ADVERTISEMENT

ചന്ദ്രയാൻ 2ന്റെ വിക്രം ലാൻഡറിന് അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. ചന്ദ്രോപരിതലത്തിൽ നിന്നു ഏകദേശം 400 മീറ്റർ അകലെ വച്ചു ലാൻഡറുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടു. പിന്നീട് ഇസ്രോ, നാസ ഗവേഷകർ ലാൻഡറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിക്രം ചന്ദ്രോപരിതലത്തിൽ ക്രാഷ് ലാൻഡിങ് നടത്തിയതായും ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നുമാണ് അറിയുന്നത്. അതേസമയം, വിക്രം ലാൻഡറിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണായക ദിവസമാണ്. ഇന്നാണ് നാസയുടെ ഓർബിറ്റർ ലാൻഡറിനു മുകളിലൂടെ സഞ്ചരിക്കുന്നത്. ലാൻഡർ ലാൻഡ് ചെയ്തിരിക്കുന്ന സ്ഥലത്തിന്റെ കൃത്യമായ ചിത്രങ്ങൾ നാസ ഓർബിറ്റർ പകർത്തുമെന്നാണ് കരുതുന്നത്.

 

ലാൻഡറിന്റെ ലക്ഷ്യസ്ഥാനമായ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഓർബിറ്റർ ഉപയോഗിച്ച് കൂടുതല്‍ പരിശോധനകൾ നടത്തുമെന്നാണ് നാസ വക്താവ് പറഞ്ഞത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു മുകളിലൂടെ പറക്കുന്ന നാസയുടെ ലൂണാർ നിരീക്ഷണ ഓർബിറ്ററാണു പരിശോധനകൾ നടത്തുക. ഇത് വിക്രം ലാൻഡറിനെ സംബന്ധിച്ച വിവരങ്ങൾക്കു കൂടുതൽ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

 

വിക്രം ഇറങ്ങുന്നതിനു മുൻപും ശേഷവുമുള്ള ചന്ദ്രോപരിതല ചിത്രങ്ങളാണ് നാസ പുറത്തുവിടുക. നിലവിൽ ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശവാഹനമായ നാസയുടെ ഓർബിറ്റർ ലാൻഡറിന്റെ ലാൻഡിങ് സൈറ്റിന് മുകളിലൂടെ ‌പറക്കും. ലാൻഡിറിന് എന്തു സംഭവിച്ചുവെന്ന വിശകലനത്തിന് ഇസ്രോയെ സഹായിക്കാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചേക്കും.

 

വിക്രമിന്റെ സ്ഥാനം ചന്ദ്രയാൻ ഓർബിറ്റർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചന്ദ്രയാൻ 2 ഓർബിറ്ററിന്റെ ഓൺ‌ബോർഡ് ക്യാമറകളാണ് സ്ഥാനം കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. നാശനഷ്ടത്തിന്റെ കാര്യങ്ങൾ ഇപ്പോൾ അജ്ഞാതമാണെന്നാണ് ഇസ്രോ മേധാവി കെ. ശിവൻ പറഞ്ഞത്. എന്നിരുന്നാലും ലാൻ‌ഡർ‌ വിഘടിച്ചിട്ടില്ലെന്നും ഇപ്പോഴും ഒരൊറ്റ ഭാഗമായാണ് കാണുന്നതെന്നും ചന്ദ്രോപരിതലത്തിൽ‌ ചരിഞ്ഞു കിടക്കുകയുമാണെന്ന് കണ്ടെത്തിയിരുന്നു.

 

ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനായി ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിങ്, കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) ടീം പ്രവർത്തിക്കുന്നുണ്ട്. വിക്രം ലാൻഡറിന്റെ സ്ഥാനവും നിലയുമായി ബന്ധപ്പെട്ട എല്ലാം ഞങ്ങൾ ട്രാക്കുചെയ്യുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com