sections
MORE

ബഹിരാകാശത്തു നിന്ന് നിഗൂഢ സിഗ്നലുകൾ, കണ്ടെത്തിയത് ചൈനയിലെ ഭീമൻ ദൂരദർശിനി

fast
SHARE

ഭൂമിയിലെ ടെലസ്‌കോപുകൾ പിടിച്ചെടുത്ത അതിശക്തമായ നിഗൂഢ സിഗ്നലുകളെ കുറിച്ച് ഇടക്കിടെ വലിയ ചർച്ചകൾ നടക്കാറുണ്ട്. ഏറ്റവും അവസാനമായി ചൈനയിലെ ഭീമൻ ദൂരദർശിനുയും നിഗൂഢമായ സിഗ്നലുകൾ കണ്ടെത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് ചൈനീസ് ജ്യോതിശാസ്ത്രജ്ഞരാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഭൂമിയിൽ നിന്ന് ഏകദേശം 300 കോടി പ്രകാശവർഷം അകലെയുള്ള ഒരു സ്രോതസ്സിൽ നിന്നാണ് നിഗൂഢ സിഗ്നലുകൾ വന്നിരിക്കുന്നത്. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലുതും സെൻസിറ്റീവുമായ റേഡിയോ ദൂരദർശിനിയാണ് ഈ സിഗ്നലുകൾ പകർത്തിയിരിക്കുന്നത്.

500 മീറ്റർ അപേർച്ചർ സ്ഫെറിക്കൽ റേഡിയോ ടെലിസ്‌കോപ്പ് (ഫാസ്റ്റ്) ഉപയോഗിച്ചാണ് സിഗ്നലുകൾ കണ്ടെത്തിയത്. അവ ശ്രദ്ധാപൂർവ്വം ക്രോസ് ചെക്ക് ചെയ്ത് പ്രോസസ്സ് ചെയ്യുകയാണെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ (എൻ‌എ‌ഒ‌സി) നാഷണൽ ആസ്ട്രോണമിക്കൽ ഒബ്സർവേറ്ററീസ് ഗവേഷകർ അഭിപ്രായപ്പെട്ടു.

അന്യഗ്രഹ ജീവികളെയടക്കം വീക്ഷിക്കാൻ ലക്ഷ്യമിട്ട് ചൈന നിർമിച്ച റേഡിയോ ടെലസ്കോപ്പാണ് ഫാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പാണിത്. FAST എന്നാണ് ടെലസ്‌കോപ്പിന് പേരു നൽകിയിരിക്കുന്നത്. Five hundred meter Aperture Spherical Telescope എന്നാണ് FAST-ന്റെ പൂർണരൂപം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗൂഷു പ്രവിശ്യയിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ടെലസ്‌കോപ്പിനു 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട്.

പ്രപഞ്ചത്തിന്റെ ഏതുഭാഗത്തു നിന്നും സിഗ്നലുകൾ സ്വീകരിക്കാൻ കെൽപ്പുള്ള ടെലസ്‌കോപ്പിൽ ത്രികോണാകൃതിയിലുള്ള 4500 പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആയിരം പ്രകാശവർഷം ആഴത്തിലേക്കിറങ്ങി ചെല്ലാൻ ടെലസ്‌കോപ്പിനു കഴിയും. അഞ്ച് വര്‍ഷമെടുത്താണ് ചൈന ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് നിര്‍മിച്ചത്. ടെലസ്‌കോപ്പിന്റെ ഹൃദയമായ റെറ്റിന നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ചിരുന്നു. 30000 കിലോഗ്രാം ഭാരമുള്ളതാണ് ഫാസ്റ്റിന്റെ റെറ്റിനയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2003ലാണ് ആദ്യമായി ഈ ബ്രഹ്മാണ്ഡ പദ്ധതിയുടെ ആലോചന ചൈനയില്‍ നടക്കുന്നത്. ടെലസ്‌കോപ്പിന്റെ ആന്റിന വഴിയാണ് ദിശ നിശ്ചയിക്കുക. പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഫാസ്റ്റ് നല്‍കുന്നുണ്ട്. ഒരു സാദാ ടിവി ആന്റിനയോട് സമാനമായ പ്രവര്‍ത്തനരീതിയാണ് ഫാസ്റ്റിന്റേത്. എന്നാല്‍ പ്രപഞ്ചത്തിലെ ഏതു കോണില്‍ നിന്നുമുള്ള സിഗ്നലുകളെ സ്വീകരിക്കാന്‍ തക്ക വലുപ്പമാണ് ഫാസ്റ്റ് ദൂരദര്‍ശിനിയെ വ്യത്യസ്തമാക്കുന്നത്. കുറഞ്ഞത് 20-30 വര്‍ഷത്തേക്കെങ്കിലും ഈ ചൈനീസ് ഭീമന്‍ ദൂരദര്‍ശിനിക്ക് ഭൂമിയില്‍ നിന്ന് എതിരാളിയുണ്ടാകില്ല. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ജ്യോതിശാസ്ത്ര ഉപകരണമാണ് ഫാസ്റ്റ്. 120 കോടി യുവാന്‍ (ഏകദേശം 1245 കോടിരൂപ) ആണ് ഈ കൂറ്റന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണ ചെലവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA