sections
MORE

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് ദുരന്തമെന്ന് യൂറോപ്യൻ ഏജൻസി

moon-south
SHARE

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡർ പരാജയപ്പെട്ടത് ലോകം കണ്ടതാണ്. ലാൻഡിങ്ങിന്റെ അവസാന നിമിഷം ലാൻഡറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു.

യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇ‌എസ്‌എ) ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലേക്ക് ഒരു ആളില്ലാ ദൗത്യം ആസൂത്രണം ചെയ്തിരുന്നു. ഏതാണ്ട് ഇന്ത്യയുടെ ചന്ദ്രയാൻ - 2 പോലെ തന്നെയായിരുന്നു. 2018ൽ ചന്ദ്രനിൽ ലാൻഡിങ് നടത്താനായിരുന്നു നീക്കം നടത്തിയിരുന്നത്. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം പദ്ധതി റദ്ദാക്കുകയായിരുന്നു.

പദ്ധതി ഘട്ടങ്ങളിൽ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ലാൻഡിങ്ങിന്റെ അപകടങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും റിപ്പോർട്ട് തയാറാക്കിയിരുന്നു. ഈ റിപ്പോർട്ട് പിന്നീട് പുറത്തുവിട്ടിരുന്നു. ചന്ദ്രന്റെ ഉപരിതലം (ദക്ഷിണധ്രുവം) സങ്കീർണ്ണമായ അന്തരീക്ഷമാണ്. ചന്ദ്രന്റെ മറ്റു ഭാഗങ്ങളെ പോലെയല്ല ഇവിടുത്തെ കാര്യങ്ങൾ. ഫലങ്ങൾ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവുമാണ് എന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ടിലുള്ളത്.

ചന്ദ്രോപരിതലത്തിലെ ശക്തമായ പൊടിപടലങ്ങൾ ഉപകരണങ്ങളിൽ പറ്റിനിൽക്കുകയും യാന്ത്രിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും സാധ്യത ഏറെയാണ്. ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലാൻഡറിലെ സോളാർ പാനലുകളുടെയും മറ്റ് സിസ്റ്റങ്ങളുടെയും കാര്യക്ഷമത കുറയ്‌ക്കാൻ പൊടിപടലങ്ങൾ കാരണമാകും.

ഇലക്ട്രോസ്റ്റാറ്റിക്കിന്റെ സാന്നിധ്യം ചന്ദ്രന്റെ ഉപരിതലത്തിനു ചുറ്റുമുള്ള പൊടിപടലങ്ങൾ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നു. ഈ കണികകൾ മൂലമുണ്ടാകുന്ന ഇലക്ട്രോസ്റ്റാറ്റിക് ചാർജിങ് ലാൻഡറുകള്‍ക്കും മനുഷ്യർക്കും ഒരുപോലെ അപകടമായിരിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചന്ദ്രനിലെ പൊടിയെക്കുറിച്ചും അതിന്റെ പെരുമാറ്റത്തെക്കുറിച്ചും വളരെക്കുറച്ചേ അറിയൂ. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചുള്ള വിവരങ്ങൾ അനന്തമാണെന്നുമാണ് പറയുന്നത്.

ലാൻഡിങ് സമയത്ത് പേടകം (ലാൻഡർ) സൗരോർജ ഉൽ‌പാദനത്തെ തടസ്സപ്പെടുത്തുന്ന നിഴലുകളെയും കുത്തനെയുള്ള ചരിവുകളെയോ വലിയ പാറകളെയോ പോലുള്ള അപകടങ്ങളെ നിരീക്ഷിക്കും. എന്നാൽ പേടകം വിശ്രമത്തിലായിരിക്കുമ്പോൾ ലാൻ‌ഡറിനെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

നിങ്ങൾക്ക് അവിടെ ജീവിക്കണം, പക്ഷേ ബഹിരാകാശ പേടകത്തിനകത്തും പുറത്തും പൊടിപടലവുമായി നിങ്ങൾ നിരന്തരം പോരാടേണ്ടി വരുമെന്നാണ് ചന്ദ്രനിൽ അവസാനമായി നടന്ന മനുഷ്യൻ യൂജിൻ സെർനാനെ ഉദ്ധരിച്ച് ഇഎസ്എ റിപ്പോർട്ടിൽ ചന്ദ്രന്റെ പൊടിപടലത്തെക്കുറിച്ച് പറയുന്നത്.

2020 കളുടെ പകുതിയോടെ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലേക്കുള്ള ഹെറാക്കിൾസ് റോബോട്ടിക് ദൗത്യത്തിനായി തയാറെടുക്കുന്നതിനായി കനേഡിയൻ, ജാപ്പനീസ് ബഹിരാകാശ ഏജൻസികളുമായി ഇഎസ്എ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇഎസ്എ റിപ്പോർട്ടിന് പുറമേ പ്യൂർട്ടോ റിക്കോ-മയാഗെസ് സർവകലാശാല 2019 മെയ് 30 ന് നാസയുമായി സംയുക്തമായി ഒരു റിപ്പോർട്ടു തയാറാക്കിയിരുന്നു. ചാന്ദ്ര പര്യവേഷണവും ധ്രുവപ്രദേശങ്ങളിലേക്കുള്ള പ്രവേശനവും എന്ന റിപ്പോർട്ട് ചന്ദ്രന്റെ ധ്രുവപ്രദേശത്ത് ലാൻഡിങ്ങിന് സാധ്യതയുള്ള ചില അപകടങ്ങളെ എടുത്തുകാണിക്കുന്നുണ്ട്. 2024 ഓടെ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ ലക്ഷ്യം കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

നാസയുടെയും ലാൻഡിങ് സോണും ദക്ഷിണധ്രുവ പ്രദേശമാണ്. ആർട്ടെമിസ് എന്നറിയപ്പെടുന്ന ദൗത്യം ആസൂത്രണം ചെയ്യുമ്പോൾ ചന്ദ്രയാൻ -2 ൽ നിന്നുള്ള ഡേറ്റ ഉപയോഗിക്കുമെന്ന് നാസ ആവർത്തിച്ചു. ഈ പ്രദേശത്ത് ബഹിരാകാശ പേടകം ഇറക്കുന്നതിൽ 17 തരം അപകടസാധ്യതകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA