ADVERTISEMENT

ഇന്ത്യന്‍ സ്‌പെയ്‌സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) കൂടുതല്‍ ബൃഹത്തായ ചാന്ദ്ര ദൗത്യം നടത്താനായി അരയും തലയും മുറുക്കുകയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ഇത്തവണ ജപ്പാന്റെ സഹകരണവുമുണ്ടാകുമെന്നതാണ് പ്രത്യേകത. ചന്ദ്രനിലെ പോളാര്‍ മേഖലയില്‍ നിന്നുള്ള സാംപിളുകള്‍ ഭൂമിയിലെത്തിക്കുക എന്നത് ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരിക്കാം.

 

ജപ്പാന്‍ എയ്‌റോസ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (JAXA) ആയിരിക്കും ഇസ്രോയോടു സഹകരിക്കുക. ഇസ്രോയും ജാക്‌സയും ഇത്തരമൊരു ദൗത്യത്തിന്റെ സാധ്യതാ പഠനം തുടങ്ങിക്കഴിഞ്ഞതായി ഇസ്രോ ഒരു വാർത്താക്കുറിപ്പില്‍ അറിയിച്ചു. പോളാര്‍ മേഖലയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുക എന്നതായിരിക്കും അതിസൂക്ഷ്മ നീക്കങ്ങള്‍ നടത്തുന്നതില്‍ പ്രശസ്തരായ ജപ്പാനുമായി ചേര്‍ന്നു നടത്തുന്ന സംയുക്ത ദൗത്യത്തിന്റെ പ്രത്യേകത. 2008 സെപ്റ്റംബറില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അംഗീകരിച്ച ചന്ദ്രയാന്‍-2 റഷ്യയുമായി സഹകരിച്ചു നടത്താനായിരുന്നു തീരുമാനം. റഷ്യയുടെ റോസ്‌കോസ്‌മോസ് ലാന്‍ഡര്‍ നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ ആ ധാരണ നടപ്പിലാകാതെ വന്നപ്പോള്‍ തങ്ങള്‍ തന്നെ ദൗത്യവുമായി മുന്നേറുകയാണെന്ന് ഇസ്രോ 2012ല്‍ അറിയിക്കുകയായിരുന്നു.

 

ജാക്‌സയുടെ ഛിന്നഗ്രഹ ദൗത്യമായ ഹയബുസാ2 (Hayabusa2) വിജയകരമായി അതിന്റെ അവസാന ദൗത്യം പൂര്‍ത്തികരിച്ചത് ഈ വര്‍ഷം ജൂലൈയിലാണ്. രണ്ടാമത്തെ തവണയാണ് അത്യന്തം അപായ സാധ്യതയുള്ള ഈ ദൗത്യം ജപ്പാന്‍ വിജയിപ്പിക്കുന്നത്. ഇസ്രോ-ജാക്‌സ ദൗത്യം 2024ല്‍ ആയിരിക്കാം നടക്കുക. അതിനുമുൻപ് ഇസ്രോയുടെ ബഹിരാകാശ സഞ്ചാരികളുമായുള്ള ദൗത്യം നടന്നേക്കാം. 2022ല്‍ ആണിത് നടക്കാന്‍ സാധ്യത. ഇസ്രോ-ജാക്‌സ സംയുക്ത ദൗത്യത്തെക്കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ പുറത്തുവരുന്നത് 2017ല്‍ ആണ്. ബെംഗളൂരുവില്‍ നടന്ന വിവിധ ബഹിരാകാശ ഏജന്‍സികളുടെ മീറ്റിങ്ങിനു ശേഷമാണ് ഇത്തരം ഒരു സാധ്യതയെപ്പറ്റി ചര്‍ച്ചകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് 2018ല്‍ ഇതേക്കുറിച്ച് ജപ്പാനുമായി സർക്കാർ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയുണ്ടായി. 

 

ചന്ദ്രയാന്‍-2 വിജയിച്ചിരുന്നെങ്കില്‍ ജപ്പാനുമായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ എളുപ്പമാകുമായിരുന്നു. ഇപ്പോഴും ഇരു രാജ്യങ്ങളും സംയുക്ത ദൗത്യത്തെക്കുറിച്ച് പ്രതീക്ഷയിലാണ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ചന്ദ്രയാന്‍-2ന്റെ വിക്രം വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിരുന്നെങ്കില്‍ ആ വിജയം നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ തീരുമായിരുന്നു. ജപ്പാന് ഇതുവരെ അതു സാധിച്ചിട്ടില്ല. സംയുക്ത സംരംഭം അറിയപ്പെടുക ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍ (എല്‍പിഇ) എന്നായിരിക്കും. ഇതിലൂടെ ഒരു മൂണ്‍ റോവറെ അയയ്ക്കാനാണ് ശ്രമം. അടുത്തതായി നാസ നടത്തുന്ന ചാന്ദ്രദൗത്യത്തിനു ശേഷമായിരിക്കും ഇതു നടത്താന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുക. 

 

നാസ വീണ്ടും ആളുകളെ ചന്ദ്രനിലയയ്ക്കാനായിരിക്കും ശ്രമിക്കുകയെങ്കില്‍ എല്‍പിഇ റോബോട്ടുകളെ ഇറക്കാനായിരിക്കും ശ്രമിക്കുക. എന്നാല്‍ എല്‍പിഇ ദൗത്യം ചന്ദ്രനില്‍ ഒരു സ്ഥിരം അടിത്തറ പാകിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതു നടക്കണമെങ്കില്‍ ആഗോള ബഹിരാകാശ സഹകരണം ( global space co-operation) ആവശ്യമാണ്. എന്നാല്‍ എല്‍പിഇയുടെ ദൗത്യം നടക്കുക ലോകമൊട്ടാകെ വര്‍ധിച്ച ആകാംക്ഷയോടെ ചന്ദ്രനില്‍ മനുഷ്യനുള്ള സാധ്യതയെക്കുറിച്ചുള്ള അറിയാന്‍ കാത്തിരിക്കുന്ന സമയത്താണ് നടക്കുക. പല രാജ്യങ്ങളും ഇത്തരം ദൗത്യങ്ങള്‍ നടത്തിയേക്കാം. മനുഷ്യരെ ചന്ദ്രനില്‍ അയയ്ക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. മനുഷ്യന് ചന്ദ്രനില്‍ കുറച്ചു സമയം ചിലവഴിക്കേണ്ടി വന്നാല്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഇസ്രോയും ഏര്‍പ്പെട്ടു കഴിഞ്ഞു.

 

ചന്ദ്രനെ ഒരു പുറം താവളമാക്കാനുള്ള ഗൗവരവിത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അന്റാര്‍ട്ടിക്ക ദൗത്യങ്ങളെപ്പോലെയായിരിക്കും ഇവ. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്‌പെയ്‌സ് സ്റ്റേഷന്‍ സങ്കല്‍പം ഇല്ലാതാക്കുകയും ചന്ദ്രനില്‍ സ്ഥിരം കെട്ടിടങ്ങള്‍ ഉയര്‍ത്തിയേക്കാനുമാണ് സാധ്യത. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അത്തരം സാധ്യത ആരായുകയാണെന്ന് ആദ്യ ചന്ദ്രയാന്‍ ദൗത്യത്തിനു ചുക്കാന്‍ പിടിച്ച എം. അണ്ണാ ദുരൈ പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയും തങ്ങളുടെ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com