ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള അവസാന ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ മൂന്നു ദിവസം കൂടി കഴിഞ്ഞാൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ കാര്യങ്ങൾ മാറിമറിയും. 14 ദിവസങ്ങൾക്ക് ശേഷം ദക്ഷിണ ധ്രുവം ഇരുട്ടിലേക്ക് മാറുമ്പോൾ വിക്രം ലാൻഡറുമായി അവസാന സാധ്യതയും മങ്ങും. ചന്ദ്രനിലെ 3 മണിക്കൂർ ഭൂമിയിലെ ഏകദേശം മൂന്നു ദിവസമാണ്.

ഇപ്പോൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകലാണ്. മൂന്നു ദിവസം കൂടി കഴിഞ്ഞാൽ ഇരുട്ടാകും. ഇതോടെ വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള ഇസ്രോയുടെ പ്രതീക്ഷയും ഇരുട്ടിലാകും. കാരണം മണിക്കൂറുകൾ കഴിഞ്ഞാൽ വിക്രം ലാൻഡറിനെ ഇരുട്ടിൽ നഷ്ടപ്പെടും. പിന്നീടുളള ദിവസങ്ങളിൽ വിക്രം ലാൻഡറിന്റെ ചിത്രം പോലും എടുക്കാൻ സാധിച്ചേക്കില്ല. ഇസ്രോയ്ക്ക് മാത്രമല്ല, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഉൾപ്പെടെ ലോകത്തെ മറ്റൊരു ബഹിരാകാശ ഏജൻസിക്കും വിക്രം ലാൻഡറിന്റെ ചിത്രമെടുക്കാൻ കഴിയില്ല. ഇത് മാത്രമല്ല, 14 ദിവസത്തെ അപകടകരമായ രാത്രിയിൽ വിക്രം ലാൻഡറിനു സുരക്ഷിതമായിരിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും.

വിക്രം ലാൻഡർ ഇപ്പോൾ നിൽക്കുന്ന ചന്ദ്രന്റെ ഭാഗത്ത് സൂര്യപ്രകാശം ഉണ്ടാകില്ല. താപനില മൈനസ് 183 ഡിഗ്രി സെൽഷ്യസിലേക്ക് പോകാം. ഈ താപനിലയിൽ വിക്രം ലാൻഡറിന്റെ ഇലക്ട്രോണിക് ഭാഗങ്ങൾക്ക് സ്വയം നിലനിൽക്കാൻ കഴിയില്ല. വിക്രം ലാൻഡറിൽ റേഡിയോ ഐസോടോപ്പ് ഹീറ്റർ യൂണിറ്റ് സ്ഥാപിച്ചിരുന്നുവെങ്കിൽ അതിന് സ്വയം രക്ഷിക്കാമായിരുന്നു. കാരണം ഈ സംവിധാനത്തിന്റെ സഹായത്തോടെ കൊടുംതണുപ്പിൽ നിന്നും ലാൻഡറെ സംരക്ഷിക്കാനാകും. അതായത്, ഇപ്പോൾ വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള എല്ലാ പ്രതീക്ഷകളും അവസാനിച്ചതായാണ് തോന്നുന്നത്.

സെപ്റ്റംബർ 20-21 ന് ശേഷം വിക്രം ലാൻഡറുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും പൊതുജനങ്ങൾക്കായി പുറത്തുവിടാൻ കഴിയുമെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ വിക്രം ലാൻഡറുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും എന്ന് പുറത്തുവിടുമെന്ന് ഇസ്രോ കൃത്യമായി പറഞ്ഞിട്ടില്ല. ഞങ്ങൾ എല്ലാ വിവരങ്ങളും ജനങ്ങളോട് പറയുമെന്നും അത് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുമെന്നും ഇസ്രോ വക്താവ് അറിയിച്ചിട്ടുണ്ട്. ഞങ്ങളോടൊപ്പം നിന്നതിന് എല്ലാവർക്കും നന്ദി എന്ന് സെപ്റ്റംബർ 17 ന് ഇസ്രോ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞങ്ങൾ തുടരും എന്നാണ് പറഞ്ഞത്. അതായത് ഇപ്പോൾ വിക്രം ലാൻഡറിന്റെ കാര്യത്തിൽ പ്രതീക്ഷയുടെ ഒരു കിരണം പോലും ശേഷിക്കുന്നില്ലെന്ന് ഈ സന്ദേശത്തിൽ നിന്ന് അനുമാനിക്കാം.

സെപ്റ്റംബർ 7 ന് പുലർച്ചെ 1.50 ഓടെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വീണു. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ പതിച്ച സമയം അവിടെ രാവിലെ ആയിരുന്നു. അതായത് സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കാൻ തുടങ്ങിയ സമയം. ചന്ദ്രനിലെ ഒരു പകൽ ഭൂമിയുടെ 14 ദിവസത്തിനു തുല്യമാണ്. സെപ്റ്റംബർ 20 അല്ലെങ്കിൽ 21 ന് ചന്ദ്രനിൽ രാത്രിയാകും. 14 ദിവസം ജോലി ചെയ്യാൻ ദൗത്യം ഏറ്റെടുത്ത വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും തങ്ങളുടെ മിഷൻ സമയം ഇതോടെ പൂർത്തിയാക്കും. ഇന്ന് സെപ്റ്റംബർ 18 ആണ്. അതായത് സെപ്റ്റംബർ 20-21 രാത്രിയിൽ (ചന്ദ്രനിൽ ഏകദേശം 3 മണിക്കൂർ മുൻപ്) ലാൻഡർ മറയും. ചന്ദ്രനിൽ വൈകുന്നേരം. ഭൂമിയിലെ കലണ്ടറിൽ സെപ്റ്റംബർ 20, 21 തീയതികൾ ആയിരിക്കുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു മുകളിൽ ഇരുട്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com