sections
MORE

ആദ്യ ഉപഗ്രഹം കടലിൽ തകർന്നു വീണപ്പോൾ സംഭവിച്ചതെന്ത്? കലാമിന്റെ വാക്കുകൾ...

SLV-3-Launch
SHARE

വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് പദ്ധതി ആസൂത്രണ പ്രകാരം നടന്നില്ല. അവസാന നിമിഷം ലാൻഡറിന് ഗ്രൗണ്ട് സ്റ്റേഷനുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആദ്യ പരാജയമല്ല. ഇതിനു മുൻപും ഇസ്രോയുടെ നിരവധി ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലൊന്നായിരുന്നു 1979ൽ എ.പി.ജെ. അബ്ദുൾ കലാം പ്രൊജക്ട് കോർഡിനേറ്ററായിരിക്കുേമ്പാൾ നടന്ന എസ്‌എൽ‌വി -3 മിഷന്റെ പരാജയം. ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ പരാജയമായിരുന്നു അത്. 

1979 ലെ എസ്‌എൽ‌വി -3 മിഷൻ തകർച്ചയെക്കുറിച്ച് മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുൾ കലാം നിരവധി തവണ പറഞ്ഞിട്ടുണ്ട്. പരാജയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അന്നത്തെ സംഭവം പിന്നീട് പ്രചോദനമായിട്ടുണ്ടെന്നും കലാം പ്രസംഗിച്ചിട്ടുണ്ട്. 1979 ൽ എസ്‌എൽ‌വി -3 മിഷന്റെ പ്രോജക്ട് കോർഡിനേറ്ററായിരുന്നു ഡോ. എ.പി.ജെ അബ്ദുൾ കലാം. പ്രൊഫസർ സതീഷ് ധവാൻ ആയിരുന്നു അന്നത്തെ ഇസ്രോ ചെയർമാൻ.

2013ലെ ഒരു പരിപാടിയിൽ സംസാരിക്കവേ 1979 ലെ സംഭവത്തെ കുറിച്ച് കലാം പറയുന്നുണ്ട്. അന്ന് കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും പങ്കുവക്കുന്നുണ്ട്. ‘വർഷം 1979. ഞാനാണ് പ്രോജക്ട് ഡയറക്ടർ. ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതായിരുന്നു എന്റെ ദൗത്യം. ആയിരക്കണക്കിന് പേര്‍ പത്ത് വർഷത്തോളം ജോലി ചെയ്തു. വിക്ഷേപണത്തിനായി ഞാൻ ശ്രീഹരിക്കോട്ടയിലെത്തി, ലോഞ്ച് പാഡിലേക്ക് നടന്നു. കൗണ്ട്‌ഡൗൺ നടക്കുന്നു മൈനസ് 4 മിനിറ്റ്, മൈനസ് 3 മിനിറ്റ്, മൈനസ് 2 മിനിറ്റ്, മൈനസ് 1 മിനിറ്റ്, മൈനസ് 40 സെക്കൻഡ്. ഇതിനിടെ ലോഞ്ചിങ് നിർത്താൻ കംപ്യൂട്ടറിൽ നിന്ന് നിർദ്ദേശം വന്നു, എന്നാൽ വിക്ഷേപണം നടക്കട്ടെ എന്ന് ഞാനും പറഞ്ഞു. ഞാൻ മിഷൻ ഡയറക്ടറാണ്, ആ നിമിഷം എന്തും തീരുമാനമെടുക്കാൻ എനിക്ക് കഴിയുമായിരുന്നു എന്നും കലാം പറഞ്ഞു.

