ചന്ദ്രയാന്‍–2 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ വിക്രമുമായി ബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇസ്രോ അടുത്ത മിഷനുള്ള തയാറെടുപ്പിലാണ്. നിലവിൽ ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങൾ നീങ്ങിയാൽ 2021 ഡിസംബറിൽ മൂന്നു ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് തിരിക്കും. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് ഗഗന്യാൻ.
ഭുവനേശ്വറിലെ ഐഐടി വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രോ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ദൗത്യത്തിന് കീഴിലുള്ള ആളില്ലാ വിമാനം 2021 ഡിസംബറോടെ വിക്ഷേപിക്കും. ആദ്യത്തെ ഇന്ത്യക്കാരനെ സ്വന്തം റോക്കറ്റിൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ഇസ്രോ അതിനായി പ്രവർത്തിക്കുന്നു എന്നാണ് ശിവൻ പറഞ്ഞത്.
ഗഗന്യാൻ ദൗത്യം മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) - എംകെ -111 റോക്കറ്റാണ് ഉപയോഗിക്കുക. ജൂലൈ 22 ന് ചന്ദ്രയാൻ -2 വിക്ഷേപണത്തിന് ഉപയോഗിച്ച് റോക്കറ്റ് തന്നെയാണ് ഗഗന്യാൻ ദൗത്യത്തിനും ഉപയോഗിക്കുക.
10,000 കോടി രൂപ ചിലവിലാണ് മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുക. ഗഗന്യാൻ പദ്ധതിക്ക് നേരത്തെ തന്നെ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതോടെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം.
1982ൽ ഇന്ത്യൻ വ്യോമസേന പൈലറ്റായിരുന്ന രാകേഷ് ശർമയെ സോവിയറ്റ് യൂണിയന്റെ പങ്കാളിത്തതോടെയാണ് ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ചത്. എന്നാൽ ഗഗൻയാനിൽ ഐഎസ്ആർഒ തനിച്ചാകും ഇന്ത്യക്കാരെ അയക്കുക.