ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ന്റെ വിക്രം ലാൻഡർ കണ്ടെത്താനുള്ള പ്രതീക്ഷകൾ മങ്ങി. ഇനി ഭാഗ്യമുണ്ടെങ്കിൽ മാത്രമാണ് വീണ്ടും കണ്ടെത്താൻ സാധിക്കുക. കഴിഞ്ഞ ദിവസം അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ പേടകം വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സമയം വൈകിയതിനാൽ വിക്രം ലാൻഡറിന്റെ ലൊക്കേഷൻ പകർത്താൻ കഴിഞ്ഞില്ലെന്നാണ് നാസ ഗവേഷകർ പറഞ്ഞത്.

 

വിക്രം ലാൻഡറെ കണ്ടെത്താനുളള അവസാന പ്രതീക്ഷയായിരുന്നു നാസയുടെ പേടകം. ‘ബമ്മർ’ എന്ന് പലരും വിശേഷിപ്പിക്കുന്ന, നിലവിൽ ചന്ദ്രനെ പരിക്രമണം ചെയ്യുന്ന നാസ പേടകം ദക്ഷിണധ്രുവ പ്രദേശത്തിനടുത്തുള്ള വിക്രം ലാൻഡറിനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 7 മുതൽ ഭൂമിയുമായി സമ്പർക്കം നഷ്ടപ്പെട്ട ലാൻഡർ ഇനി ഇരുട്ടിലേക്ക് മറയും.

 

ലാൻ‌ഡറിനെ കണ്ടെത്താനുള്ള നാസയുടെ ശ്രമം പരാജയപ്പെടാൻ പ്രധാന കാരണം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇരുൾ മൂടിത്തുടങ്ങിയതാണ്. ഏവിയേഷൻ വീക്കിന്റെ റിപ്പോർട്ടിൽ ചന്ദ്ര റീകണൈസൻസ് ഓർബിറ്ററിന്റെ ക്യാമറ ഉപകരണം (എൽ‌ആർ‌സി) കഴിഞ്ഞ ദിവസം ആസൂത്രണം ചെയ്തതുപോലെ ലാൻഡറിന്റെ ലാൻഡിങ് സൈറ്റ് ചിത്രീകരിച്ചു. എന്നാൽ പ്രദേശത്തെ നീണ്ട നിഴലുകൾ വിക്രം ലാൻഡറെ മറയ്ക്കുന്നുണ്ടാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

എൽ‌ആർ‌ഒ ഫ്ലൈഓവർ സെപ്റ്റംബർ 17 നാണ് ലാൻഡിങ് സൈറ്റിന്റെ ചിത്രം പകർത്തിയത്. ഈ സമയത്ത് പ്രദേശത്തെ വെളിച്ചക്കുറവും നിയലുകൾ നിറഞ്ഞതിനാലും വ്യക്തമായ ചിത്രങ്ങൾ പകർത്താനായില്ല. ലാൻഡിങ് സൈറ്റ് നിലവിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സന്ധ്യയിലേക്ക് മാറുന്നതിനാൽ ഗർത്തങ്ങളുടെ അരികുകൾക്കുള്ളിലും സമീപത്തും പരന്ന പ്രതലങ്ങൾ നിഴലുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ ലാൻഡറെ കണ്ടെത്താൻ കഴിഞ്ഞില്ല.

 

നാസയുടെ നയമനുസരിച്ച് എല്ലാ എൽ‌ആർ‌ഒ ഡേറ്റയും പൊതുവായി ലഭ്യമാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ വിശകലനത്തെ പിന്തുണയ്ക്കുന്നതിനായി ലക്ഷ്യമിട്ട ചന്ദ്രയാൻ 2 വിക്രം ലാൻഡർ ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള പ്രദേശത്തിന്റെ മുൻപും ശേഷവുമുള്ള ഫ്ലൈഓവർ ചിത്രങ്ങൾ നാസ പങ്കിടുമെന്ന് എൽ‌ആർ‌സി ലീഡ് ഇൻവെസ്റ്റിഗേറ്റർ മാർക്ക് റോബിൻസൺ അരിസോണ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com