എസ്‌എൽ‌വി -3 പരിശോധിച്ച വിദഗ്ധ സംഘം മിഷന്റെ സമയത്ത് പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കിയില്ല. പ്രവർത്തനം തുടർന്നു. എന്റെ പിന്നിൽ ആറ് വിദഗ്ധരുണ്ട്. അവർ കംപ്യൂട്ടർ ഡേറ്റാബേസ് കണ്ടു, സ്ക്രീനിൽ വരുന്ന ചിത്രങ്ങൾ കാണുന്നു, നിയന്ത്രണത്തിൽ ഒരു പ്രശ്നമുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കലാം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ആസൂത്രണം ചെയ്ത പോലെ തന്നെയാണ് റോക്കറ്റ് കുതിച്ചതെന്നും രണ്ടാം ഘട്ടത്തിൽ അത് ശരിയായില്ലെന്നും കലാം പറഞ്ഞു. കംപ്യൂട്ടർ ഡേറ്റകളെ മറികടന്ന് റോക്കറ്റ് വിക്ഷേപിച്ചു. അന്നത്തെ ഉപഗ്രഹം വിക്ഷേപിക്കുന്നതിന് നാല് ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യ ഘട്ടം നന്നായി പോയി, രണ്ടാം ഘട്ടത്തിൽ അത് പ്രശ്നങ്ങളുണ്ടാക്കി. ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്നതിനുപകരം ബംഗാൾ ഉൾക്കടലിൽ എത്തിച്ചുവെന്നും കലാം പറഞ്ഞു.

ജീവിതത്തിൽ ആദ്യമായാണ് താൻ പരാജയം നേരിട്ടതെന്ന് ഡോ. അബ്ദുൾ കലാം പറഞ്ഞു. ഞാൻ ആദ്യമായി പരാജയം നേരിട്ടു, പരാജയം എങ്ങനെ കൈകാര്യം ചെയ്യാം? വിജയം എനിക്ക് കൈകാര്യം ചെയ്യാൻ കഴിയും, പക്ഷേ പരാജയം എങ്ങനെ കൈകാര്യം ചെയ്യും? ഡോ. അബ്ദുൾ കലാം പ്രസംഗത്തിനിടെ ചോദിച്ചു.

കംപ്യൂട്ടർ മുന്നറിയിപ്പ് അവഗണിച്ചുള്ള ഏക തീരുമാനം എടുത്തത് താനാണെന്ന് ഡോ. അബ്ദുൾ കലാമും പറഞ്ഞു. എന്നാൽ അന്നത്തെ ഇസ്രോ മേധാവി സതീഷ് ധവാൻ അദ്ദേഹത്തോടൊപ്പം പത്രസമ്മേളനം നടത്തിയ സമയമാണ് കലാം അനുസ്മരിച്ചത്. വിമർശനത്തിന് വിധേയരാകാമെന്ന് അറിഞ്ഞിട്ടും ഹൃദയം തകർന്ന സതീഷ് ധവാൻ എല്ലാവരുടെയും മുൻപിൽ സ്വയം കുറ്റം ഏറ്റെടുത്താണ് വാർത്താസമ്മേളം വിളിച്ചതെന്നും ഡോ. അബ്ദുൾ കലാം പറഞ്ഞു.

ധവാൻ അന്ന് പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ‘പ്രിയ സുഹൃത്തുക്കളേ, ഞങ്ങൾ ഇന്ന് പരാജയപ്പെട്ടു. എന്റെ സാങ്കേതിക വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സ്റ്റാഫിനെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ അടുത്ത വർഷം അവർ വിജയിക്കും’. അടുത്ത വർഷം ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു, കാരണം അദ്ദേഹത്തിന്റെ ടീം ഏറെ മികച്ചതായിരുന്നുവെന്നും കലാം പറഞ്ഞു.

തുടർന്ന് കലാം ഇങ്ങനെ പറഞ്ഞു: അടുത്ത വർഷം 1980 ജൂലൈ 18 ന് രോഹിണി ആർ‌എസ് -1 വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കുകയും ധവാൻ എന്നോട് വാർത്താസമ്മേളനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഈ ദിവസമാണ് താൻ ഒരു പ്രധാന പാഠവും മികച്ച മാനേജ്മെന്റ് അനുഭവവും പഠിച്ചതെന്ന് കലാം പറഞ്ഞു.

‘ഞാൻ അന്ന് വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചു. പരാജയം സംഭവിച്ചപ്പോൾ സംഘടനയുടെ നേതാവ് ആ പരാജയം ഏറ്റുവാങ്ങി. വിജയം വന്നപ്പോൾ അദ്ദേഹം അത് തന്റെ ടീമിന് നൽകി. ഞാൻ പഠിച്ച ഏറ്റവും മികച്ച മാനേജ്മെന്റ് പാഠം ഒരു പുസ്തകം വായിക്കുന്നതിൽ നിന്ന് എന്നിലേക്ക് വന്നില്ല, അത് ആ അനുഭവത്തിൽ നിന്നാണ് വന്നതെന്നും കലാം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA