sections
MORE

അമേരിക്കൻ തടവറയിൽ അന്യഗ്രഹജീവികൾ; കാണാനെത്തിയ 2 യുവാക്കള്‍ അറസ്റ്റില്‍

area-51-alien
SHARE

അമേരിക്ക അന്യഗ്രഹ ജീവികളെ തടവിലിട്ടിരിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന നെവാഡയിലെ സൈനികത്താവളമായ 'ഏരിയ 51' കാണാനെത്തിയ 2 ഡച്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏരിയ 51ലേക്കു കടന്നു കയറാം ('Storm Area 51') എന്ന ഫെയ്‌സ്ബുക് ക്യാംപയിന്റെ ഭാഗമായാണ് യുവാക്കള്‍ എത്തിയത്. 'നമുക്ക് അന്യഗ്രഹ ജീവികളെ കാണാം. അവരെ സ്വതന്ത്രരാക്കാം.' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഈ ഫെയ്‌സ്ബുക് കൂട്ടായ്മ ഉയര്‍ത്തുന്നത്. ശരിക്കുള്ള കടന്നു കയറ്റം ആസൂത്രണം ചെയ്തിരിക്കുന്നത് സെപ്റ്റംബര്‍ 20നാണ്. ആ ദിവസം തങ്ങള്‍ക്ക് തലവേദനയാകുമെന്നു തന്നെയാണ് അമേരിക്കന്‍ നിയമപാലകര്‍ കരുതുന്നത്.

ഗൂഢാലോചനാ വാദികള്‍ (conspiracy theorists) പറയുന്നത് ഏരിയ 51 പ്രദേശത്ത് അമേരിക്ക അന്യഗ്രഹ ജീവികളെയും യുഎഫ്ഒ (UFO) കളെയും സൂക്ഷിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ ഈ പ്രദേശം 2013 മുതല്‍ ഔദ്യോഗികമായി ഒരു അമേരിക്കന്‍ സൈനിക കേന്ദ്രമായാണ് അറിയപ്പെടുന്നത്. പക്ഷേ, ഈ പ്രദേശം രഹസ്യാത്മകതയ്ക്ക് പേരു കേട്ടതാണ്. നേരത്തെ മുതല്‍ നിഗൂഢമായ എന്തോ ഇവിടെ സംഭവിക്കുന്നതായി ഒരു കൂട്ടം ആളുകള്‍ വിശ്വസിച്ചു പോന്നിരുന്നു. എന്നാല്‍ ഇവിടെയായിരുന്നു റഷ്യയ്‌ക്കെതിരെയുള്ള ശീതയുദ്ധ സമയത്ത് വളരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങള്‍ വരെ ടെസ്റ്റു ചെയ്തിരുന്നത് എന്നതാണ് രഹസ്യാത്മകത കാത്തു സൂക്ഷിക്കാനുണ്ടായ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

സ്‌റ്റോം ഏരിയ 51

മാറ്റി റോബട്‌സ് എന്നയാളാണ് ഇക്കഴിഞ്ഞ ജൂണില്‍ സ്‌റ്റോം ഏരിയ 51 എന്ന ഫെയ്‌സ്ബുക് ഗ്രൂപ് തുടങ്ങിയത്. തമാശയായി തുടങ്ങിയ ഈ ഗ്രൂപ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വൈറലാകുകയായിരുന്നു. നിയമ പ്രശ്‌നമായി തീര്‍ന്നതോടെ അമേരിക്കന്‍ പൊലീസ് ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ മാറ്റി താന്‍ തമാശയ്ക്കു തുടങ്ങിയ ഒരു ക്യാംപയിൻ ആയിരുന്നു ഇതെന്നും അതു തന്റെ കൈവിട്ടു പോയെന്നും ഏറ്റുപറഞ്ഞിരുന്നു. 

area-51-us-army

ഡച്ച് യുവാക്കള്‍

കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത് ഹോളണ്ടില്‍ നിന്നുള്ള ടൈസ് ഗ്രാന്‍സിയര്‍ (20), ഗോവെര്‍ട്ട് ചാള്‍സ് വില്‍ഹെല്‍മുസ് (21) എന്നീ യുട്യൂബര്‍മാരെയാണ്. അവര്‍ പ്രവേശനമില്ല എന്നെഴുതി വച്ചിരിക്കുന്നിടത്തേക്ക് കടന്നുകയറുകയും തങ്ങളുടെ കാര്‍ പാര്‍ക്കു ചെയ്യുകയും ചെയ്തിരുന്നു. കാറില്‍ നിന്ന് ഒരു ഡ്രോണും ക്യാമറയും ലാപ്‌ടോപ്പും അധികൃതര്‍ പിടിച്ചെടുത്തു. ഇതില്‍ റെക്കോഡു ചെയ്ത ഈ പ്രദേശത്തിനുള്ളില്‍ ഷൂട്ടു ചെയ്ത വിഡിയോയും ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ഇംഗ്ലിഷ് വായിക്കാനും സംസാരിക്കാനും അറിയാമെന്നും കടന്നു കയറരുതെന്ന് എഴുതി വച്ചിരുന്ന ബോര്‍ഡ് കണ്ടിരുന്നുവെന്നും യുട്യൂബര്‍ര്‍ പൊലീസിനോടു സമ്മതിച്ചു. ഗ്രാന്‍സിയറിന് 735,000, വില്‍ഹെല്‍മുസിന് 300,000ലേറെയും യുട്യൂബ് സബ്‌സ്‌ക്രൈബര്‍മാരാണ് ഉള്ളത്. കടന്നു കയറ്റത്തിന് അവരെ കാത്തിരിക്കുന്നത് ആറു മാസം തടവും 500 ഡോളര്‍ പിഴയുമായിരിക്കും. 

എന്നാല്‍, സെപ്റ്റംബര്‍ 20 ഒരു തലവേദന തന്നെയായിരിക്കുമെന്ന് പൊലീസിന് ഇപ്പോഴെ ബോധ്യമായി തുടങ്ങിയിരിക്കുകയാണ്. ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തിച്ചേരുമെന്നു തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്.

area-51-event

അന്യഗ്രഹ ജീവികള്‍ ഉണ്ടോ?

കോണ്‍സ്പിറസി സിദ്ധാന്തക്കാര്‍ പറയുന്നതു പോലെ പിടിച്ചെടുക്കാവുന്ന അന്യഗ്രഹ ജീവികള്‍ ഹോളിവുഡ് സിനിമകളിലേ കാണൂ എന്നാണ് ശാസ്ത്ര സമൂഹം വിശ്വസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തേടുന്ന ചൈനയുടെ പടുകൂറ്റന്‍ ടെലിസ്‌കോപ് 100 നിഗൂഢമായ റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇവ 300 കോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറത്തു നിന്ന് എത്തിയവയായണെന്നാണ് വിശ്വാസം. ഈ സിഗ്നലുകള്‍ ഫാസ്റ്റ് റേഡിയോ ബേസ്റ്റസ് (Fast Radio Bursts (FRBs) എന്നാണ് അറിയപ്പെടുന്നത്. ടിയാന്യന്‍ എന്നറിയപ്പെടുന്ന അപേര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലസ്‌കോപ് ആണ് സിഗ്നലുകള്‍ പിടിച്ചെടുത്തത്. ഇതിന് 30 ബെയ്‌സ്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പമാണുള്ളത്. പുതിയ സിഗ്നലുകളെക്കുറിച്ച് പഠിക്കാന്‍ ചൈനയുടെയും അമേരിക്കയുടെയും ശാസ്ത്രജ്ഞര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. സിഗ്നലുകള്‍ ഡികോഡ്ചെയ്തു കഴിയുമ്പോള്‍ മാത്രമെ ഇവയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ. എന്തായാലും അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കഥകള്‍ക്ക് ഇതോടെ പുതുജീവന്‍ വന്നിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA