം ബെയ്ജിങ് എയ്‌റോസ്‌പേസ് കൺട്രോൾ സെന്റർ റോവറിന്റെ പ്രവർത്തനം നിർത്താറുണ്ട്. റോവറിന്റെ പ്രവർത്തനം നിർത്താനിരിക്കുന്ന സമയത്താണ് തിളങ്ങുന്ന വസ്തു ശ്രദ്ധയിൽപെട്ടത്. ശക്തമായ സൂര്യതാപത്തിൽ നിന്ന് രക്ഷതേടാനാണ് ഇടക്ക് റോവറിന്റെ പ്രവർത്തനം നിർത്തുന്നത്. എന്നാൽ യൂട്ടു -2 പകർത്തിയ ചിത്രം പരിശോധിക്കുന്നതിനിടെ ഗർത്തത്തിൽ അസാധാരണമായ എന്തോ ഒന്ന് ടീം അംഗം യു ടിയാനി ശ്രദ്ധിച്ചു. ഇതോടെ ഗവേഷകർ റോവറിനെ കുറച്ചുകൂടി പ്രവർത്തിപ്പിച്ചു. മികച്ച കാഴ്ചയ്ക്കായി റോവറിനെ ഗർത്തത്തിലേക്ക് സഞ്ചരിപ്പിക്കുകയും ചെയ്തു.

 

കണ്ടെത്തിയ വസ്തു ചന്ദ്രനിൽ നിന്ന് നേരത്തെ ലഭിച്ചിട്ടുള്ള വസ്തുക്കളിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ചൈനീസ് ഗവേഷകർ പറഞ്ഞത്. ആകൃതി, നിറം, ഘടന എന്നിവയിൽ എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ സംഭവത്തിന്റെ വിശദമായ റിപ്പോർട്ടോ ചിത്രങ്ങളോ ചൈന പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com