sections
MORE

ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ വിചിത്ര ഫോട്ടോകൾ പകർത്തി ചൈനീസ് ചാന്ദ്ര റോവര്‍

yutu
SHARE

ചൈനയുടെ യുറ്റു-2 റോവര്‍ (YUTU -2) ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ കൂടുതൽ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചു. ഒരു ചെറിയ ഗർത്തത്തിൽ കണ്ടെത്തിയ ‘നിറമുള്ള നിഗൂഢ പദാർഥ’ ത്തിന്റെ കൂടുതൽ ചിത്രങ്ങൾ ചൈന പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിൽ പുറത്തുവന്ന ചിത്രങ്ങൾ ശാസ്ത്ര സമൂഹത്തെ ഏറെ ആകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്

യുറ്റു-2 റോവർ പ്രവർത്തിപ്പിക്കുന്ന ചൈനയുടെ ചാങ് -4 മിഷന് പിന്നിലുള്ള ടീം ആണ് അസാധാരണമായ ‘ജെൽ പോലുള്ള’ വസ്തുക്കളുടെ ചിത്രങ്ങൾ പുറം ലോകത്തെ കാണിച്ചത്. ചുറ്റുമുള്ള ചാന്ദ്ര മണ്ണിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ കാഴ്ചകൾ. ജൂലൈയ്ക്ക് ശേഷം ഓഗസ്റ്റിൽ ചിത്രങ്ങൾ വീണ്ടും പകർത്തിയിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല.

അസാധാരണമായ പദാർഥത്തിന്റെ ഉറവിടമായ രണ്ട് മീറ്റർ വീതിയുള്ള ഗർത്തത്തെ ശ്രദ്ധാപൂർവ്വം സമീപിക്കുന്നതിനിടയിലാണ് ഏറ്റവും പുതിയ ചിത്രങ്ങൾ റോവറിന്റെ ക്യാമറയിൽ പതിഞ്ഞത്. ചിത്രമെടുക്കാൻ ഉപയോഗിച്ച ഉപകരണത്തിന്റെ ഫലമായാണ് ചിത്രത്തിലെ ചുവപ്പും പച്ചയും നിറങ്ങൾ കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

ചന്ദ്രനിലെ ഗർത്തത്തിന്റെ അടിയിൽ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെൽ’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തുവായാണ് മിക്കവരും ഇതിനെ കാണുന്നത്. എന്നാല്‍ കണ്ടെത്തിയ വസ്തു എന്താണെന്ന് ചൈനീസ് ശാസ്ത്രജ്ഞർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുറത്തുനിന്നുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണ പ്രകാരം ഗർത്തമുണ്ടായപ്പോൾ സംഭവിച്ച ചൂടിൽ രൂപംകൊണ്ട ഗ്ലാസാണ് ഇതെന്നാണ് നിഗമനം.

രണ്ടാഴ്ചത്തെ ചാന്ദ്ര ദിനം ആരംഭിച്ച് മൂന്ന് ദിവസത്തിനു ശേഷം ബെയ്ജിങ് എയ്‌റോസ്‌പേസ് കൺട്രോൾ സെന്റർ റോവറിന്റെ പ്രവർത്തനം നിർത്താറുണ്ട്. റോവറിന്റെ പ്രവർത്തനം നിർത്താനിരിക്കുന്ന സമയത്താണ് തിളങ്ങുന്ന വസ്തു ആദ്യം (ജൂലൈയിൽ) ശ്രദ്ധയിൽപെട്ടത്. ശക്തമായ സൂര്യതാപത്തിൽ നിന്ന് രക്ഷതേടാനാണ് ഇടക്ക് റോവറിന്റെ പ്രവർത്തനം നിർത്തുന്നത്. എന്നാൽ യൂറ്റു -2 പകർത്തിയ ചിത്രം പരിശോധിക്കുന്നതിനിടെ ഗർത്തത്തിൽ അസാധാരണമായ എന്തോ ഒന്ന് ടീം അംഗം യു ടിയാനി ശ്രദ്ധിച്ചു. ഇതോടെ ഗവേഷകർ റോവറിനെ കുറച്ചുകൂടി പ്രവർത്തിപ്പിച്ചു. മികച്ച കാഴ്ചയ്ക്കായി റോവറിനെ ഗർത്തത്തിലേക്ക് സഞ്ചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ചകൾക്ക് ശേഷമാണ് പുതിയ ചിത്രങ്ങൾ പുറത്തുവിടുന്നത്.

moon-land

കണ്ടെത്തിയ വസ്തു ചന്ദ്രനിൽ നിന്ന് നേരത്തെ ലഭിച്ചിട്ടുള്ള വസ്തുക്കളിൽ നിന്ന് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ചൈനീസ് ഗവേഷകർ പറഞ്ഞത്. ആകൃതി, നിറം, ഘടന എന്നിവയിൽ എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ സംഭവത്തിന്റെ വിശദമായ റിപ്പോർട്ടോ ചിത്രങ്ങളോ ചൈന പുറത്തുവിട്ടിട്ടില്ല. ജനുവരി 2ന് ചന്ദ്രന്റെ വിദൂര ഭാഗത്ത് ലാൻഡ് ചെയ്തതിനു ശേഷം ഇതുവരെ യുറ്റു -2 ഏകദേശം 285 മീറ്റർ സഞ്ചരിച്ചു. ചൈനീസ് ദൗത്യം സെപ്റ്റംബർ 5 ന് ഒൻപതാം ചാന്ദ്രദിനം പൂർത്തിയാക്കി. പത്താം ചന്ദ്ര ദിനം സെപ്റ്റംബർ 22 ന് ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA