ADVERTISEMENT

നിലവിലുള്ള സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ ശ്രമിച്ചാല്‍ 10,000 വര്‍ഷം വേണ്ടിവരുന്ന കംപ്യൂട്ടിങ് 200 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന കംപ്യൂട്ടറുകള്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ വികസിപ്പിച്ചതായി വാര്‍ത്തകള്‍. നിലവിലെ ഗൂഗിള്‍ക്ലൗഡ് സേര്‍വറുകള്‍ ഉപയോഗിച്ചു ചെയ്യാന്‍ ശ്രമിച്ചാല്‍ 50 ട്രില്ല്യന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന പ്രവൃത്തികള്‍ മുപ്പതു സെക്കന്‍ഡു കൊണ്ടു പൂര്‍ത്തിയാക്കാനും പുതിയ കംപ്യൂട്ടറിനു ശേഷിയുണ്ടത്രെ. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ മേഖലയില്‍ കമ്പനി നടത്തിവന്നിരുന്ന ഗവേഷണം വിജയകരമായി എന്നും ഇനി കമ്പനിയുടെ മേല്‍ക്കോയ്മയുടെ നാളുകളായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

നാസയുടെ വെബ്‌സൈറ്റിലാണ് ഈ അവകാശവാദം ആദ്യം പ്രസിദ്ധീകരിച്ചത്. ഗൂഗിളും നാസയും ഈ മേഖലയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കുറച്ചുസമയത്തിനു ശേഷം എടുത്തു മാറ്റി. നാസ ഇത് അപ്രതീക്ഷിതമായി പ്രസിദ്ധീകരിച്ചു പോയതാണെന്നും കുറച്ചു പരീക്ഷണങ്ങള്‍ കൂടെ നടത്താനുണ്ടെന്നുമാണ് ഗൂഗിളില്‍ നിന്നു ലഭിച്ച പ്രതികരണം.

 

സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ കംപ്യൂട്ടിങ്ങിലെ വലിയൊരു നാഴികക്കല്ലായിരിക്കും പുതിയ കംപ്യൂട്ടര്‍. ഞെട്ടിക്കുന്ന മാറ്റങ്ങളായിരിക്കും ഇതു കൊണ്ടുവരിക. ഗൂഗിളിന് ഇതോടെ 'ക്വാണ്ടം മേല്‍ക്കോയ്മ' കൈവരിക്കുമെന്നാണ് വാദം. ക്വാണ്ടം കംപ്യൂട്ടിങ് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന കംപ്യൂട്ടങ് ശാഖയാണ്. എന്നാല്‍ ഇവയുടെ കരുത്തിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഇത്രകാലം തെളിയിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, അതു വന്നു കഴിഞ്ഞാല്‍ ഇത്രകാലം മനസിലാക്കാന്‍ സാധ്യമല്ലാതെ മാറ്റിവച്ചിരുന്ന നിരവധി ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായേക്കും. ഗൂഗിള്‍ ഈ നേട്ടം കൈവരിച്ചിരിക്കാമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. പുതിയ കംപ്യൂട്ടറിന് അതികഠിനമായ കംപ്യൂട്ടിങ് സമസ്യകള്‍ നല്‍കി അതിന്റെ ശക്തി യാഥാർഥ്യമാണെന്ന് ഒന്നു കൂടി ഉറപ്പിക്കാന്‍ വേണ്ടിയാണ് ഔദ്യോഗിക പ്രഖ്യാപനം മാറ്റിവച്ചിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

ഗൂഗിളിന്റെ ഗവേഷകര്‍ പറയുന്നത് ക്വാണ്ടം കരുത്ത് ഭൗതികമായ രഹസ്യ നിയമങ്ങള്‍കൊണ്ട് തടഞ്ഞു നിർത്താനാവില്ല. അവയെ നമുക്ക് ഉപയോഗിക്കാവുന്ന തരം കംപ്യൂട്ടറുകളാക്കാമെന്നാണ് അവരുടെ വാദം. അതിവേഗം ഇവ വളരുമെന്നും അവര്‍ പറയുന്നു. പരമ്പരാഗത കംപ്യൂട്ടറുകള്‍ അവയുടെ ശേഷി ഓരോ രണ്ടു വര്‍ഷവും ഇരട്ടിക്കുമെന്നു പറയുന്ന മൂര്‍സ് ലോ, ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ കാര്യത്തില്‍ ബാധകം പോലുമാകില്ല.

 

ഗൂഗിളിന്റെ ക്വാണ്ടം കംപ്യൂട്ടറിന്റെ പേര് സിക്കമോര്‍ (Sycamore) എന്നാണ്. ഇതിന്റെ ശക്തി 53-ക്വുബിറ്റ്‌സ് (qubits) അഥവാ, ക്വാണ്ടം ബിറ്റ്‌സ് ആണെന്നാണ് പറയുന്നത്. ഇതിനു മുൻപ് ഗൂഗിള്‍ നിര്‍മിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് ബ്രിസിള്‍കോണ്‍ എന്ന പേരില്‍ ഒരു 72-ബിറ്റ് കംപ്യൂട്ടറായിരുന്നു. എന്നാല്‍ അത്ര കടന്നു പോകണ്ടെന്നു തീരുമാനിച്ച് 53 ബിറ്റിലേക്ക് കുറയ്ക്കുകയായിരുന്നുവത്രെ. തങ്ങള്‍ക്ക് അറിയാവുന്നിടത്തോളം മറ്റൊരു കംപ്യൂട്ടറും ഇത്ര ശേഷിയുള്ളതായി ഇല്ലെന്നും ഗൂഗിൾ എൻജിനീയര്‍മാര്‍ പറഞ്ഞു.

 

പുതിയ കംപ്യൂട്ടിങ് കുതിരയുടെ കരുത്തില്‍ കുതിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍, ഐബിഎം, ഇന്റല്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ മുതല്‍ റിഗെറ്റി കംപ്യൂട്ടങ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ വരെ. വരും വര്‍ഷങ്ങള്‍ ഇത്രകാലം സാധ്യമല്ലാതിരുന്ന വിവിധ കംപ്യൂട്ടിങ് വിസ്മയങ്ങൾ സൃഷ്ടിക്കാന്‍ പര്യാപ്തമാണ് പുതിയ ടെക്‌നോളജി എന്നാണ് വിലയിരുത്തല്‍. മരുന്നുകള്‍, ചെടികള്‍ക്കും മറ്റുമുള്ള വളങ്ങള്‍, ബാറ്ററികള്‍ തുടങ്ങിയവ മുതല്‍ അല്‍ഗോറിതം ഓപ്റ്റിമൈസേഷന്‍, മാത്തമറ്റിക്കല്‍ മോഡലിങ് എന്നിവയില്‍ വരെ മാറ്റം പ്രതിഫലിച്ചേക്കും.

 

എന്നാല്‍, ഇതേപ്പറ്റി അമിതാവേശം കാണിക്കരുതെന്നാണ് മറ്റൊരു കൂട്ടം ഗവേഷകര്‍ പറയുന്നത്. വളരെ ചെറിയ കാലത്തിനുള്ളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കണമെന്നില്ലെന്നും പ്രായോഗിക തലത്തില്‍ ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുമോ എന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്നുമാണ് അവര്‍ പറയുന്നത്. ഐബിഎം ഗവേഷണ വിഭാഗം തലവന്‍ പോലും ഇതിനെ വിശേഷിപ്പിക്കുന്നത് ഒരു 'ലാബ് പരീക്ഷണം' എന്നാണ്. അല്ലാതെ അതൊരു പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നത്. ക്വാണ്ടം കംപ്യൂട്ടറുകള്‍, പരമ്പരാഗത കംപ്യൂട്ടറുകള്‍ക്കുമേല്‍ ഒരിക്കലും ആധിപത്യം സ്ഥാപക്കില്ല. മറിച്ച് ഇരു വിഭാഗവും ഒരുമിച്ചു നീങ്ങുന്ന കാഴ്ചയാണ് കാണാൻ പോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഇരുപക്ഷത്തും പകരം വയ്ക്കാനാകാത്ത ശക്തികളുണ്ടെന്നും അദ്ദേഹം പറയുന്നു.

 

ഇന്റല്‍ ലാബിന്റെ ഡയറക്ടറും അമിതാവേശം പരത്താതെയാണ് പ്രതികരിച്ചത്. ശ്രദ്ധേയമായ ഒരു നാഴികക്കല്ല് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് പ്രായോഗിക തലത്തില്‍ എത്തിക്കണമെങ്കില്‍ ധാരാളം ഗവേഷണം ആവശ്യമുണ്ടെന്നാണ് അദ്ദഹം പറയുന്നത്. ഗവേഷണം ഇപ്പോള്‍ മാരത്തോണ്‍ ഓട്ടത്തില്‍ ഒരു മൈല്‍ പിന്നിട്ടതു പോലെയാണ് താന്‍ ഈ നേട്ടത്തെ കാണുന്നതെന്നാണ് ആദ്ദഹം പറയുന്നത്. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ സാധ്യത അപാരമാണ് എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

എന്നാല്‍, അടുത്ത കാലത്തു തന്നെ വന്‍ മാറ്റം കൊണ്ടുവരാമെന്ന കാര്യത്തില്‍ പ്രതീക്ഷയുള്ളവരാണ് ഗൂഗിള്‍ എൻജിനീയര്‍മാരെന്നാണ് പറയുന്നത്. കംപ്യൂട്ടേഷണല്‍ കരുത്തിനു മേല്‍ വീണു കിടക്കുന്ന വിലങ്ങെടുത്തു മാറ്റല്‍ താമസിയാതെ സംഭവിക്കുമെന്നാണ് അവരുടെ പക്ഷം. സമീപ ഭാവിയില്‍ തന്നെ ഇത് സംഭവിക്കും. തങ്ങള്‍ ഒരു 'ക്രീയേറ്റീവ് അല്‍ഗോറിതം' കൂടെ സൃഷ്ടിച്ചാല്‍ അതു നടക്കുമെന്നാണ് അവര്‍ ആവേശം കൊള്ളുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com