ADVERTISEMENT

സാങ്കേതിക വിദ്യക്കൊപ്പം ഉയര്‍ന്ന ചെലവാണ് മനുഷ്യന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കും അന്യഗ്രഹ യാത്രകള്‍ക്കും എപ്പോഴും വിലങ്ങു തടിയായിട്ടുള്ളത്. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തേക്ക് ഒരു ബഹിരാകാശ ലിഫ്റ്റ് സ്ഥാപിച്ച് ഇത്തരം യാത്രകളുടെ ചിലവ് കുറക്കുകയെന്നത് വര്‍ഷങ്ങളായി പ്രചാരത്തിലുള്ള ആശയമാണ്. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് ഇത്തരമൊരു ലിഫ്റ്റ് യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് കൊളംബിയന്‍ സര്‍വകലാശാലയിലേയും കേംബ്രിഡ്ജിലേയും ഗവേഷകരുടെ അവകാശവാദം. 

 

ഹോളിവുഡ് സിനിമകളേയും നോവലുകളേയും വെല്ലുന്ന ആശയമാണ് ബഹിരാകാശ ലിഫ്റ്റ് എന്നത്. ഭൂമിയില്‍ നിന്നും സ്ഥാപിക്കുന്ന ഈ ലിഫ്റ്റ് വഴി ഭൂമിയുടെ ആകര്‍ഷണ വലയത്തിന് പുറത്തേക്ക് എളുപ്പത്തിലും താരതമ്യേന ചിലവ് കുറവിലും കടക്കാനാകുമെന്നതാണ് ആശയം. സ്‌പേസ് ലൈന്‍ എന്നാണ് തങ്ങളുടെ സ്വപ്‌ന ബഹിരാകാശ എലവേറ്ററിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. 

 

ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് സ്ഥിരമായി ഇത്തരമൊരു ലിഫ്റ്റ് നിര്‍മിക്കാമെന്നാണ് ഇവരുടെ വാദം. ഭൂമിയിലെ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് ട്രെയിനില്‍ പോകുന്നതു പോലെ ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് സ്‌പേസ് ലൈന്‍ വഴി യാത്ര ചെയ്യാനാകും! ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ റോക്കറ്റുകളുടെയൊന്നും സഹായമില്ലാതെ മനുഷ്യര്‍ക്ക് ചാന്ദ്ര യാത്രസാധ്യമാകുമെന്നാണ് വാദം. 

 

നിര്‍മാണം പൂര്‍ത്തിയായാല്‍ സൗരോര്‍ജമോ സമാനമായ ഇന്ധനങ്ങളോ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് ബഹിരാകാശ യാത്രകളുടെ ചെലവ് വലിയ തോതില്‍ കുറക്കും. അതുകൊണ്ടുതന്നെ സ്‌പേസ് ലൈന്‍ മനുഷ്യന്റെ അന്യഗ്രഹ സ്വപ്‌നങ്ങളിലേക്കുള്ള ഒരു വാതിലായി മാറുമെന്നാണ് ഗവേഷകരുടെ വാദം. 

 

കേബിള്‍ വഴിയായിരിക്കും സ്‌പേസ് ലൈന്‍ ഭൂമിയേയും ചന്ദ്രനേയും ബന്ധിക്കുക. ഇത് ഘട്ടം ഘട്ടമായിട്ടാണ് നിര്‍മിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഏതെങ്കിലും ഭാഗത്തെ പ്രശ്‌നങ്ങള്‍ സ്‌പേസ് ലൈനെ പൂര്‍ണ്ണമായും തകര്‍ക്കാതിരിക്കുന്നതിനാണിത്. 

റെയില്‍വേക്ക് സമാനമായ രീതിയില്‍ ഏതെങ്കിലും ഭാഗത്ത് തടസമോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ആ ഭാഗത്തെ മാത്രമേ ബാധിക്കൂ. അവിടെ മാത്രമായി അറ്റകുറ്റപണി നടത്തി ബന്ധം പുനഃസ്ഥാപിക്കാനുമാകും. നിലവില്‍ സ്‌പേസ് ലൈന്‍ എന്നത് ആശയം മാത്രമാണെങ്കിലും വൈകാതെ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com