ADVERTISEMENT

2024 ഓടെ ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയക്കാനുള്ള യുഎസ് ബഹിരാകാശ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. എന്നാൽ ചന്ദ്രനല്ല ആത്യന്തിക ലക്ഷ്യം ചൊവ്വയാണെന്നും ട്രംപ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

 

എന്നാൽ ചന്ദ്രനിപ്പോൾ അത്ര കാര്യമാക്കുന്നില്ലെന്നും ചൊവ്വയെ ചന്ദ്രനേക്കാൾ ആവേശകരമായ ലക്ഷ്യമായി കാണുന്നുവെന്നും ട്രംപ് പറഞ്ഞു. ഞങ്ങൾ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങള്‍ നിർത്തുകയാണ്. ചന്ദ്രൻ യഥാർഥത്തിൽ ഒരു ലോഞ്ചിങ് പാഡാണ്. അതുകൊണ്ടാണ് ഞങ്ങളിപ്പോൾ ചന്ദ്രനിൽ നിൽക്കുന്നതെന്നും ഇനിയും ചന്ദ്രനിലേക്ക് പോകുന്നതിൽ ത്രില്ലില്ലെന്നും ട്രംപ് പറഞ്ഞു ബഹിരാകാശയാത്രികരെ 2024 ൽ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ പദ്ധതിക്ക് മാർച്ചിൽ മൈക്ക് പെൻസ് അനാച്ഛാദനം ചെയ്തിരുന്നു.

 

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതി വേഗത്തിലാക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. 2028ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നാസയുടെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കുന്നതായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇതോടെയാണ് 2024 ൽ തന്നെ ദൗത്യം നടത്താൻ നിര്‍ദ്ദേശം വന്നത്.

 

2024ല്‍ ചന്ദ്രനിലെ ദക്ഷിണാര്‍ധ ഗോളത്തില്‍ മനുഷ്യനെ ഇറക്കണമെന്ന് പ്രസിഡന്റ് ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്രംപിനുവേണ്ടി പെന്‍സ് പറഞ്ഞത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചാന്ദ്ര ദൗത്യം അതിവേഗത്തിലാക്കുന്നതായിരുന്നു പെന്‍സിന്റെ ഈ പ്രഖ്യാപനം.

 

സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റിനെയും ഒറിയോണ്‍ ബഹിരാകാശ ക്യാപ്‌സ്യൂളിനേയും അടിസ്ഥാനമാക്കിയുള്ളതാണ് നാസയുടെ ചാന്ദ്ര ദൗത്യ പദ്ധതികള്‍. എസ്എല്‍എസ് റോക്കറ്റിന്റെ നിര്‍മാണഘട്ടങ്ങള്‍ പലപ്പോഴും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ നാസക്ക് കഴിയാതിരുന്നത് പദ്ധതി വീണ്ടും വൈകിപ്പിച്ചു. ചന്ദ്രനിലേക്ക് ആളില്ലാ ദൗത്യം അയക്കാനായി ഇപ്പോഴും എസ്എല്‍എസ് റോക്കറ്റ് പ്രാപ്തമായിട്ടില്ലെന്ന് അടുത്തിടെയാണ് നാസ ഏറ്റുപറഞ്ഞത്. 

 

ഇത്തരത്തിലുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ചാന്ദ്ര ദൗത്യം എത്രയും പെട്ടെന്ന് നടക്കണമെന്ന നിലപാട് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. ബഹിരാകാശത്തെ അമേരിക്കയുടെ മേല്‍ക്കൈ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് മൈക്ക് പെന്‍സ് വ്യക്തമാക്കി. ഇരുപതാം നൂറ്റാണ്ടില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി അമേരിക്ക നേടിയ മേല്‍ക്കൈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിച്ച് അമേരിക്ക തുടരണമെന്നാണ് ട്രംപിനുവേണ്ടി മൈക്ക് പെന്‍സ് ആവശ്യപ്പെട്ടത്. 

 

എങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്നത് നാസയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. എസ്എല്‍എസ് റോക്കറ്റിന് പകരം മറ്റേതെങ്കിലും റോക്കറ്റ് ഉപയോഗിക്കുക സാധ്യമാണോയെന്നതാണ് ചാന്ദ്ര ദൗത്യത്തിന്റെ വേഗം കൂട്ടാനുള്ള ഒരു മാര്‍ഗം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവിയും യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ ഡെല്‍റ്റ IVമാണ് ഇതിനായി എന്തെങ്കിലും സാധ്യതയെങ്കിലുമുള്ള റോക്കറ്റുകള്‍. 

 

നാസയുടെ ഒറിയോണ്‍ പര്യവേഷണ വാഹനത്തേയും യൂറോപ്യന്‍ സര്‍വ്വീസ് മോഡ്യൂളിനേയും ഒരുമിച്ച് ബഹിരാകാശത്തെത്തിക്കാന്‍ ശേഷിയുള്ള ഒരൊറ്റ റോക്കറ്റും നിലവിലില്ല എന്നതാണ് വസ്തുത. ഒറിയോണിനെയും ഇഎസ്എമ്മിനേയും ബഹിരാകാശത്തെത്തിക്കുന്നതിനും തുടര്‍ന്ന് ചന്ദ്രനിലേക്ക് നയിക്കുന്നതിനും രണ്ട് കൂറ്റന്‍ റോക്കറ്റുകളുടെ സഹായം വേണ്ടിവരും.

 

റോക്കറ്റിന്റെ വെല്ലുവിളി മാത്രമല്ല നിരവധി പരീക്ഷണ പറക്കലുകള്‍ക്കും ആളില്ലാ ചൊവ്വാ ദൗത്യത്തിനും ശേഷമേ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെടാന്‍ നാസക്കാവൂ. വെല്ലുവിളികള്‍ക്ക് മുന്നില്‍ മടിച്ചു നില്‍ക്കുന്നവരല്ല നാസയിലെ ഗവേഷകരെന്നും വൈസ് പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ മനുഷ്യരാല്‍ ആകും വിധം ശ്രമിക്കുമെന്നുമാണ് നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com