ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായി ബന്ധം തിരിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് ഇസ്രോ ഗവേഷകർ പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനിൽ പേടകമിറക്കാമെന്ന ഇസ്രയേലിന്റെ ദീർഘനാളത്തെ സ്വപ്നം പൊലിഞ്ഞതും ഈ വർഷം തന്നെയാണ്. ഇസ്രയേൽ തദ്ദേശീയമായി നിർമിച്ച ബേറെഷീറ്റ് എന്ന ബഹിരാകാശ പേടകം ലാൻഡിങ്ങിന്റെ അവസാന നിമിഷങ്ങളിലാണ് തകർന്നു വീണത്.

അന്ന് 500 കിലോമീറ്റർ വേഗത്തിലാണ് ബേറെഷീറ്റ് പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്. ഇതു തന്നെയാണോ വിക്രം ലാൻഡറിനും സംഭവിച്ചതെന്ന് ഗവേഷർ പഠിക്കുന്നുണ്ട്. വിക്രം ലാൻഡറിനു അവസാന നിമിഷം എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച ഡേറ്റ ഇസ്രോ ഗവേഷകർ ഇസ്രയേൽ ബഹിരാകാശ ഏജൻസിയായ സ്പേസ് ഐഎല്ലിന് കൈമാറിയേക്കും. ഇസ്രയേലിന്റെ റോബോട്ടിക് ലാൻഡർ ഏപ്രിൽ 11 നാണ് തകര്‍ന്നത്.

രണ്ടു ദൗത്യങ്ങളുടെയും പരാജയ കാരണങ്ങൾ വിലയിരുത്തും. ഇതുവഴി അടുത്ത ചാന്ദ്രയാൻ പദ്ധതിക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. വിക്രം ലാൻഡറിനെ കുറിച്ച് പഠിക്കാൻ ഇസ്രോ പ്രത്യേകം സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ ബേറെഷീറ്റ് പേടകം തകരാനിടയായ കാരണങ്ങൾ പഠിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയുടെ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറും വിക്ഷേപിച്ചത്.

വിക്രം ലാൻഡറിനു സംഭവിച്ചതു പോലെ തന്നെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ബേറെഷീറ്റ് പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എൻജിനിലെ തകരാറാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകത്തെ പ്രവേശിപ്പിക്കാൻ കഴിയുന്ന ഏഴാമത്തെ രാജ്യമാകാൻ ഇസ്രയേലിന് സാധിച്ചു. 585 കിലോഗ്രാം ഭാരമുള്ള പേടകം കഴിഞ്ഞ ഫെബ്രുവരി 22 നാണ് സ്പേസ്എക്സ് ഫാൽക്കൺ–9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com