ADVERTISEMENT

കഴിഞ്ഞ ശനിയാഴ്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ വിക്രം ലാൻഡറിന് ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനാൽ ചന്ദ്രയാൻ -2 ദൗത്യത്തിന് നേരിയ തിരിച്ചടി നേരിട്ടിരിക്കാം. എന്നാലും ഇസ്രോയെ സംബന്ധിച്ചിടത്തോളം പ്രോത്സാഹജനകമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഭൂമിയിൽ തിരിക്കുമ്പോൾ കേവലം ഒരു വർഷം ആയുസ്സ് പ്രവചിച്ചിരുന്ന ചന്ദ്രയാൻ -2ലെ ഓർബിറ്ററിന്റെ ദൗത്യം ആറുവർഷത്തേക്ക് നീട്ടിയത് അദ്ഭുത നേട്ടം തന്നെയാണ്.

 

ചന്ദ്രയാൻ -2 ഓർബിറ്ററിന്റെ ദൗത്യം യഥാർഥത്തിൽ ഒരു വർഷം നീണ്ടുനിൽക്കേണ്ടതായിരുന്നു. എന്നാൽ ഓർബിറ്റർ ഇപ്പോൾ ഏഴു വർഷത്തേക്ക് പ്രവർത്തിക്കുമെന്ന് ഇസ്രോ സ്ഥിരീകരിച്ചിരിക്കുന്നു. ചന്ദ്രനെ ചുറ്റുകയും ചന്ദ്ര ഉപരിതലത്തിലും അന്തരീക്ഷത്തിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാൻ ഇതുവഴി സാധിക്കും.

 

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഇന്ധനം ലാഭിച്ചുകൊണ്ടാണ് ചന്ദ്രയാൻ -2 ഓർബിറ്ററിന്റെ ആയുസ്സ് നീട്ടാൻ ഇസ്രോയ്ക്ക് സാധിച്ചത്. ജൂലൈ 22 ന് വിക്ഷേപിച്ചപ്പോൾ ചന്ദ്രയാൻ -2 ഭ്രമണപഥത്തിൽ 1697 കിലോഗ്രാം ഇന്ധനമുണ്ടായിരുന്നു. ഇപ്പോൾ 500 കിലോഗ്രാം ഇന്ധനമാണ് അവശേഷിക്കുന്നത്. ഇത് ഓർബിറ്ററിന് ഏഴ് വർഷം നീണ്ടുനിൽക്കാൻ കഴിയുമെന്നാണ് ഇസ്രോ ഗവേഷകർ പറയുന്നത്.

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജൂലൈ 22 നാണ് ചന്ദ്രയാൻ -2 വിക്ഷേപിച്ചത്. ചന്ദ്രയാൻ -2 ചന്ദ്രനിൽ ഒരു റോവർ സ്ഥാപിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഓർബിറ്ററിന്റെ ഭ്രമണപഥങ്ങൾ നിരവധി തവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്തിട്ടും അവസാനം ഓർബിറ്ററിന് 500 കിലോഗ്രാം ഇന്ധനം ശേഷിച്ചിരുന്നു. എന്നാൽ അടുത്ത ഏഴു വർഷത്തേക്ക് ചന്ദ്രയാൻ -2 ഓർബിറ്റർ നിലനിൽക്കുമെന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചന്ദ്രനുചുറ്റും ബഹിരാകാശ പേടകത്തിന്റെ ഭ്രമണപഥത്തിൽ മാറ്റങ്ങൾ വരുത്താൻ ബഹിരാകാശ ഏജൻസിയെ നിർബന്ധിച്ചാൽ പദ്ധതിയിൽ മാറ്റം വരാം.

 

അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ഓർബിറ്ററിന്റെ ഭ്രമണപഥം കൂട്ടാനോ കുറയ്ക്കാനോ ഇസ്രോ നിർബന്ധിതനാകുകയാണെങ്കിൽ അത് ഓർബിറ്ററിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിക്കേണ്ടിവരും. ഇത് പേടകത്തിന്റെ ആയുസ്സ് കുറയ്ക്കും. ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഓർബിറ്റർ. വിവിധ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന മൊത്തം എട്ട് പേലോഡുകളാണ് ഇത് വഹിക്കുന്നത്.

 

ചന്ദ്രന്റെ ഉപരിതല മാപ്പിങ്, മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനൊപ്പം ചന്ദ്ര അന്തരീക്ഷം പഠിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രയാൻ -2 ഓർബിറ്റർ നടത്തുന്ന ഏറ്റവും ഉയർന്ന പരീക്ഷണം ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ നിലവിലുള്ള ഐസ്ഡ് വെള്ളത്തിന്റെ അളവ് കണക്കാക്കലായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com