sections
MORE

ലാൻഡറെ തകർത്തത് അഞ്ചാമത്തെ എൻജിൻ ? അവസാന നിമിഷം സംഭവിച്ചത് വൻ മാറ്റങ്ങൾ

chandrayaan-2
SHARE

സാങ്കേതികവിദ്യ ലളിതമാക്കുക, സാധ്യമായ പരമാവധി തലത്തിലേക്ക് സിമുലേഷൻ (പരീക്ഷണങ്ങൾ) നടത്തിയതിനു ശേഷം മാത്രം മിഷൻ നടത്തുക എന്നതാണ് ചന്ദ്രയാൻ ലാൻഡർ വിക്രമിന്റെ ക്രാഷ് ലാൻഡിങ്ങിൽ നിന്നുള്ള ചില പഠനങ്ങളെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) മുൻ ഉദ്യോഗസ്ഥർ ഐഎഎൻഎസിനോടു പറഞ്ഞു.

ബഹിരാകാശ സാങ്കേതികവിദ്യ തന്നെ സങ്കീർണ്ണമാണ്. ലാൻ‌ഡർ വിക്രമിനു സംഭവിച്ചതുപോലെ അതിൽ‌ കൂടുതൽ‌ സങ്കീർ‌ണതകൾ‌ ചേർ‌ക്കരുത്. ഉദാഹരണത്തിന് ഏകീകൃതമായി പ്രവർ‌ത്തിക്കാൻ‌ കഴിയുന്ന നാല് ത്രോട്ടിൽ‌ എൻജിനുകൾ‌ സാങ്കേതികമായി വലിയ വെല്ലുവിളിയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അഞ്ചാമത്തെ എൻജിൻ കൂടി ഉൾപ്പെടുത്തിയതെന്ന് പേരു വെളിപ്പെടുത്താതെ ഐ‌എ‌എൻ‌എസിനോട് സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞത്.

സെപ്റ്റംബർ 7 ന് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയും ഇടിച്ചിറങ്ങുകയും ചെയ്തു. ഇതോടെ ആശയവിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടു. ജി‌എസ്‌എൽ‌വി-എം‌കെ മൂന്നാമൻ (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റ് ഈ ദൗത്യത്തിനായി ലഭ്യമാണെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ബഹിരാകാശ പേടകം രൂപകൽപന ചെയ്യുന്നത് ശക്തമായ സിംഗിൾ എൻജിനാക്കാമായിരുന്നു. അഞ്ച് എൻജിനുകൾ ഒഴിവാക്കാമായിരുന്നു.

ഇത്തരത്തിലുള്ള ഒരു ചാന്ദ്ര ലാൻഡറിന് 3,500 ന്യൂട്ടൺ (എൻ) എൻജിൻ ഉണ്ടായിരിക്കണം. ഏകോപിച്ച് പ്രവർത്തിക്കുന്ന നാല് ത്രോട്ടിൽ ചെയ്യാവുന്ന എൻജിനുകൾ കൈകാര്യം ചെയ്യുന്നതിലെ സങ്കീർണ്ണത ഇത് ഇല്ലാതാക്കുമായിരുന്നു. മറ്റ് രാജ്യങ്ങളുടെ പേടകങ്ങൾ ചന്ദ്രനിൽ ഇറങ്ങുന്നതിന് ശക്തമായ സിംഗിൾ എൻജിൻ ആണ് ഉപയോഗിച്ചിരുന്നത്. ചാന്ദ്ര ഉപരിതലത്തിൽ ടച്ച്ഡൗൺ ചെയ്യുന്നതിന് മുൻപ് സിംഗിൾ എൻജിൻ ഛേദിക്കപ്പെടുകയും ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുകയും ചെയ്യുമായിരുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മിഷൻ പ്രൊഫൈൽ യഥാർഥ പ്ലാനിൽ നിന്ന് മാറ്റങ്ങൾക്ക് വിധേയമായി എന്നാണ്. രണ്ട് ടൺ ഭാരം വഹിക്കാൻ കഴിയുന്ന ജിഎസ്എൽവി-എംകെ II ഉപയോഗിച്ച് ചന്ദ്രയാൻ -2 ബഹിരാകാശ പേടകവും ലാൻഡറിനൊപ്പം വിക്ഷേപിക്കാനായിരുന്നു പദ്ധതി എന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷമാണ് ലാൻഡറിന്റെ മധ്യഭാഗത്തുള്ള അഞ്ചാമത്തെ എൻജിൻ ചേർത്തതെന്നാണ് അറിയുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നുള്ള പൊടിപടലങ്ങൾ മുകളിലേക്ക് പറക്കുന്നത് തടയുന്നതിനും ലാൻഡറിനു പ്രശ്നങ്ങളൊന്നും നേരിടാതിരിക്കാനുമാണ് അഞ്ചാമത്തെ എൻജിൻ ഘടിപ്പിച്ചത്.

ഇത് ബഹിരാകാശ പേടകത്തിന്റെ ഭാരം വർധിപ്പിക്കുകയും ജി‌എസ്‌എൽ‌വി-എം‌കെ II വഹിക്കാൻ കഴിയാതെ വരികയും ചെയ്തു. ഇതോടെ കൂടുതൽ ഭാരം താങ്ങാൻ ശേഷിയുള്ള ജി‌എസ്‌എൽ‌വി-എം‌കെ III ഉപയോഗിച്ച് ചന്ദ്രയാൻ -2 വിക്ഷേപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

chandrayaan-2-lander

ത്രോട്ടിൽ ചെയ്യാവുന്ന നാല് എൻജിനുകളും ആദ്യം സ്വിച്ച് ഓഫ് ചെയ്ത് ലാൻഡറിനെ പതുക്കെ താഴേക്ക് വീഴാൻ അനുവദിക്കുക എന്നതായിരുന്നു യഥാർഥ ആശയം. 10 മീറ്റർ ഉയരത്തിൽ നിന്ന് സെക്കൻഡിൽ 2 മീറ്റർ എന്ന നിലയിൽ ലാൻഡറിനെ താഴേക്കിറങ്ങാൻ അനുവദിക്കുകയായിരുന്നു ഉദ്ദേശ്യം.

അഞ്ചാമത്തെ എൻജിൻ അവതരിപ്പിച്ചതിനുശേഷം ഒരു സോഫ്റ്റ്‌വയർ മാറ്റം സംഭവിച്ചു. ഇത് അവസാന നിമിഷം എത്രത്തോളം പരീക്ഷിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രോ വിവിധ കാര്യങ്ങളും സാഹചര്യങ്ങളും കൈയിലുള്ള ഡേറ്റയുമായി ഒത്തുനേക്കേണ്ടതുണ്ട്. ചെയ്യാത്ത നടപടികളും അവ അനുമാനിച്ച ഫലങ്ങളും എന്താണെന്നും ഇത് പരിശോധിക്കുകയും അനുകരിക്കുകയും വേണമെന്നും വിരമിച്ച ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വിക്ഷേപണത്തിന് മുൻപുള്ള ഏതെങ്കിലും സിമുലേഷൻ അവഗണിച്ചിട്ടുണ്ടോ അല്ലെങ്കിൽ അറിയപ്പെടുന്ന ഏതെങ്കിലും വ്യതിയാനം ഒഴിവാക്കിയോ എന്ന് ഇസ്രോ പരിശോധിക്കേണ്ടതുണ്ട്. വിവിധ പരാജയ മോഡുകൾ എത്രത്തോളം അനുകരിച്ചുവെന്നും ഇസ്രോ പരിശോധിക്കണം. ഇസ്രോ ഈ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതുണ്ട്. ഒരു നിഗമനത്തിലെത്താൻ ഗണ്യമായ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശ വിദഗ്ധർ ഐ‌എ‌എൻ‌എസിനോട് പറഞ്ഞത് സാധാരണഗതിയിൽ ഒരു ഉപഗ്രഹത്തിൽ നിന്നുള്ള ഡേറ്റാ നഷ്ടം അർഥമാക്കുന്നത് അത് പെട്ടെന്ന് അതിന്റെ ഉയരത്തിൽ മാറ്റം വരുത്തി എന്നാണ്. ആശയവിനിമയ ലിങ്ക് നഷ്‌ടപ്പെടുന്നത് അർഥമാക്കുന്നത് ടാർഗറ്റ് / ഉപഗ്രഹം കാര്യമായി വ്യതിചലിച്ചുവെന്നാണ്.

അവരുടെ അഭിപ്രായത്തിൽ, തെറ്റായ ഇൻ‌പുട്ട് ലാൻ‌ഡറിലേക്ക് ലോഡുചെയ്‌തതുകൊണ്ടും ആശയവിനിമയ ലിങ്ക് നഷ്‌ടപ്പെടാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിക്രമുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുന്നത് പെട്ടെന്നുള്ള പ്രശ്നങ്ങൾ മൂലമാകാം. ഇത് എൻജിൻ പ്രൊപ്പൽ‌ഷൻ അല്ലെങ്കിൽ തെറ്റായ ഡേറ്റ ഇൻ‌പുട്ട് രൂപത്തിലാകാമെന്നും വിദഗ്ധർ പറഞ്ഞു.

മണിക്കൂറിൽ 7 കിലോമീറ്റർ വേഗത്തിൽ നാല് തൂണുകളിൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനാണ് വിക്രം രൂപകൽപന ചെയ്തത്. എന്നാൽ അവസാനത്തെ ചില സങ്കീർണതകൾ കാരണം വിക്രം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നേരത്തെ പ്രതീക്ഷിച്ചതിലും നിരവധി മടങ്ങ് വേഗത്തിലാണ് സഞ്ചരിച്ചത്.

വിക്രമിന്റെ പരമാവധി ടോളറൻസ് ലാൻഡിങ് ലെവൽ സെക്കൻഡിൽ 5 മീറ്ററായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ ലാൻഡിങ് വേഗം വളരെ ഉയർന്നതാണെന്ന് തോന്നുന്നുവെന്നും മുൻ ഇസ്രോ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിക്രമിന് നേരിടേണ്ടി വന്നേക്കാവുന്ന അസാധാരണമായ ചില അവസ്ഥകൾ ദൗത്യത്തിന് മുൻപായി അനുകരിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. അവസാന നിമിഷങ്ങളിൽ വേഗം വർധിപ്പിക്കുന്നത് പോലെ അത് വെട്ടിക്കുറയ്ക്കാനുമുള്ള സംവിധാനം പരീക്ഷിച്ച് ഉറപ്പുവരുത്തേണ്ടതായിരുന്നു.

chandrayaan-2-launch

സാധാരണയായി ഒരു ഉപഗ്രഹം ഭ്രമണപഥം മാറ്റുമ്പോൾ പ്രശ്നമുണ്ടാകുമ്പോൾ ഓൺബോർഡ് മോട്ടോറുകളുടെ ഫയറിങ് നിർത്തുകയും അടുത്ത ദിവസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. വിക്രം ലാൻഡിങ്ങിന്റെ കാര്യത്തിൽ പിടിച്ചുനിർത്താനാവാത്ത പോയിന്റ് എന്തായിരുന്നു? ലാൻഡറിന്റെ ഇറക്കം നിർത്താനോ മാറ്റാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വിക്രമിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് പ്ലാൻ ബി ഉണ്ടായിരിക്കണമെന്നും അത് സജീവമാക്കിയിട്ടുണ്ടോ എന്നും അറിയില്ല.

ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് ഈ ദൗത്യത്തിൽ നിന്ന് വിവിധ എൻജിനീയറിങ് ഡേറ്റ ലഭിക്കുമായിരുന്നു, ഇത് ഭാവിയിലെ പ്രവർത്തനത്തിന് ഉപയോഗപ്രദമാകും. ജൂലൈ 22 നാണ് 978 കോടി രൂപയുടെ ചന്ദ്രയാൻ -2 ബഹിരാകാശത്തേക്ക് ജിഎസ്എൽവി-എംകെ മൂന്നാമൻ പതിവു ശൈലിയിൽ വിക്ഷേപിച്ചത്.

Chandrayaan-trajectory

ഓർബിറ്റർ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകൾ), 'വിക്രം' (1,471 കിലോഗ്രാം, നാല് പേലോഡുകൾ), 'പ്രജ്ഞാൻ' (27 കിലോഗ്രാം, രണ്ട് പേലോഡുകൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാൻ -2 ബഹിരാകാശ പേടകം. ഭൂമിക്കു ചുറ്റുമുള്ള അഞ്ച് ഭ്രമണപഥങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് ശേഷം ചന്ദ്രയാൻ -2 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിച്ചു. സെപ്റ്റംബർ 2 ന് വിക്രം ഭ്രമണപഥത്തിൽ നിന്ന് വേർപിരിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA