sections
MORE

ചന്ദ്രയാൻ ലാൻഡറുമായി ബന്ധപ്പെടാൻ നാസ ശ്രമം തുടങ്ങി, പ്രതീക്ഷയോടെ ഇസ്രോ ഗവേഷകർ

chandrayaan-2-nasa
SHARE

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള അവസാന ശ്രമങ്ങൾ നടക്കുകയാണ്. ഇസ്രോയ്ക്ക് പുറമെ നാസയും ലാൻഡറെ ബന്ധപ്പെടാനുള്ള ശ്രമം തുടങ്ങി. സെപ്റ്റംബർ 7 മുതൽ ചന്ദ്രോപരിതലത്തിൽ ചലനരഹിതമായി കിടക്കുന്ന ലാൻഡറെ ബന്ധപ്പെടാനുളള എല്ലാം മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. 

ഇതിന്റെ ഭാഗമായാണ് നാസയും ചന്ദ്രനിലെ ഇന്ത്യൻ ലാൻഡറുമായി ബന്ധിപ്പിക്കുന്നതിന് സന്ദേശങ്ങൾ അയക്കുന്നത്. ലാൻ‌ഡറുമായി ഒരു കോൺ‌ടാക്റ്റ് സ്ഥാപിക്കുന്നതിനായി നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറി വിക്രമിലേക്ക് റേഡിയോ സിഗ്നലുകൾ കൈമാറുന്നുണ്ട്. നാസ/ജെപി‌എലിന്റെ ഇസ്രോയുമായുള്ള കരാർ പ്രകാരം വിക്രമിനെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് (ഡി‌എസ്‌എൻ) വഴി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്.

വിക്രമിനെ പുനരുജ്ജീവിപ്പിക്കാനുള്ള ദിവസങ്ങൾ കുറഞ്ഞുവരികയാണ്. ലാൻ‌ഡറിനു‌ സൂര്യനുമായി സമ്പർക്കം പുലർത്താനുള്ള സമയം സെപ്റ്റംബർ 21നു അവസാനിക്കും. ഇതിനുശേഷം ലാൻഡറിലെ സോളാർ പാനലിന് ഊർജ്ജം പകരാൻ കഴിയില്ല.

കാലിഫോർണിയയിലെ നാസയുടെ ഡി‌എസ്‌എൻ സ്റ്റേഷനിൽ നിന്ന് ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് മറ്റൊരു ജ്യോതിശാസ്ത്രജ്ഞൻ സ്കോട്ട് ടില്ലിയും വെളിപ്പെടുത്തി. 2005 ൽ നഷ്ടപ്പെട്ട അമേരിക്കയുടെ ചാര ഉപഗ്രഹമായ ഇമേജ് കണ്ടെത്തിയതിലൂടെ പ്രശസ്തി നേടിയ വിദഗ്ധനാണ് ടില്ലി. 

ലാൻ‌ഡറിലേക്ക് സിഗ്നൽ അയയ്‌ക്കുമ്പോൾ ചന്ദ്രൻ ഒരു റേഡിയോ റിഫ്ലക്ടറായി പ്രവർത്തിക്കുകയും ആ സിഗ്നലിന്റെ ഒരു ചെറിയ ഭാഗം തിരികെ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. 8,00,000 കിലോമീറ്റർ ചുറ്റിക്കറങ്ങിയതിനു ശേഷമാണ് ഈ സിഗ്നലുകൾ ഭൂമിയിൽ എത്തുന്നത്. വിക്രം ലാൻ‌ഡറിനെ ബന്ധപ്പെടാൻ കഴിഞ്ഞ രണ്ടു ദിവസമായി നാസയുടെ ഡി‌എസ്‌എൻ 24 സിഗ്നൽ അയയ്‌ക്കുന്നുണ്ട്. നാസയുടെ മറ്റു ഡി‌എസ്‌എൻ‌ സ്റ്റേഷനുകളും ഇതുതന്നെ ചെയ്‌തിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെന്നാണ് ടില്ലി പറഞ്ഞത്.

നാസയുടെ ജെ‌പി‌എല്ലിന് മൂന്നു ഡി‌എസ്‌എൻ ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്. ഗോൾഡ്സ്റ്റോൺ, സൗത്ത് കാലിഫോർണിയ (യുഎസ്), മാഡ്രിഡ് (സ്പെയിൻ), കാൻ‌ബെറ (ഓസ്‌ട്രേലിയ) എന്നിവയാണത്. ബഹിരാകാശത്തെ ഏത് ഉപഗ്രഹത്തെയും കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്ന് സ്റ്റേഷനുകൾ ഭൂമിയിൽ 120 ഡിഗ്രി അകലെയാണ് സ്ഥിതി ചെയ്യുന്നത്.

moon-lander

അതായത് എല്ലാ സമയത്തും കുറഞ്ഞത് ഒരു സ്റ്റേഷനുമായി ആശയവിനിമയം നടത്താൻ ഉപഗ്രഹങ്ങൾക്ക് സാധിക്കും. ഓരോ സൈറ്റിലും കുറഞ്ഞത് നാല് വലിയ ആന്റിനകൾ അടങ്ങിയിരിക്കുന്നു. നിരവധി ബഹിരാകാശ പേടകങ്ങളുമായി നിരന്തരമായ റേഡിയോ ആശയവിനിമയം നൽകാൻ കഴിവുള്ളതാണ് ഈ സംവിധാനങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA