ADVERTISEMENT

ചന്ദ്രയാൻ 2 ലാൻഡർ വിക്രവുമായി ബന്ധം സ്ഥാപിക്കുന്നതിൽ ശാസ്ത്രജ്ഞർ ഇതുവരെ പ്രതീക്ഷ കൈവിട്ടില്ലെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ചെയർമാൻ കെ ശിവൻ പറഞ്ഞത്. വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടെന്നതിന് തെളിവായി ഓർബിറ്റർ പകർത്തിയ ചിത്രവും പുറത്തുവന്നതോടെ പ്രതീക്ഷകൾക്ക് ജീവൻവച്ചിരിക്കുന്നു.

 

ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്ത 14 ദിവസങ്ങൾ ഏറെ നിർണായകമാണ്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകളെ ഉണർത്തുന്നതാണ് പുതിയ റിപ്പോർട്ട്. ഓപ്പറേഷന്റെ അവസാന ഘട്ടത്തിലാണ് ലാൻ‌ഡറായ വിക്രം ചന്ദ്ര ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിലായിരുന്നപ്പോൾ ആശയവിനിമയം നഷ്‌ടപ്പെട്ടത്. പിന്നീട് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ല.

 

‘ലാൻഡറിന്റെ ലാൻഡിങ് ആസൂത്രണം ചെയ്തപോലെ നടന്നു. തുടർന്ന് ലാൻഡറിൽ നിന്ന് ഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടു. ഡേറ്റ വിശകലനം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് കരുതുന്നത്.

 

പരാജയ വിശകലന സമിതി (എഫ്എസി) വിക്രം ലാന്‍ഡറിന്റെ വഴിതെറ്റലിന് കാരണമായേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. നാസയുടെ മാഡ്രിഡിലെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് സെന്ററിൽ നിന്നും മൗറീഷ്യസിലെ ഇന്ത്യൻ സ്റ്റേഷനിൽ നിന്നും ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾക്കായി ഇസ്രോ ശ്രമം നടത്തുന്നുണ്ട്. വിക്രമിൽ നിന്ന് ഇതുവരെ സിഗ്നൽ ലഭിച്ചിട്ടില്ല, മാഡ്രിഡിൽ നിന്നോ മൗറീഷ്യസിൽ നിന്നോ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും മിഷൻ കൺട്രോൾ അറിയിച്ചു.

ഇതുവരെയുള്ള ചാന്ദ്രദൗത്യങ്ങളിലെ ഏറ്റവുമധികം റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാൻ ഓർബിറ്ററിലുള്ളത്. ഈ ചിത്രങ്ങളുപയോഗിച്ച് ഇസ്‍റോയ്ക്കു വിക്രത്തെ കണ്ടെത്താം. അതിന്റെ സ്ഥാനമറിയാം; കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളുമറിയാം. ചന്ദ്രനെ വലംവയ്ക്കുന്ന നാസയുടെ ഓർബിറ്ററിൽ നിന്നുള്ള വിവരങ്ങളും ഉപയോഗപ്പെടുത്തും. ഈ വിവരങ്ങൾ കൂടി ലഭിച്ചശേഷം പരീക്ഷണശാലയിൽ, മാതൃകകൾ ഉപയോഗിച്ചുള്ള സിമുലേഷൻ ടെസ്റ്റ് നടത്തും. പരാജയ സാഹചര്യങ്ങൾ ഇതിനായി പുനഃസൃഷ്ടിക്കും. അതിന്റെ ഫലങ്ങൾ കൂടി വിശകലനം ചെയ്താകും അന്തിമ റിപ്പോർട്ട് തയാറാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com